
പന്തളം: പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്ന് ഇന്നലെ ഉച്ചയ്ക്ക് ശബരിമലയ്ക്ക് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര ഭക്തസഹസ്രങ്ങൾക്ക് ദർശന സായൂജ്യമായി. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമുള്ള തീർത്ഥാടകർ മണിക്കൂറുകൾക്ക് മുൻപേ പന്തളത്തും പരിസര പ്രദേശങ്ങളിലുമായി തമ്പടിച്ചിരുന്നു. പുലർച്ചെ വലിയകോയിക്കൽ ക്ഷേത്രനട തുറന്നപ്പോൾ മുതൽ ഉച്ചയ്ക്കു 12ന് പ്രത്യേക പൂജയ്ക്കായി തിരുവാഭരണ പേടകം അടയ്ക്കുന്നത് വരെ വലിയ തിരക്കായിരുന്നു. ക്ഷേത്രസോപാനത്തിൽ ദർശനത്തിനുവച്ചിരുന്ന തിരുവാഭരണങ്ങൾ കൺകുളിർക്കെ കാണാൻ സ്ത്രീകളും കുട്ടികളുമടക്കമുള്ള ആയിരങ്ങൾ മണിക്കൂറുകളോളം കാത്തുനിന്നു. ദർശനം നടത്തിയവരും മടങ്ങാതെ ഘോഷയാത്ര കാണാൻ ക്ഷേത്ര പരിസരങ്ങളിൽ തങ്ങിയതോടെ തിരക്ക് അനിയന്ത്രിതമായി. ഘോഷയാത്രയെ അനുഗമിക്കുന്ന കൃഷ്ണപ്പരുന്ത്, പുറപ്പെടാനുള്ള സമയമറിയിച്ച് ഉച്ചയ്ക്ക് ഒരുമണിയോടെ വലിയകോയിക്കൽ ക്ഷേത്രത്തിനു മുകളിൽ വട്ടമിട്ടു പറന്നതോടെ ശരണമന്ത്രങ്ങൾ ഉച്ചസ്ഥായിയിലായി. ഇതോടെ ഗുരുസ്വാമി കുളത്തിനാലിൽ ഗംഗാധരൻപിള്ളയുടെ നേതൃത്വത്തിലുള്ള സംഘം പേടകങ്ങൾ ശിരസ്സിലേറ്റി ഉറഞ്ഞുതുള്ളി ക്ഷേത്രത്തിനു പുറത്തെത്തി. ഈ സമയം ശരണമന്ത്രങ്ങളാലും വായ്ക്കുരവകളാലും വാദ്യമേളങ്ങളാലും അന്തരീക്ഷം ഭക്തിയിൽ ലയിച്ചു. ഘോഷയാത്ര രാജപ്രതിനിധി തൃക്കേട്ട നാൾ രാജരാജവർമ്മ നയിച്ചു.
അടൂർ ഡിവൈഎസ്.പി ജി.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള 40അംഗ സായുധ പൊലീസ് സേനയും ബോംബ് സ്‌ക്വാഡും സുരക്ഷയൊരുക്കി അനുഗമിച്ചു.
ശരണമന്ത്രത്തിൽ അലിഞ്ഞ് നാട്
മേടക്കല്ലിൽ കൊട്ടാരം നിർവാഹകസംഘവും ക്ഷത്രിയക്ഷേമസഭയും പന്തളം നഗരസഭയും മണികണ്ഠനാല്ത്തറയിൽ അയ്യപ്പ സേവാസംഘവും സേവാകേന്ദ്രത്തിനു മുമ്പിൽ ശബരിമല അയ്യപ്പസേവാ സമാജവും സ്വീകരണം നല്കി. എം.സിറോഡിൽ വലിയപാലം കഴിഞ്ഞപ്പോൾ
കുളനട ഗ്രാമപഞ്ചായത്ത് സ്വീകരണം നല്കി. കൈപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം വഴി കുളനട ദേവീക്ഷേത്രത്തിലെത്തി തിരുവാഭരണം ദർശനത്തിനുവച്ചപ്പോൾ ആയിരങ്ങൾ കണ്ടു തൊഴുതത്.
കൈപ്പുഴ ഗുരുമന്ദിരത്തിന് മുന്നിൽ നിറപറയും നിലവിളക്കും വച്ചു സ്വീകരിച്ചു. റോഡിനിരുവശവും നിന്ന ഭക്തർ പുഷ്പവൃഷ്ടി നടത്തി. ഉള്ളന്നൂർ ക്ഷേത്രത്തിലും കുറിയാനിപ്പള്ളി ക്ഷേത്രത്തിലും തിരുവാഭരണദർശനത്തിന് സൗകര്യമാെരുക്കി. കിടങ്ങന്നൂർ, നാല്ക്കാലിക്കൽ, ആറന്മുള കിഴക്കേ നട, ചെറുകോൽപ്പുഴ ക്ഷേത്രംവഴി അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിലെത്തിയ സംഘം ഇന്നലെ അവിടെ വിശ്രമിച്ചു.
അയ്യപ്പന് അണിയാൻ...
അവതാരോദ്ദേശം പൂർത്തിയാക്കി ശബരിമലയിൽ ധർമ്മശാസ്താവിൽ വിലയം പ്രാപിച്ച അയ്യപ്പനെ മകരസംക്രമ സന്ധ്യയിലണിയിക്കാൻ വളർത്തച്ഛൻ പന്തളം രാജാവ് പണികഴിപ്പിച്ചതാണ് തങ്കത്തിൽ തീർത്ത തിരുവാഭരണങ്ങൾ. എല്ലാവർഷവും ധനു 28നാണ് തിരുവാഭരണങ്ങൾ പന്തളത്തുനിന്ന് ഘോഷയാത്രയായി കൊണ്ടുപോകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |