മോസ്‌കോ: റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ നിന്ന് പുറപ്പെട്ട് യുറേഷ്യയിലുടനീളം വ്യാപിച്ചുകിടക്കുന്ന ഇടനാഴിയിലൂടെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന ചരക്ക് തീവണ്ടി ഗതാഗതം ഉടൻ യാഥാർത്ഥ്യമായേക്കും. തുർക്കിയിലെ ബോസ്ഫറസ്, ഹോർമുസ് കടലിടുക്ക് തുടങ്ങിയ തന്ത്രപരമായി പാതകളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ അത്തരമൊരു പാതയ്ക്ക് കഴിയുമെന്നാണ് റഷ്യൻ ഉപപ്രധാനമന്ത്രി മറാട്ട് ഖുസ്നുലിൻ വാദിക്കുന്നത്. കരിങ്കടലിലെയും പശ്ചിമേഷ്യയിലെയും ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, പരമ്പരാഗത ഷിപ്പിംഗ് റൂട്ടുകളുമായി ബന്ധപ്പെട്ട അപകടസാദ്ധ്യതകളെക്കുറിച്ച് ചർച്ചകൾ നടക്കുന്നതിനിടെയാണ് ഈ അഭിപ്രായങ്ങൾ ഉയർന്നത്.
മോസ്‌കോയിൽ നിന്ന് ആരംഭിച്ച് നാല് രാജ്യങ്ങൾ പിന്നിട്ട് ഇന്ത്യയിലേക്ക് എത്തുന്നതാണ് പുതിയ റെയിൽ ശൃംഖല. പദ്ധതി യഥാർത്ഥ്യമായാൽ കരയാൽ ചുറ്റപ്പെട്ട അഫ്ഗാനിസ്ഥാനും തുർക്ക്‌മെനിസ്ഥാനും വലിയ സാമ്പത്തിക പ്രയോജനമാണ് ലഭിക്കുക. സാമ്പത്തികമായി ഏറെ ഗുണകരമാകുന്ന പദ്ധതിയാണെങ്കിലും നടപ്പിലാക്കാൻ ഒട്ടേറെ രാഷ്ട്രീയ കടമ്പകൾ കടക്കേണ്ടതുണ്ട്. ഈ ചർച്ചയ്ക്ക് ഇന്ത്യ, ഇറാൻ, റഷ്യ എന്നിവർ ഉൾപ്പെടുന്നതും 2000ൽ ആദ്യമായി ധാരണയിലെത്തിയതുമായ 'ഇന്റർനാഷണൽ നോർത്ത്സൗത്ത് ട്രാൻസ്‌പോർട്ട് കോറിഡോർ' എന്ന പദ്ധതിയുമായി അടുത്ത ബന്ധമുള്ളതാണ്.
പരമ്പരാഗത മുംബയ് സൂയസ്- യൂറോപ്പ് റഷ്യ റൂട്ടിനെ അപേക്ഷിച്ച് ഈ ഇടനാഴി ഗതാഗത സമയവും ചെലവും കുറയ്ക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ റഷ്യ- ഇന്ത്യ റെയിൽ ഇടനാഴിക്ക് റഷ്യ, ഇറാൻ, അസർബൈജാൻ എന്നിവയുൾപ്പെടെ ഒന്നിലധികം രാജ്യങ്ങൾക്കിടയിൽ സ്ഥിരതയുള്ള സഹകരണം ആവശ്യമാണ്. ഇതോടൊപ്പം ഈ പദ്ധതികൾക്ക് സാങ്കേതിക പ്രശ്നങ്ങളുമുണ്ട്. റഷ്യയും മുൻ സോവിയറ്റ് രാജ്യങ്ങളും ബ്രോഡ്‌ഗേജ് റെയിൽ സംവിധാനമാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇറാൻ സ്റ്റാൻഡേർഡ് ഗേജ് ഉപയോഗിക്കുന്നു. അതുകൊണ്ട് ചില സ്ഥലങ്ങളിൽ ഗേജ് മാറ്റൽ ക്രമീകരണങ്ങൾ ആവശ്യമാണ്.
ഇതോടൊപ്പം പാകിസ്ഥാന്റെ ചില പ്രശ്നങ്ങളും വെല്ലുവിളി സൃഷ്ടിക്കുന്നു. പാകിസ്ഥാനിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഒരു റെയിൽ പാത നിലവിൽ രാഷ്ട്രീയമായി അപ്രായോഗികമാണ്. താലിബാൻ ഭരണത്തിലുള്ള അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള അതിർത്തി തർക്കങ്ങളും സുരക്ഷാ ആശങ്കകളും നിലനിൽക്കുന്നു. അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും നൂതന റെയിൽവേ ട്രാക്കുകൾ നിർമിക്കുന്നതിന് കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപം ആവശ്യമാണെന്നതും വലിയ വെല്ലുവിളിയാണ്. അതേസമയം, റഷ്യയുടെ നിർദ്ദേശത്തോട് ഇന്ത്യയോ പാകിസ്ഥാനോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
പാത
റഷ്യ - കസഖ്‌സ്ഥാൻ - തുർക്ക്‌മെനിസ്ഥാൻ - ഇറാൻ - അഫ്ഗാനിസ്ഥാൻ - പാകിസ്ഥാൻ - ഇന്ത്യ
A direct freight train service linking Moscow to India via Eurasia is proposed, aiming to reduce transport time and reliance on traditional sea routes. Related to the INSTC, this initiative faces substantial political obstacles requiring cooperation among multiple nations. Technical issues like differing rail gauges and geopolitical complexities involving Afghanistan and Pakistan also present significant hurdles to its realization.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |