SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.52 AM IST

അന്യസംസ്ഥാന തൊഴിലാളികൾ മടങ്ങി; താളംതെറ്റി നിർമ്മാണ, ഹോട്ടൽ മേഖലകൾ

പാലക്കാട്: തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം, നിയമസഭാ തിരഞ്ഞെടുപ്പ് തുടങ്ങിയവ കാരണം അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങുന്നു. ബംഗാൾ, അസം, തമിഴ്നാട് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനാണു തൊഴിലാളികൾ നാട്ടിലേക്കു പോകുന്നത്. എസ്‌.ഐ.ആർ ഏറ്റവും ബാധിച്ചത് ബംഗാളിൽ നിന്നുള്ള തൊഴിലാളികളെയാണ്. നാട്ടിലില്ലാത്തവരുടെ പേരുകൾ വോട്ടർപട്ടികയിൽ നിന്ന് നീക്കംചെയ്യാൻ രാഷ്ട്രീയ പാർട്ടികൾ പരാതി നൽകിയിട്ടുണ്ട്. മിക്ക തൊഴിലാളികൾക്കും എസ്‌.ഐ.ആർ നോട്ടിസ് ലഭിച്ചിട്ടുണ്ട്. വോട്ടർപട്ടികയിൽ നിന്നു പേരു നഷ്ടപ്പെട്ടാൽ പൗരത്വം ഇല്ലാതാകുമെന്ന ഭയവും ഇപ്പോഴത്തെ തിരിച്ചുപോക്കിനു പ്രധാന കാരണമാണ്. ബംഗാളിൽ ഒന്നാംഘട്ട വോട്ടെടുപ്പ് 23നും രണ്ടാംഘട്ടം 29നുമാണ്. തമിഴ്നാട്ടിലും 23ന് ആണ് തിരഞ്ഞെടുപ്പ്.

പാലക്കാട് ജില്ലയിൽ അന്യസംസ്ഥാന തൊഴിലാളികൾ കൂടുതൽ ജോലി ചെയ്യുന്നത് കഞ്ചിക്കോട് വ്യവസായ മേഖലയിലും ഹോട്ടൽ, നിർമ്മാണ മേഖലകളിലുമാണ്. ഇവരുടെ മടക്കത്തോടെ വീട്, കടകൾ, കലുങ്ക്, പാലം റോഡ് തുടങ്ങിയ നിർമ്മാണ പ്രവർത്തനങ്ങളും ഹോട്ടലുകളുടെ പ്രവർത്തനങ്ങളും താളംതെറ്റിയ അവസ്ഥയിലാണ്. കൂലിപ്പണിക്കും ആളെ കിട്ടാനില്ലാത്ത സ്ഥിതിയായി. ജില്ലയിൽ എത്ര അന്യസംസ്ഥാന തൊഴിലാളികൾ ഉണ്ടെന്നു തൊഴിൽവകുപ്പിനും കൃത്യമായ കണക്കില്ല. 25000ൽ താഴെ പേർ മാത്രമാണ് ലേബർ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ, ഇതിന്റെ നാലിരട്ടി തൊഴിലാളികൾ ഏജന്റുമാരുടെ കീഴിൽ ഉണ്ടെന്നാണു വിവരം. അസമിൽ കേരളത്തോടൊപ്പം കഴിഞ്ഞ 9ന് ആയിരുന്നു തിരഞ്ഞെടുപ്പ്. ഇതിനു പോയവർ തിരിച്ചെത്തിയിട്ടില്ല. അന്യസംസ്ഥാനക്കാർ മടങ്ങിയത് ഹോട്ടൽ മേഖലയ്ക്ക് വൻ തിരിച്ചടിയായിട്ടുണ്ട്. ഹോട്ടലുകളിൽ ഭക്ഷണം പാകം ചെയ്യുന്നത് മുതൽ ശുചീകരണ ജോലികൾ വരെ ചെയ്യുന്നത് ഭൂരിഭാഗവും അന്യസംസ്ഥാനക്കാരാണ്. ഇവർ കൂട്ടത്തോടെ മടങ്ങിയതോടെ പല ഹോട്ടലുകളും അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന് ഉടമകൾ പറയുന്നു.


 ട്രെയിനിലും ഇടമില്ല

നാട്ടിലേക്ക് പോകാനായി യാത്രതിരിച്ച ഇതര സംസ്ഥാന തൊഴിലാളികൾ ട്രെയിനുകളിൽ ടിക്കറ്റ് ലഭിക്കാതെ വലയുന്നു. തമിഴ്നാട്, ആന്ധ്ര, ഒഡിഷ, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് പോകേണ്ട തൊഴിലാളികളാണ് ടിക്കറ്റ് ലഭിക്കാതെ ബുദ്ധിമുട്ടിലായത്. വിഷു കഴിഞ്ഞ് അന്യസംസ്ഥാനങ്ങളിലെ ജോലി സ്ഥലത്തേക്ക് മടങ്ങുന്ന മലയാളികളുടെ തിരക്കുള്ളതും പ്രതിസന്ധിക്ക് കാരണമാണ്. ഇതിനു പുറമേ അവധി ആഘോഷിക്കുന്നതിനായി കൂടുതൽ പേർ മറ്റിടങ്ങളിലേക്ക് യാത്ര ചെയ്യുന്നതും തിരക്ക് കൂടാൻ കാരണമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, HOTEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL