മുതലമട: പാലക്കാടിന്റെ മഴനിഴൽ മേഖലയായ ചിറ്റൂരിന്റെയും മുതലമടയുടെയും ജീവനാഡിയാകേണ്ട കുരിയാർകുറ്റി-കാരപ്പാറ പദ്ധതി അര നൂറ്റാണ്ടായി ഏങ്ങുമെത്താതെ കിടക്കുന്നു. മുതലമട, എലവഞ്ചേരി, കൊല്ലങ്കോട്, വടവന്നൂർ, പല്ലശ്ശേന, പെരുമാട്ടി, പട്ടഞ്ചേരി, കൊഴിഞ്ഞാമ്പാറ, വടകരപ്പതി, എരുത്തേമ്പതി പഞ്ചായത്തുകളിലെ ജനങ്ങളുടെ ദാഹമകറ്റാനും കർഷകരുടെ കൃഷിയിടങ്ങളിൽ വെള്ളമെത്തിക്കാനുമുള്ള പദ്ധതി ഇപ്പോഴും ഫയലിൽ തന്നെയാണ്. 50 വർഷം മുൻപ് തുടങ്ങിയ പദ്ധതിയുടെ പല നിർമ്മിതികളും കാടുകയറി നശിച്ചു. വനം, പരിസ്ഥിതി അനുമതി കിട്ടാത്തതായിരുന്നു പ്രധാന തടസം. എന്നാൽ 2022 ജനുവരി 31ന് സർക്കാർ വീണ്ടും ഉണർന്നു. വിശദ പദ്ധതി രേഖ(ഡി.പി.ആർ) തയ്യാറാക്കാൻ 5 കോടി രൂപയുടെ ഭരണാനുമതി. ടാറ്റാ കൺസൾട്ടിംഗ് ലിമിറ്റഡിന് കരാർ നൽകി. 2022 ജൂണിൽ സർവേയും തുടങ്ങി. എന്നാൽ തുടർനടപടികളൊന്നും ഉണ്ടായില്ല.
വെള്ളം എങ്ങിനെയെത്തും?
ചാലക്കുടി പുഴയുടെ കൈവഴിയായ കാരപ്പാറ അരുവിയിൽ നിന്ന് ജലം കൊണ്ടുവരുന്ന പദ്ധതിയാണിത്. കാരപ്പാറയ്ക്ക് കുറുകെ ഡാം കെട്ടി ടണൽ, പെൻസ്റ്റോക്ക് പൈപ്പ് വഴി വെള്ളം ചുള്ളിയാർ, മീങ്കര ഡാമുകളിലേക്ക് എത്തിക്കും. അവിടെ നിന്ന് ചിറ്റൂരിലെ വലതുകര(ആർ.ബി) കനാൽ വഴി പാടങ്ങളിലേക്ക്. കൂടാതെ ചിറ്റൂർ താലൂക്കിലെയും മുതലമട, കൊല്ലങ്കോട് തുടങ്ങി നിരവധി ഗ്രാമപഞ്ചായത്തുകളിലെയും ആയിരക്കണക്കിന് ഹെക്ടർ കൃഷിയിടങ്ങളിലേക്കും വെള്ളമെത്തും.
ഒരൊറ്റ പദ്ധതി, നേട്ടം നാല്ജലസേചനം. വരൾച്ചയിൽ വെന്തുരുകുന്ന മുതലമടയിലെയും ചിറ്റൂരിലെയും ആയിരക്കണക്കിന് ഏക്കർ നെൽപ്പാടങ്ങളിലേക്ക് വെള്ളം. കുടിവെള്ളം. മുതലമട, കൊഴിഞ്ഞാമ്പാറ,ചിറ്റൂർ, കൊല്ലങ്കോട് മേഖലയിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം. വൈദ്യുതി. മൂന്ന് മെഗാവാട്ട് വൈദ്യുതി ഉത്പാദനം. പ്രളയ നിയന്ത്രണം. മഴക്കാലത്ത് ചാലക്കുടി ഭാഗത്തെ പ്രളയത്തെ നിയന്ത്രിക്കാൻ കഴിയും. ഡി.പി.ആർ പൂർത്തിയാക്കി കേന്ദ്ര വനം മന്ത്രാലയത്തിന്റെ അനുമതി വാങ്ങി പദ്ധതി ഉടൻ നടപ്പാക്കണമെന്ന് സി.പി.എം ചിറ്റൂർ ഏരിയ സമ്മേളനവും വിവിധ കർഷക സംഘടനകളും ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. പദ്ധതി യാഥാർത്ഥ്യമാക്കണം എന്നാവശ്യപ്പെട്ട് കർഷക കൂട്ടായ്മയും രാഷ്ട്രീയ പൊതുപ്രവർത്തകരും നാട്ടുകാരും സംയുക്തമായി മുഖ്യമന്ത്രി, വകുപ്പ്മന്ത്രി, ജില്ലാ കളക്ടർ തുടങ്ങിയവർക്ക് നിവേദനം നൽകാനൊരുങ്ങുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |