വാളയാർ: മുൻ സർക്കാർ വില കുറച്ചിറക്കാൻ തീരുമാനിച്ചിരുന്ന മദ്യമായ മിന്നൽ മാജിക്കിന് യു.ഡി.എഫ് സർക്കാരിന്റെ കുരുക്ക്. പൊതുമേഖല സ്ഥാപനമായ മലബാർ ഡിസ്റ്റിലറിയിൽ ജൂൺ മാസത്തിൽ ഉദ്പാദനം തുടങ്ങുമെന്നാണ് മാനേജ്‌മെന്റ് അറിയിച്ചിരുന്നത്. പക്ഷെ ഉത്പാദനം തുടങ്ങാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയെങ്കിലും സർക്കാർ അനുമതി ലഭിക്കാത്തത് തടസമായി. ഇതോടെ മദ്യം ഉത്പാദനം തുടങ്ങൽ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. സംസ്ഥാനത്ത് ഭരണമാറ്റത്തെ തുടർന്നുള്ള രാഷ്ട്രീയ സാഹചര്യങ്ങളാണിതിന് വഴിവെച്ചത്. കഴിഞ്ഞ ഇടതു സർക്കാരിന്റെ അവസാന കാലത്ത് മന്ത്രി എം.ബി.രാജേഷ് തിരക്കിട്ട് ഉദ്ഘാടനം ചെയ്ത പരിപാടിയാണിത്. ഡിസ്റ്റിലറി പ്രവർത്തനം തുടങ്ങുന്നതിന് വേണ്ട പണികൾ ത്വരിത ഗതിയിലാണ് പുരോഗമിച്ചത്. ഇ ടെണ്ടർ വഴി മെഷിനറികൾ വാങ്ങി സ്ഥാപിച്ചു. മദ്യം ഉദ്പാദിപ്പിക്കുന്നതിന് വേണ്ട അസംസ്‌കൃത വസ്തുക്കളും എത്തിച്ചു. കുടുംബശ്രീ വഴി ഇന്റർവ്യൂ നടത്തി സ്റ്റാഫുകളുടെ ലഭ്യതയും ഉറപ്പ് വരുത്തി. പക്ഷെ തിരഞ്ഞെടുപ്പും തുടർന്നുള്ള ഭരണമാറ്റവും കാര്യങ്ങൾ തകിടം മറിച്ചു. മിന്നൽ മാജിക് വിപണിയിലെത്താൻ ഇനിയും ഒരുപാട് കടമ്പകൾ കടക്കേണ്ടതുണ്ട്. കർണ്ണാടക മദ്യലോബിക്ക് വേണ്ടിയാണ് യു.ഡി.എഫ് സർക്കാർ മലബാർ ഡിസ്റ്റിലറിയിലെ ഉദ്പാദനം വൈകിപ്പിക്കുന്നതെന്നാണ് സി.പി.എം ആരോപിക്കുന്നത്. മലബാർ ഡിസ്റ്റിലറിയിൽ സി.പി.എം ഏകപക്ഷീയമായി ജോലിക്കാരെ നിയമിച്ചിരിക്കുകയാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി രാം കുമാർ ബാബു പറഞ്ഞു.
വെള്ളം പ്രധാന പ്രതിസന്ധി
മലമ്പുഴ ഡാമിലെ വെള്ളം എടുക്കൽ, മഴവെള്ള സംഭരണത്തിന്റെ സാദ്ധ്യത, ജോലിക്കാരെ നിയമിക്കൽ തുടങ്ങിയ വിവിധ വിഷയങ്ങളിൽ സർക്കാർ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഡിസ്റ്റിലറിയുടെ അധീനതയിലുള്ള 117 ഏക്കർ സ്ഥലത്ത് മഴ വെള്ള സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിന് അനുമതിക്കായി അപേക്ഷിച്ചിട്ടുണ്ട്. ഇതിൽ സർക്കാരിൽ നിന്നും അനുകൂല തീരുമാനം വരുന്നത് വരെ കാത്തിരിക്കുകയേ നിവൃത്തിയുള്ളു. ഉദ്പാദനം തുടങ്ങിയാൽ തന്നെ പിന്നെയും രണ്ടു മാസം കഴിഞ്ഞേ മദ്യം വിപണയിൽ എത്തിക്കാനാവുകയുള്ളു. 26 വെയർ ഹൗസുകളിൽ സ്റ്റോക്ക് ചെയ്യാനുള്ള മദ്യം ആദ്യം ഉദ്പാദിപ്പിക്കണം. ഇതിന് രണ്ട് മാസമെടുക്കും. ചുരുക്കത്തിൽ അടുത്തകാലത്തൊന്നും മിന്നൽ മാളിക്ക് വിപണിയിൽ എത്തില്ലെന്ന നിലയിലാണ് കാര്യങ്ങൾ നീങ്ങുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |