SignIn
Kerala Kaumudi Online
Wednesday, 20 May 2026 5.04 AM IST

ജലസംരക്ഷണത്തിൽ പാലക്കാടിന് നേട്ടം; 724.55 കിലോമീറ്റർ നീർച്ചാലുകൾക്ക് പുതുജീവൻ

neerchal
നീർച്ചാൽ

പാലക്കാട്: ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ നടത്തിയ ജലസംരക്ഷണ പ്രവർത്തനങ്ങൾ ഫലംകാണുന്നു. ​ഓരോ വേനൽക്കാലത്തും രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിട്ടിരുന്ന പാലക്കാട്ടെ വിവിധ പ്രദേശങ്ങളിലും പ്രതിസന്ധി കുറയ്ക്കാനായി. തൃത്താല മണ്ഡലത്തിലും ചിറ്റൂർ, ആലത്തൂർ, പട്ടാമ്പി, കുഴൽമന്ദം, നെന്മാറ, മണ്ണാർക്കാട്, കൊല്ലങ്കോട് ബ്ലോക്കുകളിലും ഹരിതകേരളം മിഷൻ നേതൃത്വത്തിൽ ജലബഡ്ജറ്റ് തയാറാക്കിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഹരിതകേരളം മിഷൻ, റീബിൽഡ് കേരള, ഐ.ടി മിഷൻ, ദേശീയ തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സഹായത്തോടെ പശ്ചിമഘട്ട മലനിരകളോട് ബന്ധപ്പെട്ട് കിടക്കുന്ന മുഴുവൻ തദ്ദേശസ്ഥാപനങ്ങളുടെയും നീർച്ചാലുകൾ മാപ്പ് ചെയ്യുന്ന പദ്ധതിയായ 'സുരക്ഷിതമാക്കാം പശ്ചിമഘട്ടം മാപ്പത്തോൺ' പൂർത്തിയാക്കി. 51 തദ്ദേശസ്ഥാപനങ്ങളിലാണ് പദ്ധതി നടപ്പാക്കിയത്. നീർച്ചാലുകൾ വീണ്ടെടുക്കാൻ 'ഇനി ഞാൻ ഒഴുകട്ടെ' കാമ്പയിനും സംഘടിപ്പിച്ചു. കാമ്പയിന്റെ ഒന്നാം ഘട്ടത്തിൽ 85 തദ്ദേശസ്ഥാപനങ്ങളിൽ 99 നീർച്ചാലുകളിലായി 281.57 കിലോമീറ്ററും രണ്ടാം ഘട്ടത്തിൽ 35 തദ്ദേശ സ്ഥാപനങ്ങളിലെ 59 നീർച്ചാലുകളിലായി 96.551 കിലോമീറ്ററും വീണ്ടെടുത്തു. മൂന്നാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി 346.43 കി. മീറ്റർ പുനരുജ്ജീവിപ്പിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 2109 കാർഷിക കുളങ്ങൾ നിർമിച്ചു. ഇതിലൂടെ ഏകദേശം 4,67,655 ഘനമീറ്റർ ജലം സംഭരിക്കാനുള്ള ശേഷി സൃഷ്ടിച്ചു. ഒമ്പത് പൊതുകുളങ്ങൾ നിർമ്മിച്ച് 1220 ഘനമീറ്റർ ജലസംഭരണ ശേഷി ലഭ്യമാക്കി. 1175 കുളങ്ങൾ നവീകരിച്ചു. ഇതിനെല്ലാം പുറമെ തൃത്താല മണ്ഡലത്തിന്റെ സുസ്ഥിര വികസനത്തിന് 'സുസ്ഥിര തൃത്താല' എന്ന പേരിൽ പ്രത്യേക പദ്ധതിയും നടപ്പാക്കുന്നുണ്ട്. കൃത്രിമ റീചാർജിംഗ്, കാർഷിക കുളങ്ങൾ നവീകരിക്കൽ, ഉൾനാടൻ മത്സ്യബന്ധനം, താൽക്കാലിക ചെക്ക് ഡാമുകൾ, 11 ലിഫ്റ്റ് ഇറിഗേഷൻ സ്‌കീമുകൾ എന്നിവ നടപ്പാക്കി. ഇതിനാൽ കഴിഞ്ഞവർഷം ഭൂഗർഭ ജലവിതാനം വർദ്ധിക്കുകയും ജലക്ഷാമം പരിധി വരെ തടയാൻ സാധിക്കുകയും ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, WATER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL