
പാലക്കാട്: മതിമറന്ന് പെയ്യേണ്ട മകയിരം ഞാറ്റുവേലയിൽ മഴകുറഞ്ഞതോടെ ജില്ലയിലെ കർഷകർ ദുരിതത്തിൽ. കാലവർഷം പ്രതീക്ഷിച്ചതുപോലെ പെയ്യാത്തതിനാൽ ഒന്നാംവിള നെൽകൃഷിയുടെ പണികൾ യഥാസമയം പൂർത്തിയാക്കാൻ കഴിയാതെ നട്ടം തിരിയുകയാണ് കർഷകർ. ഇടയ്ക്ക് പെയ്യുന്ന മഴയിലും പാടശേഖരങ്ങളിൽ ആവശ്യത്തിന് വെള്ളം നിലനിർത്താൻ സാധിക്കുന്നില്ല. കാലവർഷത്തെ മുഖ്യ ഞാറ്റുവേലകളിലൊന്നായ മകയിരത്തിലും കാര്യമായ മഴ ലഭിക്കാതെ വന്നതോടെ ഇനിയുള്ള പ്രതീക്ഷ തിരുവാതിരയിലാണ്. മൂപ്പെത്തിയ ഞാറ്റടികൾ യഥാസമയത്ത് പറിച്ചുനടാൻ കഴിയാതെ വന്നാൽ വിളവിനെ ഇത് പ്രതികൂലമായി ബാധിക്കും. കാലാവസ്ഥാ വ്യതിയാനത്തിൽ പൊടിവിത പാളിയതോടെ കർഷകർക്ക് ഞാറ്റടി തയ്യാറാക്കി പറിച്ചുനടേണ്ട സ്ഥിതിയുണ്ടായി. രണ്ടാംവിള നെല്ലിന്റെ വില ലഭിക്കാത്ത സാഹചര്യത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ കടം വാങ്ങിയാണ് പലരും ഒന്നാംവിളയ്ക്കുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചത്. ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാത്തതും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. തൊഴിലുറപ്പ് തൊഴിലാളികളെക്കൂടി കൃഷിപ്പണികൾക്ക് പ്രയോജനപ്പെടുത്താൻ അധികൃതർ ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.
മെലിഞ്ഞൊഴുകുന്നു നിള
കാലവർഷക്കാലത്തും നിള വരണ്ടുതന്നെ. ഇടവപ്പാതി പിന്നിടുന്നതോടെ ഇരു കരമുട്ടി പരന്നൊഴുകിയിരുന്ന പുഴയ്ക്കാണ് ഈ ദുരവസ്ഥ. പാലക്കാട് -തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന മായന്നൂർ പാലം യാഥാർത്ഥ്യമായത് കാൽ നൂറ്റാണ്ട് മുമ്പാണ്. ഇതിന് ശേഷം പുഴ കരകവിഞ്ഞൊഴുകിയത് 2018, 2019 വർഷങ്ങളിലുണ്ടായ മഹാപ്രളയകാലത്ത് മാത്രമാണ്. മഴയിൽ നിറയുകയും മഴ മാറുന്നതോടെ ജലമൊഴിയുകയും ചെയ്യുന്നതാണ് പുഴയുടെ ദുരവസ്ഥക്ക് കാരണം. ഒറ്റപ്പാലം മേഖലയിലെ കുടിവെള്ള സ്രോതസ്സുകളിലെ ജലവിതാനത്തിന് നിദാനം പുഴയിലെ ജലസമൃദ്ധിയാണ്. രണ്ട് പതിറ്റാണ്ട് മുമ്പ് വേനലിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനായി താൽക്കാലിക തടയണ നിർമ്മിച്ച ഘട്ടത്തിൽ ഇക്കാര്യം ബോധ്യപ്പെട്ടതാണ്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഒറ്റപ്പാലത്ത് റെയിൽവേ സ്റ്റേഷന് പടിഞ്ഞാറ് പുഴക്ക് കുറുകെ സ്ഥിരം തടയണ നിർമിക്കാനുള്ള തീരുമാനമുണ്ടായത്. എന്നാൽ ശിലാസ്ഥാപനം നടന്നതല്ലാതെ പിന്നീടൊന്നുമുണ്ടായില്ലെന്നതാണ് യാഥാർത്ഥ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |