SignIn
Kerala Kaumudi Online
Friday, 26 June 2026 4.21 AM IST

പാലക്കാട് നഗരം നിറഞ്ഞ് മാലിന്യം; പകർച്ചവ്യാധി ഭീതിയിൽ ജനം

waste
ഒലവക്കോട് റെയിൽവേ മേൽപ്പാലത്തിന് സമീപം കൂമിഞ്ഞ് കൂടിയ മാലിന്യം.

പാലക്കാട്: ''മാലിന്യ മുക്ത നവ കേരളം ഹരിത ടൗൺ (സ്റ്റേഡിയം), പൊതുയിടം വൃത്തിയുള്ളിടം. മലിനമാക്കാതിരിക്കാം..."" പാലക്കാട് നഗരത്തിലെ സ്റ്റേഡിയം ബസ് സ്റ്റാൻഡിനു പുറത്തെ ഉദ്യാനത്തിൽ പാലക്കാട് നഗരസഭ സ്ഥാപിച്ചിരിക്കുന്ന ബോർഡിലെ വാചകങ്ങളാണിവ. എന്നാൽ ഈ ബോർഡ് താണ്ടി മുന്നോട്ടു നടന്നാൽ ഇന്ദിരാ ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ വിവിധ ഭാഗങ്ങളിൽ കാണുക മാലിന്യക്കൂമ്പാരങ്ങളാണ്. ഇവിടെ മാത്രമല്ല നഗരത്തിന്റെ പലഭാഗത്തും ഇതുതന്നെയാണ് സ്ഥിതി. പലയിടത്തും ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിഞ്ഞതിന്റെ ദുർഗന്ധം വമിക്കും. ഡെങ്കിപ്പനിയുൾപ്പെടെ നിരവധി പകർച്ച വ്യാധികൾ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പരിസരം വൃത്തിയായി സൂക്ഷിക്കണമെന്ന് അധികൃതർ ജനങ്ങൾക്ക് നിർദ്ദേശം നൽകുമ്പോഴും നഗരം കിടക്കുന്നത് മലിനമായിത്തന്നെ. ഇടവിട്ട് മഴയും കൂടി വന്നതോടെ മാലിന്യം മഴവെള്ളത്തിൽ ഒഴുകിത്തുടങ്ങി. പാലക്കാട് ടൗൺ റെയിൽവേ മേൽപ്പാലത്തിന് താഴെ കുന്നുകൂടിക്കിടന്നിരുന്ന മാലിന്യം കഴിഞ്ഞ ദിവസമാണ് വൃത്തിയാക്കിയത്. ഒലവക്കോട് റെയിൽവേ മേൽപ്പാലത്തിന്റെ സമീപത്താണ് നഗരസഭയുടെ കീഴിൽ നിന്ന് ഹരിത കർമ്മസേന ശേഖരിക്കുന്ന മാലിന്യങ്ങൾ കൂട്ടിയിടുന്നത്. പല ചാക്കുകളും പൊട്ടി മാലിന്യങ്ങൾ പുറത്ത് പരന്നു കിടക്കുകയാണ്. മാലിന്യത്തിന്റെ അളവ് വർദ്ധിക്കുമ്പോൾ വലിയ ലോറികളിൽ കയറ്റി കൊണ്ടുപോവുമെങ്കിലും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് മാലിന്യം നിക്ഷേപിക്കുന്നത്. സമീപത്തെ കടകളിൽ നിന്നുള്ള മാലിന്യവും ഇവിടെ തന്നെയാണ് നിക്ഷേപിക്കുന്നത്. ഒരു മാസത്തിനിടെ പാലക്കാട് ജില്ലയിൽ അറുനൂറോളം പേരാണ് ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയത്. രണ്ട് മാസത്തിനിടെ ഡെങ്കിപ്പനി ബാധിച്ച് 6 പേർ മരിക്കുകയും ചെയ്തു. മഞ്ഞപ്പിത്തം, എലിപ്പനി പോലുള്ള രോഗങ്ങൾ വേറെയും. പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നതിൽ ആശങ്കയിലാണ് ജനം. അത്തരം സാഹചര്യത്തിൽ നഗരത്തിലെ മാലിന്യം എത്രയും വേഗം നീക്കം ചെയ്ത് ശുചിത്വം ഉറപ്പാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, WASTE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL