വടക്കഞ്ചേരി: പുതിയ അദ്ധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ വടക്കഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാകുന്നത് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നു. ടൗൺ റോഡുകളിലും സ്‌കൂൾ പരിസരങ്ങളിലും കൂട്ടമായി ചുറ്റിത്തിരിയുന്ന തെരുവുനായ്ക്കൾ ജനങ്ങളിൽ ഭീതി സൃഷ്ടിക്കുകയാണ്. സ്‌കൂൾ മുറ്റങ്ങളിലും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും ഇവ തമ്പടിക്കുന്നുണ്ട്. ടൗണിലും പരിസര പ്രദേശങ്ങളിലുമായി മാലിന്യം അലക്ഷ്യമായി തള്ളുന്നത് തെരുവുനായ്ക്കളുടെ എണ്ണം വർദ്ധിക്കാൻ കാരണമാകുന്നുവെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിലയിരുത്തൽ. ഭക്ഷ്യാവശിഷ്ടങ്ങൾ എളുപ്പത്തിൽ ലഭിക്കുന്ന സ്ഥലങ്ങളിലാണ് നായ്ക്കളും പന്നികളും കൂടുതലായി എത്തുന്നത്. മാലിന്യം തള്ളുന്ന കേന്ദ്രങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്ന നടപടികളും പുരോഗമിക്കുകയാണ്. ബ്ലോക്ക് തലത്തിൽ വന്ധ്യംകരണ പദ്ധതികൾ കൂടുതൽ ശക്തമാക്കുന്നതിനു ശ്രമങ്ങൾ നടക്കുന്നതായി പഞ്ചായത്ത് ഭരണസമിതി അറിയിച്ചു. എന്നാൽ സ്‌കൂൾ തുറക്കുന്നതിന് മുമ്പ് അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ആവശ്യം. സ്‌കൂൾ പരിസരങ്ങളിൽ തന്നെ നായ്ക്കൂട്ടങ്ങൾ സ്ഥിരമായി കാണപ്പെടുന്ന സാഹചര്യത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ വേണം. ടൗണിലും പരിസര പ്രദേശങ്ങളിലുമായി തെരുവുനായ ശല്യം രൂക്ഷമാണെന്നത് പഞ്ചായത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. മാലിന്യ സംസ്‌കരണം കർശനമാക്കുന്നതിനൊപ്പം സർക്കാർ നിർദേശങ്ങൾ പ്രകാരം നിയന്ത്രണ നടപടികൾ ശക്തമാക്കുമെന്ന് വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പ്രസാദ് പറഞ്ഞു. ടൗൺ റോഡുകളിലെ മത്സ്യവിൽപ്പന കേന്ദ്രങ്ങളിൽ നിന്നുള്ള അവശിഷ്ടങ്ങൾ വഴിയോരങ്ങളിൽ തള്ളുന്നതും നായ്ക്കൾ കൂട്ടംകൂടാൻ കാരണമാകുന്നുവെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. തെരുവുനായ ശല്യം വലിയ സാമൂഹിക പ്രശ്നമായി മാറിയിരിക്കുകയാണ്. കുട്ടികളുടെയും വയോധികരുടെയും സുരക്ഷ ഉറപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വടക്കഞ്ചേരി യൂണിറ്റ് പ്രസിഡന്റ് കെ.എം.ജലീൽ പറഞ്ഞു. തെരുവുനായ നിയന്ത്രണത്തിനായി എ.ബി.സി പദ്ധതി കാര്യക്ഷമമായി നടപ്പാക്കണമെന്ന ആവശ്യവും ശക്തമായി. ആക്രമണ സ്വഭാവമുള്ള നായ്ക്കളെ പിടികൂടി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയും വന്ധ്യംകരണ നടപടികൾ വേഗത്തിലാക്കുകയും വേണം. സ്‌കൂൾ തുറക്കും മുമ്പ് ടൗൺ മേഖലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു സമീപവും പ്രത്യേക ശുചീകരണവും നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |