SignIn
Kerala Kaumudi Online
Saturday, 24 October 2026 2.47 AM IST

കോന്നി സോമൻ 80 പിന്നിട്ട് ഗിന്നസിലേക്ക്

soman-
കോന്നി സോമൻ

കോന്നി : ആനപ്രേമികളുടെ ഹരമായ കോന്നി സോമൻ തിരുവനന്തപുരം കോട്ടൂരിൽ നിന്ന് ഗിന്നസ് റെക്കാഡിലേക്ക് നടന്നുകയറാൻ ശ്രമിക്കുകയാണ്. കോട്ടൂർ ആനപരിപാലന കേന്ദ്രത്തിലെ ആനമുത്തച്ഛനാണ് ഇപ്പോൾ സോമൻ. ആരെയും ആകർഷിക്കുന്ന തലയെടുപ്പും ഉയരവും നീളമുള്ള കൊമ്പുമുള്ള സോമന് 80 വയസ്‌ കഴിഞ്ഞതോടെയാണ് വനംവകുപ്പ് ഗിന്നസ്‌ പട്ടം നേടാനുള്ള ശ്രമം തുടങ്ങിയത്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ താപ്പാനയെന്ന ഗിന്നസ് റെക്കാഡിനായാണ് വനംവകുപ്പ് ഉദ്യോഗസ്ഥരും ആനപ്രേമികളും കാത്തിരിക്കുന്നത്. ഇത്രയും പ്രായം കൂടിയ താപ്പാന ഇന്ന് ലോകത്ത് ജീവിച്ചിരിപ്പില്ലെന്ന് വനം വകുപ്പ് വ്യക്തമാക്കുന്നു.

ഗുരുവായൂർ ദേവസ്വത്തിന്റെ 82 വയസുള്ള ദാക്ഷായണിയായിരുന്നു ഏറ്റവും പ്രായം കൂടിയ ആനയെങ്കിലും അടുത്തിടെ ചരിഞ്ഞു. ഇതോടെയാണ് സോമന്റെ ഊഴമെത്തിയത്. നടപടികളുമായി മുന്നോട്ടുപോകാൻ വനംവകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി തേടിയിരുന്നു. കൊലക്കൊമ്പനെ പോലും നിഷ്‌പ്രയാസം ചട്ടം പഠിപ്പിച്ച ആനയാണ് കോന്നി സോമൻ. പരിശോധനകൾ അനുകൂലമായാൽ സോമനാകും ആനകളെ പരിശീലിപ്പിക്കുന്ന ആശാനുള്ള ലോക ഗജരാജപ്പട്ടത്തിനുടമ. ഇടഞ്ഞ ആനയെ നിമിഷങ്ങൾക്കുള്ളിൽ വരുതിയിലാക്കാൻ അസാമാന്യ വഴക്കവും കരുത്തുമാണ് ഇന്നും സോമന്.

കോന്നിയുടെ കരുത്തൻ

1942ൽ റാന്നി വനം ഡിവിഷനിലെ കൊപ്രമല ഭാഗത്തുനിന്നാണ് സോമനെ വനംവകുപ്പിന് ലഭിച്ചത്. കോന്നി ആനത്താവളത്തിലെത്തിച്ച് പരിശീലിപ്പിച്ച് മികച്ച താപ്പാനയാക്കി. കോന്നിയായിരുന്നു സോമന്റെ പ്രധാന തട്ടകം. 1977ൽ ആനപിടിത്തം നിറുത്തുന്നതുവരെ കാട്ടാനകളെ കോന്നിയിലെത്തിച്ച് ചട്ടം പഠിപ്പിക്കുന്നതിൽ മുൻപന്തിയിലായിരുന്നു സോമൻ. പിന്നീട് വനംവകുപ്പിന്റെ കോന്നി, ആര്യങ്കാവ് കൂപ്പുകളിൽ ജോലി ചെയ്തുവരികയായിരുന്നു. 65 -ാം വയസിൽ ഔദ്യോഗിക ജീവിതം അസാനിപ്പിച്ച് വിശ്രമജീവിതത്തിലായി. തുടർന്ന് സോമനെ വനംവകുപ്പ് കോട്ടൂർ ആനത്താവളത്തിലേക്ക് മാറ്റി. അസാധാരണ വളർച്ച എത്തിയപ്പോൾ സോമന്റെ കൊമ്പുകൾ രണ്ടുവട്ടം മുറിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴും മൂന്നര മീറ്റർ നീളം കൊമ്പിനുണ്ട്.

കോന്നി ആനത്താവളത്തിലെ മികച്ച താപ്പാനകളിൽ ഒന്നായിരുന്ന സോമന്റെ ഓർമ്മകൾ ഇന്നും ആനപ്രേമികളുടെ മനസിലുണ്ട്.

വിജയകുമാർ കോന്നി, (ആനപ്രേമി )

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL