SignIn
Kerala Kaumudi Online
Tuesday, 19 May 2026 10.39 AM IST

112-ാം വയസിലും വോട്ട് ചെയ്തു വെള്ളമ്മ

vellamma
വോട്ട് രേഖപ്പെടുത്തിയ ശേഷം വെള്ളമ്മ ഉദ്യോഗസ്ഥർക്കൊപ്പം.

വടക്കഞ്ചേരി: ജനാധിപത്യബോധത്തിന്റെ മികച്ച ഉദാഹരണമായി 112-ാം വയസിലും വോട്ട് ചെയ്ത് ആയക്കാട് ചല്ലിത്തറ സ്വദേശിനി വെള്ളമ്മ. ഭർത്താവ് കൃഷ്ണൻ മരണപ്പെട്ട വെള്ളമ്മയ്ക്ക് നാല് മക്കളുണ്ട്. മൂന്ന് പെൺമക്കൾ വിവാഹിതരായി മാറി താമസിക്കുമ്പോൾ മകൻ ചന്ദ്രൻ മരിച്ചതിനെ തുടർന്ന് മരുമകൾ രുഗ്മിണിയുടെയും പേരക്കുട്ടി അനൂപിന്റെയും കൂടെയാണ് ഇപ്പോൾ താമസം. പ്രായാധിക്യം മറികടന്ന് സ്വയംപര്യാപ്തമായ ജീവിതമാണ് വെള്ളമ്മ നയിക്കുന്നത്. ദിവസവും ഏകദേശം ഒരു കിലോമീറ്റർ നടന്ന് പരിചയക്കാരെ സന്ദർശിക്കുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുന്നത് പതിവാണ്. ആരുടെയും സഹായമില്ലാതെ പാചകം ചെയ്യുകയും വസ്ത്രങ്ങൾ കഴുകുകയും ചെയ്ത് ചിട്ടയായ ജീവിതമാണ് നയിക്കുന്നത്. വോട്ട് രേഖപ്പെടുത്തുന്നതിനായി ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോൾ വെള്ളമ്മ റോഡിലായിരുന്നു. അവിടെ നിന്ന് വീട്ടിലേക്ക് എത്തിച്ച ശേഷം വോട്ട് രേഖപ്പെടുത്തി. വോട്ടിന്റെ പ്രാധാന്യത്തെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് അവർ എടുത്ത ബോധവത്കരണ ക്ലാസ് കൗതുകമായി. പ്രായം വെല്ലുവിളിയായിട്ടും ജനാധിപത്യ ഉത്തരവാദിത്വം മറക്കാത്ത വെള്ളമ്മ സമൂഹത്തിനാകെ പ്രചോദനമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മൈക്രോ ഒബ്സർവർ പി.എം.ധന്യ, പോളിംഗ് ഓഫീസർ പി.പി.മുഹമ്മദ് കോയ, പോളിംഗ് അസിസ്റ്റന്റ് ബേസിൽ പി.സാലു, പൊലീസ് ഓഫീസർ അജിത്, ബി.എൽ.ഒ വി.കോമളം എന്നിവരാണ് വോട്ടെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL