
മംഗലംഡാമിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെയാണ് ആലിങ്കൽ വെള്ളച്ചാട്ടം
പോത്തംതോട് പാലത്തിന് സമീപത്തെ നിറഞ്ഞൊഴുകുന്ന തോട് മുറിച്ചുകടന്നാണ് വെള്ളച്ചാട്ടത്തിലെത്തേണ്ടത്
ഏകദേശം നൂറടിയോളം ഉയരത്തിൽ നിന്നാണ് വെള്ളം തഴേക്ക് പതിക്കുന്നത്
മംഗലംഡാം: കടപ്പാറയ്ക്ക് സമീപം വനത്തിനുള്ളിലെ ആലിങ്കൽ വെള്ളച്ചാട്ടം മഴ ശക്തമായതോടെ പൂർണ സൗന്ദര്യത്തിൽ ഒഴുകുകയാണ്. വനഭംഗിയുടെ സർവ ഐശ്വര്യവും നിറഞ്ഞ ഈ ജലപാതം കരിമ്പാറകളിൽ തട്ടി ചിതറി വെളുത്ത നുരപടർപ്പായി തഴേക്ക് പതിക്കുന്ന കാഴ്ച സന്ദർശകരെ ആകർഷിക്കുന്നു. തളിക്കക്കൽ ആദിവാസി ഉന്നതി മേഖലയിലേക്കുള്ള കാട്ടുപാതയ്ക്ക് സമീപം രണ്ട് കുന്നുകൾക്കിടയിലാണ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. അതിനാൽ ഇത് പെട്ടെന്ന് ശ്രദ്ധയിൽപ്പെടാറില്ല. നഷ്ടമാകാത്ത വന്യഭംഗി പശ്ചാത്തലമൊരുക്കുന്ന ഈ ജലപാതത്തിന്റെ വിദൂരക്കാഴ്ച ഏവരെയും വിസ്മയിപ്പിക്കുന്നതാണ്.
അതിനാൽ തോട്ടിലെ ജലനിരപ്പ് കുറഞ്ഞ സമയത്ത് മാത്രമേ സുരക്ഷിതമായി കടന്നുപോകാനാകൂ. മഴയുടെ രൂക്ഷത കുറഞ്ഞ ശേഷമാണ് ഇവിടെ സന്ദർശനം നടത്തുന്നത് കൂടുതൽ സുരക്ഷിതം. മലനിരകളിൽ നിന്നും വനപ്രദേശങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന ജലം തളിക്കക്കൽ, പോത്തംതോട് ഭാഗങ്ങളിലെ കാട്ടുചോലകളുമായി ചേർന്ന് തിപ്പിലിക്കയം എന്ന അഗാധകയത്തിലേക്ക് പതിക്കുന്നു. തുടർന്ന് കടപ്പാറത്തോടിലൂടെ ഒഴുകി രണ്ടാംപുഴ വഴി മംഗലംഡാം റിസർവോയറിലെത്തുന്നു.
മംഗലംഡാമിലേക്കുള്ള ഏറ്റവും ശക്തമായ നീരൊഴുക്കുകളിൽ ഒന്നാണ് കടപ്പാറത്തോട്.
ആലിങ്കൽ വെള്ളച്ചാട്ടം ശക്തിപ്രാപിക്കുമ്പോൾ മംഗലംഡാമിലെ ജലനിരപ്പും അതിവേഗത്തിൽ ഉയരാറുണ്ട്. വനമേഖലയിൽ നിന്ന് വലിയ തോതിൽ ജലം ഈ ജലപാതത്തിലൂടെ ഒഴുകിയെത്തുന്നതാണ് ഇതിന് കാരണം.
പ്രകൃതി ഒരുക്കിയ അതുല്യ വിസ്മയമാണ് ആലിങ്കൽ വെള്ളച്ചാട്ടം. മനുഷ്യരുടെ ഇടപെടൽ വളരെ കുറവായതിനാൽ വനത്തിന്റെ സ്വാഭാവിക ഭംഗി ഇന്നും അതേപടി നിലനിൽക്കുന്നു. തളിക്കക്കൽ ഉന്നതി മേഖലയിലേക്കുള്ള വഴിയിലും നിരവധി ചെറിയ വെള്ളച്ചാട്ടങ്ങൾ കാണാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |