രാജ്യത്തുടനീളമുള്ളവർ ട്രെയിൻ യാത്രയെ ആശ്രയിക്കാറുണ്ട്. താരതമ്യേന ചെലവ് കുറഞ്ഞതും റോഡ് യാത്രയെ അപേക്ഷിച്ച് സമയം കുറച്ച് മതിയെന്നതുമാണ് ട്രെയിനിനെ ജനപ്രിയമാക്കുന്നത്. മാത്രമല്ല, ദീർഘദൂര യാത്ര പോകുന്നവർക്ക് മറ്റെല്ലാം മാർഗങ്ങളെക്കാളും സുരക്ഷിതവും സുഖപ്രദവും ഇതാണ്. പലരും ട്രെയിൻ യാത്രയ്‌ക്കിടെ ഭക്ഷണവും വെള്ളവുമെല്ലാം വാങ്ങി കഴിക്കാറുണ്ട്. ഇത്തരക്കാരെ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.
അംഗീകൃതമല്ലാത്ത ഭക്ഷണപാനീയ ഉൽപ്പന്നങ്ങളുടെ വിൽപ്പന തടയുന്നതിനും യാത്രക്കാർക്ക് സുരക്ഷിതവും കൂടുതൽ ശുചിത്വവുമുള്ള സേവനങ്ങൾ ഉറപ്പാക്കുന്നതിനുമായി റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ഐആർസിടിസി പരിശോധന ശക്തമാക്കിയിരുന്നു. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ ക്വിക്ക് റെസ്‌പോൺസ് ടീമുകൾ രൂപീകരിച്ചിട്ടുണ്ട്.
ഈ ടീമുകൾ റെയിൽവേയുടെ വാണിജ്യ വകുപ്പുമായി ചേർന്ന് അപ്രതീക്ഷിത പരിശോധനകൾ പതിവായി നടത്തുന്നുണ്ട്. അംഗീകൃതമല്ലാത്ത കുടിവെള്ളം, ഭക്ഷണം, പാനീയങ്ങൾ ഉൾപ്പെടെ നിർദിഷ്‌ട മാനദണ്ഡങ്ങൾ പാലിക്കാത്ത മറ്റ് ഉൽപ്പന്നങ്ങൾ എന്നിവയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
നോർത്ത് സോണിൽ മാത്രം നടത്തിയ പരിശോധനയിൽ 8,349 ബോട്ടിൽ അംഗീകൃതമല്ലാത്ത കുടിവെള്ളമാണ് പിടിച്ചെടുത്തത്. 2026 ജൂലായ് 28നും ഓഗസ്റ്റ് എട്ടിനും ഇടയിൽ ഐആർസിടിസി ഉദ്യോഗസ്ഥരും ലക്‌നൗ വാണിജ്യ വകുപ്പും ലക്‌നൗ മേഖലയിലുടനീളമുള്ള 117 ട്രെയിനുകളിൽ പരിശോധന നടത്തി. ഇതിൽ നിന്ന് മാത്രം 5,241 കുപ്പി അംഗീകൃതമല്ലാത്ത കുടിവെള്ളമാണ് പിടിച്ചെടുത്തത്.
ഓഗസ്റ്റ് പത്തിന് ഐആർസിടിസിയുടെ ചണ്ഡീഗഡ് റീജിയണൽ ഓഫീസ് അംബാല, ലുധിയാന, അമൃത്സർ, കത്ര, ജമ്മു എന്നിവയുൾപ്പെടെയുള്ള സ്റ്റേഷനുകളിൽ പരിശോധന നടത്തി. ആകെ 51 ട്രെയിനുകളിലായിരുന്നു പരിശോധന. ഇവിടെ നിന്നും 3,108 കുപ്പി അംഗീകൃതമല്ലാത്ത കുടിവെള്ളം പിടിച്ചെടുത്തു.
എന്നാൽ ഇത് മാത്രമല്ല, ഓഗസ്റ്റ് പത്തിന് അംബാലയിൽ നടത്തിയ രണ്ട് മിന്നൽ പരിശോധനയിൽ ഐസ്‌ക്രീം, പാൽ ഉൾപ്പെടെ 13 ഇനം അംഗീകൃതമല്ലാത്ത ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. സഹാറൻപൂർ റെയിൽവേ സ്റ്റേഷനിലും നടത്തിയ സമാനമായ പരിശോധനയിൽ ഐസ്‌ക്രീമുകൾ, പാനീയങ്ങൾ, പായ്‌ക്ക് ചെയ്‌ത കുടിവെള്ളം എന്നിവ പിടിച്ചെടുത്തു.
രാജ്യത്തുടനീളം പരിശോധനകൾ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. കുടിവെള്ലം, ഭക്ഷണം, കാറ്ററിംഗ് നിയമത്തിലുള്ള ലംഘനം, അമിത ചാർജ് ഈടാക്കുക, ശുചിത്വം പാലിക്കാതിരിക്കുക, കീട നിയന്ത്രണം നടത്താതിരിക്കുക, ശരിയല്ലാത്ത ഉപകരണങ്ങൾ ഉപയോഗിക്കുക തുടങ്ങിയ എല്ലാ കാര്യങ്ങളും സംഘം പരിശോധിക്കും.
പിടിച്ചെടുത്ത അനധികൃതമായ ഭക്ഷണങ്ങളും പാനീയങ്ങളും നശിപ്പിച്ചു. വിവിധ സോണുകളിലായി ഇപ്പോഴും ഐആർസിടിസിയുടെ പരിശോധനകൾ നടക്കുന്നുണ്ട്. വെസ്റ്റ് സോണിലെ സബർമതി ബിജി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നമ്പർ 19223, 19031 എന്നിവയിൽ നടത്തിയ പരിശോധനയിൽ അനധികൃതമായ മോര്, കുടിവെള്ളം എന്നിവ പിടിച്ചെടുത്തു.
ഓഗസ്റ്റ് എട്ടിനും 14നുമിടയിൽ ഗുവാഹത്തി, കാമാഖ്യ, അഗർത്തല, കതിഹാർ, ന്യൂ ജൽപൈഗുരി, ദിബ്രുഗഡ് എന്നിവിടങ്ങളിൽ മിന്നൽ പരിശോധന നടത്തി. ഇവിടെ ട്രെയിനുകൾ മാത്രമല്ല, കാറ്ററിംഗ് യൂണിറ്റുകളും പരിശോധിച്ചു.
എല്ലാ കാറ്ററിംഗ് സേവന ദാതാക്കളും അവരുടെ ജീവനക്കാർ അനധികൃത ഭക്ഷണ പാനീയങ്ങൾ സൂക്ഷിക്കുകയോ വിൽക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഐആർസിടിസി നിർദേശിച്ചു. ലൈസൻസ് നിബന്ധനകളും വ്യവസ്ഥകളും ലംഘിച്ചുവെന്ന് കണ്ടാൽ കാറ്ററിംഗ് ഉടമകളെ കർശനമായ ശിക്ഷാ നടപടികൾക്ക് വിധേയമാക്കും.
എല്ലാ ഐആർസിടിസി സോണുകളിലും പ്രദേശങ്ങളിലും ഇപ്പോൾ പരിശോധനാ സംഘങ്ങൾ സജീവമായുണ്ട്. ബന്ധപ്പെട്ട റെയിൽവേ വാണിജ്യ വകുപ്പുകളുമായി ഏകോപിപ്പിച്ച് തീവ്രമായ പരിശോധനകൾ തുടരുമെന്ന് ഐആർസിടിസി അറിയിച്ചു. യാത്രക്കാരുടെ ആരോഗ്യം വലുതാണെന്നും ഒരു തരത്തിലുമുള്ള അനധികൃത കച്ചവടങ്ങൾ പ്രോത്സാഹിപ്പിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
Indian Railway Catering and Tourism Corporation (IRCTC) has intensified nationwide inspections on trains and at stations to curb unauthorized food and beverage sales, ensuring passenger hygiene. Quick Response Teams, in collaboration with commercial departments, seized over 8,300 unauthorized water bottles and various other products in the North Zone alone. IRCTC warned catering providers of strict action for license violations, promising continued rigorous checks for passenger
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |