SignIn
Kerala Kaumudi Online
Tuesday, 28 July 2026 10.47 AM IST

വാളയാർ റെയിൽവേ സ്റ്റേഷന്റെ മുഖഛായ മാറുന്നു

ticket-office
വാളയാർ റെയിൽവേ സ്‌റ്റേഷനിൽ ടിക്കറ്റ് ഓഫീസ് ആക്കി നവീകരിക്കുന്ന കെട്ടിടം.

വാളയാർ: കേരള-തമിഴ്നാട് അതിർത്തിയിലെ പ്രധാന റെയിൽവേ സ്റ്റേഷനായ വാളയാർ സ്റ്റേഷന്റെ മുഖഛായ മാറുന്നു. കാലങ്ങളായുള്ള പരാതികൾക്ക് പരിഹാരമായി നിർമ്മാണ പ്രവർത്തനങ്ങൾ തകൃതിയായി നടക്കുകയാണ്. ഒന്നാം പ്ലാറ്റ്‌ഫോമിൽ നിന്ന് രണ്ടാം പ്ലാറ്റ്‌ഫോമിലേക്ക് നിലവിൽ റെയിൽ ട്രാക്ക് ക്രോസ് ചെയ്ത് നടന്ന് കയറണമായിരുന്നു. ഈ സ്ഥിതിക്ക് മാറ്റം വരുത്തി മേൽപ്പാലം നിർമ്മാണം പൂർത്തീകരിച്ച് കഴിഞ്ഞു. വെള്ളം എത്തിക്കാനുള്ള പൈപ്പ് ലൈനുകൾ, ലൈറ്റുകൾ എന്നിവ സ്ഥാപിച്ച് കഴിഞ്ഞു. ലെവൽക്രോസ് റോഡ് വഴി റെയിൽവേ സ്റ്റേഷനിലേക്കുള്ള പ്രധാന പാതയുടെ നിർമ്മാണ പ്രവർത്തനവും തുടങ്ങി. ഈ റോഡിന് ഇരു വശവും ലൈറ്റുകൾ സ്ഥാപിക്കാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. നിലവിൽ ടിക്കറ്റ് ഓഫീസ്, പ്ലാറ്റ്‌ഫോമിനോട് ചേർന്നാണ് കിടക്കുന്നത്. സ്ഥല പരിമിതി ഇവിടെ വലിയൊരു പ്രശ്നമാണ്. ഇതിന് പരിഹാരമായി പുറത്ത് ഒഴിഞ്ഞ് കിടക്കുന്ന കെട്ടിടം ടിക്കറ്റ് ഓഫീസ് ആക്കി മാറ്റാനുള്ള നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
ദേശീയ പാതയിൽ നിന്ന് നേരിട്ട് റെയിൽവേ സ്റ്റേഷനിലേക്ക് റോഡ് നിർമ്മിക്കാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിന് വനം വകുപ്പിന്റെ അനുമതി ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ്. കഞ്ചിക്കോട് വ്യവസായ മേഖലയിൽ നൂറു കണക്കിന് ഇതര സംസ്ഥാന തൊഴിലാളികൾ ജോലിയെടുക്കുന്നതിനാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നിത്യേന നിരവധി യാത്രക്കാർ വന്നു പോകുന്ന സ്റ്റേഷനാണിത്. ഇത് പരിഗണിച്ചാണ് റെയിൽവേ മന്ത്രാലയം സ്റ്റേഷൻ നവീകരിക്കുന്നത്.
ദേശീയ പാതയിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡ് നിർമ്മാണത്തിന് വനം വകുപ്പിൽ നിന്നും അനുമതി നേടിയെടുക്കുന്നതിന് നാട്ടുകാർ രംഗത്തിറങ്ങിയിട്ടുണ്ട്. റെയിൽവേ മന്ത്രാലയത്തിനും വി.കെ. ശ്രീകണ്ഠൻ എം.പി ക്കും പരാതി നൽകുന്നതിനായി പൊതുപ്രവർത്തകരായ അബ്ദുൾ റസാഖ്, കാജാ വാളയാർ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ ഒപ്പ് ശേഖരണം ആരംഭിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, WALAYAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL