എൽ.ഡി.എഫ്-5 യു.ഡി.എഫ്-2
പാലക്കാട്: യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം നടന്ന ആദ്യ തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ ജില്ലയിൽ ഇടതുപക്ഷത്തിന് മേൽക്കൈ. ഏഴിടങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 5 സീറ്റിൽ എൽ.ഡി.എഫും രണ്ട് സീറ്റിൽ യു.ഡി.എഫും വിജയിച്ചു. ചിറ്റൂർ നഗരസഭയിലെ പരുത്തിക്കാവും ആലത്തൂർ ബ്ലോക്ക് പഞ്ചായത്തിലെ അത്തിപ്പറ്റ ഡിവിഷൻ സീറ്റും യു.ഡി.എഫിൽ നിന്ന് എൽ.ഡി.എഫ് പിടിച്ചെടുത്തു. ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ പതിമൂന്നാം വാർഡ് എൽ.ഡി.എഫിൽ നിന്ന് യു.ഡി.എഫും പിടിച്ചെടുത്തു. ജില്ലാ പഞ്ചായത്ത് പല്ലശ്ശന ഡിവിഷൻ ഉൾപ്പെടെയുള്ള സുപ്രധാന സീറ്റുകൾ എൽ.ഡി.എഫ് നിലനിറുത്തിയപ്പോൾ ചില പഞ്ചായത്ത് വാർഡുകളിൽ യു.ഡി.എഫും മുന്നേറ്റമുണ്ടാക്കി.
ചിറ്റൂരിൽ നറുക്കെടുപ്പ്
ചിറ്റൂർ - തത്തമംഗലം നഗരസഭയിലെ പരുത്തിക്കാവ് വാർഡിൽ ഇരുമുന്നണികൾക്കും തുല്യവോട്ട് ലഭിച്ചതിനെ തുടർന്ന് നറുക്കെടുപ്പിലൂടെയാണ് എൽ.ഡി.എഫ് വിജയിച്ചത്. ഇവിടെ സുമേഷ് അച്യുതൻ എം.എൽ.എ ആയതിനെ തുടർന്ന് കൗൺസിലർ സ്ഥാനം രാജിവെച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണൽ പൂർത്തിയായപ്പോൾ എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് 423 വോട്ടുകൾ വീതം ലഭിച്ചു. ഇതോടെ വലിയ രാഷ്ട്രീയ ആകാംക്ഷ ഉടലെടുക്കുകയും തുടർന്ന് ജില്ലാ കളക്ടറുടെ അനുമതിയോടെ ടോസ് ഇടുകയുമായിരുന്നു. ടോസ് ഭാഗ്യം തുണച്ചതോടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.തുളസീധരൻ വിജയിച്ചതായി പ്രഖ്യാപിച്ചു. കോൺഗ്രസിന്റെ സിറ്റിംഗ് വാർഡിലാണ് എൽ.ഡി.എഫ് അട്ടിമറി വിജയം സ്വന്തമാക്കിയത്.
എൽ.ഡി.എഫ് മുന്നേറ്റം
പാലക്കാട് ജില്ലാ പഞ്ചായത്തിലെ പല്ലശ്ശന ഡിവിഷനിൽ എൽ.ഡി.എഫ് തങ്ങളുടെ ആധിപത്യം നിലനിർത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ടി.എം.ശശി ആലത്തൂരിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് രാജിവെച്ച ഒഴിവിലായിരുന്നു ഇവിടെ മത്സരം. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച പൊന്നുക്കുട്ടൻ മികച്ച ഭൂരിപക്ഷത്തോടെ വിജയം ഉറപ്പിച്ചു. കൂടാതെ മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ ഹേമാംബികനഗർ ഡിവിഷൻ എൽ.ഡി.എഫിലെ എം.തൗഷികയിലൂടെ ഇടത് മുന്നണി നിലനിർത്തി. ആലത്തൂർ ബ്ലോക്ക് പഞ്ചായത്തിലെ അത്തിപ്പൊറ്റ ഡിവിഷൻ യു.ഡി.എഫിൽ നിന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി രേഖാ സന്തോഷ് പിടിച്ചെടുത്തു. പട്ടഞ്ചേരി പഞ്ചായത്തിലെ വാർഡിൽ 18 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബിന്ദുകുമാരി എൽ.ഡി.എഫ് സീറ്റ് നിലനിറുത്തി.
രണ്ടിടത്ത് യു.ഡി.എഫ്
യു.ഡി.എഫും ചില മേഖലകളിൽ മികച്ച വിജയം സ്വന്തമാക്കി. കരിമ്പ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡ് നിലനിറുത്തിയ യു.ഡി.എഫ്, തങ്ങളുടെ ഭൂരിപക്ഷം വർദ്ധിപ്പിക്കുകയും ചെയ്തു. ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡായ രാഗം കോർണർ ഉപതിരഞ്ഞെടുപ്പിൽ വാർഡ് എൽ.ഡി.എഫിൽ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫ് സ്ഥാനാർത്ഥി പി.ഗിരീശൻ 48 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇവിടെ അട്ടിമറി വിജയം നേടിയത്. ജില്ലയിലെ ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതോടെ മുന്നണികൾ വിവിധ കേന്ദ്രങ്ങളിൽ ആഹ്ലാദപ്രകടനങ്ങൾ നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |