SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.51 AM IST

കുപ്പത്തൊട്ടിയായി കോരയാർ പുഴ

waste
മാലിന്യം തള്ളൽ കേന്ദ്രമായി മാറിയ കോരയാർ പുഴ.

വാളയാർ: പുതുശ്ശേരി പഞ്ചായത്തിൽ മാലിന്യ പ്രശ്നം രൂക്ഷം. ദേശീയ പാതയുടെ അരികിലും കോരയാർ പുഴയിലും വാളയാർ ഡാം റോഡിലും മാലിന്യം കുമിഞ്ഞ് കൂടുകയാണ്. കഴിഞ്ഞ കുറെ കാലങ്ങളായി നിലനിൽക്കുന്ന പ്രശ്നം ഇപ്പോൾ കൂടുതൽ രൂക്ഷമായി. പല സ്ഥലങ്ങളിൽ നിന്നും മാലിന്യങ്ങൾ വാഹനങ്ങളിൽ കൊണ്ടുവന്ന് തള്ളുകയാണ്. ദുർഗന്ധം, അണുബാധ തുടങ്ങിയവ സഹിക്കേണ്ട സ്ഥിതിയിലാണ് യാത്രക്കാരും പരിസരവാസികളും. പഞ്ചായത്തിലെ കുരുടിക്കാട് മുതൽ വാളയാർ വരെ മാലിന്യം നിറഞ്ഞ് കിടക്കുകയാണ്. ചപ്പ് ചവറുകളും ഭക്ഷണ അവശിഷ്ടങ്ങളും കോരയാർ പുഴയിൽ കുമിഞ്ഞ് കൂടിയ നിലയിലാണ്. മാലിന്യം നിക്ഷേപിക്കുന്ന സ്ഥലമായാണ് പുഴയെ കാണുന്നത്. വേനലിൽ വെള്ളം വറ്റിയതോടെ പുഴ കുപ്പത്തൊട്ടി മാതിരിയായി. ദേശീയ പാതയരുകിൽ
രാത്രി കാലങ്ങളിൽ വാഹനങ്ങളിൽ മാലിന്യം കൊണ്ട് തള്ളുകയാണ്. ദേശീയ പാതയിലുടനീളം സി.സി. ടി വി സ്ഥാപിക്കുകയും രാത്രി കാവലിന് കൂടുതൽ ജോലിക്കാരെ നിയോഗിക്കുകയും ചെയ്‌തെങ്കിൽ മാത്രമെ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനാവുകയുള്ളു. ജനങ്ങൾ ഇത്രയും ഗുരുതരമായ പ്രശ്നം നേരിടുമ്പോൾ അധികൃതർ വിഷയം കണ്ടില്ലെന്ന് നടിക്കുകയാണെന്നും പ്രദേശവാസിയായ ധനരാജ് പറഞ്ഞു. നാട്ടുകാരുടെ യോഗം വിളിച്ച് പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
വാളയാർ ഡാം കാണാനെത്തുന്ന സഞ്ചാരികളെ വരവേൽക്കുന്നത് മാലിന്യ കൂമ്പാരമാണെന്ന് പൊതു പ്രവർത്തകനായ കാജ വാളയാർ പറഞ്ഞു. കോരയാർ പുഴ മലിനീകരണം തടയണമെന്നാവശ്യപ്പെട് കഞ്ചിക്കോട് നിവാസികൾ പുഴ സംരക്ഷണ സമിതി രൂപീകരിക്കാൻ ഒരുങ്ങുകയാണ്. കഞ്ചിക്കോട് ആശുപത്രിക്ക് സമീപം സ്ഥാപിച്ച ബോട്ടിൽ ബൂത്തിൽ പോലും സാമൂഹ്യ വിരുദ്ധർ മാലിന്യം കൊണ്ടിടുന്ന സംഭവമുണ്ടായെന്നും ജനകീയ ചെറുത്ത് നിൽപ്പിലൂടെയാണ് ഇത് തടയാൻ കഴിഞ്ഞതെന്നും മുൻ പഞ്ചായത്ത് മെമ്പർ സുഭാഷ് പറഞ്ഞു.
പഞ്ചായത്ത് ദേശീയ പാതയരുകിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നുണ്ടെന്ന് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.വി.നിഷ പറഞ്ഞു. മാലിന്യം നിക്ഷേപിക്കരുതെന്ന് എഴുതിയ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. പക്ഷെ രാത്രികാലങ്ങളിൽ മറ്റു പ്രദേശങ്ങളിലുള്ളവർ മാലിന്യം കൊണ്ട് തള്ളുന്നതാണ് പ്രശ്നമെന്നും നിഷ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, WASTE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL