SignIn
Kerala Kaumudi Online
Saturday, 06 June 2026 2.15 AM IST

വെള്ളമില്ല, വെളിച്ചവുമില്ല; തേക്കടി സ്കൂൾ ദുരിതത്തിൽ

thekkadi
മുതലമട പറമ്പിക്കുളം തേക്കടി ജി.ടി.ഡബ്ല്യൂ എൽ.പി സ്‌കൂളിലെ കേടായ വാട്ടർടാങ്ക്. അരികിൽ കുഴൽ കിണറിൽ നിന്നും പമ്പിംഗിന് ഉപയോഗിക്കുന്ന സോളാർ പാനൽ.

 ടാങ്ക് പൊട്ടിയിട്ട് ഒരുവർഷം
 പ്രാഥമികാവശ്യങ്ങൾക്ക് ബുദ്ധിമുട്ടി വിദ്യാർത്ഥികളും അദ്ധ്യാപകരും

മുതലമട: പുതിയ അദ്ധ്യയന വർഷം ആരംഭിച്ചിട്ടും ദുരിതത്തിൽ നിന്നും കരകയറാനാവാതെ പെടാപ്പാട് പെടുകയാണ് പറമ്പിക്കുളം തൂണക്കടവ് തേക്കടി ജി.ടി.ഡബ്ല്യൂ എൽ.പി സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും. ഒന്നര വർഷത്തിലധികമായി ഇവിടെ വെള്ളം ശേഖരിച്ചു ഉപയോഗിക്കാൻ ഒരു ടാങ്കില്ല. 5000 ലിറ്റർ സംഭരണശേഷിയുള്ള ടാങ്ക് കേടായിട്ടു ഒരു വർഷത്തിലേറെയായി. കൂടാതെ സ്‌കൂളിന് സോളാർ പാനൽ നൽകിയിട്ടുണ്ടെങ്കിലും അതിനോട് ചേർന്ന് അദ്ധ്യാപകർ താമസിക്കുന്ന കെട്ടിടത്തിൽ വൈദ്യുതിയില്ല. അദ്ധ്യാപകർ താമസിക്കുന്ന കെട്ടിടത്തിനോടൊപ്പമാണ് അങ്കണവാടി ഉള്ളത്. പ്രതിസന്ധി ചൂണ്ടിക്കാണിച്ചു സ്‌കൂൾ അധികൃതർ പഞ്ചായത്തിനെയും ട്രൈബൽ, വിദ്യാഭ്യാസ വകുപ്പുകളെയും പലതവണ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. പഞ്ചായത്തംഗം തന്നെയാണ് നിലവിലെ പി.ടി.എ പ്രസിഡന്റും. ഒന്നുമുതൽ നാലുവരെ ക്ലാസുകളിൽ 26 വിദ്യാർത്ഥികളും നാല് അദ്ധ്യാപകരുമാണുള്ളത്. അദ്ധ്യയനവർഷം തുടങ്ങുംമുമ്പ് പ്രവേശനോത്സവം ഗംഭീരമാക്കിയെങ്കിലും സ്‌കൂൾ പ്രവർത്തനത്തിനാവശ്യമായ യാതൊരു മുന്നൊരുക്കവും അധികൃതർ നടത്തിയിട്ടില്ല. പകൽ ചിലനേരം പ്രവർത്തിക്കുന്ന കുഴൽക്കിണർ മോട്ടോറിൽ നിന്ന് വെള്ളം പമ്പ് ചെയ്യുമ്പോൾ കേടായ ടാങ്കിൽ ശേഖരിക്കാനാവാതെ അത് പാഴായിപ്പോവുകയാണ്. രാത്രി കാലങ്ങളിൻ മെഴുകുതിരിയെ ആശ്രയിച്ചാണ് ഇവിടെ താമസിക്കുന്നത്. പൊട്ടിയ ടാങ്കിൽ നിന്നും പാഴായ ജലം ഒഴുകിയെത്തി സമീപത്തെ സംരക്ഷണ ഭിത്തിയും അപകടാവസ്ഥയിലാണെന്ന് അദ്ധ്യാപകരും രക്ഷിതാക്കളും പറയുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അദ്ധ്യാപകരാണ് ഇവിടെഉള്ളത്. സ്കൂളിന് ചുറ്റുമതിലും ഇല്ല ഗേറ്റും ഇല്ല. അതിനാൽ വന്യ ജീവികളുടെയും കന്നുകാലികളുടെയും ആക്രമണത്തിന് വിദ്യാർത്ഥികളും ജീവനക്കാരും ഏതുസമയത്തും ഇരയാകാം. സ്‌കൂളിന്റെ ദുരവസ്ഥയ്ക്ക് ഉടൻ പരിഹാരം കാണണമെന്നും വിഷയത്തിൽ അടിയന്തിര പരിഹാരമുണ്ടാവാൻ വകുപ്പ് അധികൃതർ ഇടപെടണമെന്നും തേക്കടി ഉരുമൂപ്പൻ രാമൻ, മനക്കടവൻ എന്നിവർ പറഞ്ഞു.


വർഷങ്ങളായിട്ടുള്ള തേക്കടി സ്‌കൂളിന്റെ തീരാ ദുരിതത്തിന് പുതിയ സർക്കാർ പരിഹാരം കാണണം. വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താൻ ബന്ധപ്പെട്ട വകുപ്പും അധികൃതരും കണ്ണുതുറക്കണം.

ആർ.ചന്ദ്രൻ, സി.എം.പി മണ്ഡലം സെക്രട്ടറി, തേക്കടി, പറമ്പിക്കുളം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL