മുതലമട: ഗോത്രബന്ധു പദ്ധതി പ്രകാരമുള്ള മെന്റർ അദ്ധ്യാപകരുടെ നിയമനം വൈകുന്നതോടെ മുതലമട മേഖലയിലെ ആദിവാസി വിദ്യാർത്ഥികളുടെ പഠനം പ്രതിസന്ധിയിൽ. പഞ്ചായത്തിലെ കള്ളിയമ്പാറ, പറയമ്പള്ളം, പറമ്പിക്കുളം, തേക്കടി, സുങ്കം, ചെമ്മണാംപതി, ഇടുക്കുപ്പാറ, മൂച്ചംകുണ്ട്, ചപ്പക്കാട്, മിനുക്കംപാറ തുടങ്ങി പത്തോളം ഉന്നതികളിലെ നൂറുകണക്കിന് വിദ്യാർത്ഥികളാണ് ഇതോടെ ദുരിതത്തിലായത്. പഞ്ചായത്ത് പരിധിയിൽ ഓണാവധിക്ക് ശേഷം നിരവധി വിദ്യാർത്ഥികൾ സ്‌കൂളുകളിൽ എത്തിയിട്ടില്ല.
അദ്ധ്യാപകരും ദുരിതത്തിൽ
ആദിവാസി ഊരുകളിൽ നിന്ന് കുട്ടികളെ സ്‌കൂളിൽ എത്തിക്കുന്നത് മുതൽ അവരുടെ മുഴുവൻ പഠനകാര്യങ്ങളും ഹോസ്റ്റൽ കാര്യങ്ങളും നോക്കിയിരുന്നത് മെന്റർ അദ്ധ്യാപകരായിരുന്നു. ഇവരുടെ അഭാവം വിദ്യാർത്ഥികളെ പൂർണമായും ഒറ്റപ്പെടുത്തി. നിയമനം ലഭിക്കാത്തതിനാൽ സംസ്ഥാനത്തെ 326 മെന്റർ അദ്ധ്യാപകരും ദുരിതത്തിലാണ്. സാധാരണ മേയ് അവസാനം നിയമന ഉത്തരവ് ലഭിക്കുകയും ജൂൺ ഒന്ന് മുതൽ പത്ത് മാസം ദിവസവേതന കരാർ അടിസ്ഥാനത്തിൽ ജോലിയിൽ പ്രവേശിക്കുകയുമാണ് പതിവ്. 750 രൂപ ദിവസവേതനത്തിലാണ് ജോലി. പലരുടെയും കുടുംബത്തിന്റെ ഏക വരുമാനമാർഗ്ഗമാണിത്. 2018ൽ ജോലിയിൽ പ്രവേശിച്ചവരാണ് 2025-26 വരെ ജോലി ചെയ്തത്. എല്ലാ വർഷവും മാർച്ചിൽ കരാർ അവസാനിക്കും, ജൂണിൽ പുതുക്കും. എന്നാൽ പുതിയ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം ഇവർക്ക് തുടർന്ന് ജോലി നൽകേണ്ടതില്ലെന്ന ഉത്തരവിറക്കി. പകരം യോഗ്യതാ മാനദണ്ഡം അനുസരിച്ച് പുതിയ അദ്ധ്യാപകരെ പരീക്ഷയും ഇന്റർവ്യൂവും നടത്തി നിയമിക്കാൻ വിജ്ഞാപനം ഇറക്കി. എന്നാൽ ഇന്റർവ്യൂ കഴിഞ്ഞിട്ടും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയോ നിയമനം നടത്തുകയോ ചെയ്തിട്ടില്ല. സംസ്ഥാനത്ത് പാലക്കാട്30, അട്ടപ്പാടി26, നിലമ്പൂർ29, മാനന്തവാടി90, ബത്തേരി77, കൽപ്പറ്റ74 എന്നിങ്ങനെയാണ് മെന്റർ അദ്ധ്യാപകരുടെ ഒഴുവുകളുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |