
തിരുവല്ല : വീതിക്കുറവും ബലക്ഷയവും കാരണം അപകടഭീഷണിയിലായിരുന്ന തിരുവാറ്റ പാലം പുനർനിർമ്മാണം തുടങ്ങി. പുതിയ പാലത്തിന്റെ നിർമ്മാണ ജോലികൾ തുടങ്ങുന്നതിന് മുമ്പായി പഴയപാലം പൊളിച്ചുനീക്കി. ഇതുവഴി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. തിരുവല്ല നഗരസഭയിലെ തിരുവാറ്റ ക്ഷേത്രം - പള്ളിവേട്ടയാൽ തോടിന് കുറുകെ 25, 33 വാർഡുകളെ ബന്ധിപ്പിക്കുന്ന പാലമാണിത്. മൂന്ന് മീറ്റർ മാത്രം വീതിയുള്ള പാലമാണ് പുനർനിർമ്മിക്കുന്നത്. അപകടഭീഷണിയിലായ പാലത്തിന്റെ ശോച്യാവസ്ഥയെക്കുറിച്ച് നിരവധി തവണ കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. പുതിയ പാലം നിർമ്മിക്കാനായി 2023 ജൂൺ 30ന് മാത്യു ടി തോമസ് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 70 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. തുടർന്ന് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ മണ്ണുപരിശോധന നടത്തി എസ്റ്റിമേറ്റ് തയ്യാറാക്കി. കഴിഞ്ഞ ഫെബ്രുവരിയിൽ 68.46 ലക്ഷം രൂപയുടെ സാങ്കേതിക അനുമതിയും ലഭിച്ചു. തുടർന്ന് കരാർ നടപടികൾ പൂർത്തിയാക്കി. നിർമ്മാണ പ്രവർത്തികൾ മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ കൗൺസിലർമാരായ പൂജ ജയൻ, മിനി പ്രസാദ്, റീനാ വിശാൽ, പൊതുമരാമത്ത് ബ്രിഡ്ജസ് അസി.എൻജിനിയർ സ്മിത, കോൺട്രാക്ടർ രാജശേഖരൻ പിള്ള എന്നിവർ പങ്കെടുത്തു.
6 മാസത്തിനുള്ളിൽ പുതിയപാലം
പുതിയ പാലത്തിന് 11.20 മീറ്റർ നീളവും ഒരുവശത്ത് 1.50 മീറ്റർ വീതിയിൽ ഫുട്പാത്ത് ഉൾപ്പെടെ 8 മീറ്റർ വീതിയുമുണ്ടാകും. ഇരട്ട കലുങ്ക് രീതിയിലാകും പാലത്തിന്റെ നിർമ്മാണം. രാജശേഖരൻ പിള്ളയാണ് കരാർ ഏറ്റെടുത്തിട്ടുള്ളത്. നിർമ്മാണം പൂർത്തിയാക്കാനുള്ള കാലാവധി 6 മാസമാണ്.
പദ്ധതി ചെലവ് : 68.46 ലക്ഷം,
പുതിയ പാലം എട്ടുമീറ്റർ വീതിയിൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |