
പ്രമാടം : പൂങ്കാവ് - പ്രമാടം - പത്തനംതിട്ട റോഡിലെ പ്രമാടം എസ്.എൻ.ഡി.പി ശാഖയ്ക്ക് സമീപത്തെ കൊടുംവളവ് ഭീഷണിയാകുന്നു. റോഡ് ഉന്നത നിലവാരത്തിൽ നിർമ്മിച്ചപ്പോൾ ഈ വളവിൽ വീതിക്കൂട്ടിയെങ്കിലും കോൺക്രീറ്റ് ചെയ്ത് അപകട രഹിതമാക്കിയില്ല. അപകടം പതിവായതോടെ ഇവിടം ഇപ്പോൾ പ്രദേശവാസികളുടെ പേടിസ്വപ്നമാണ്. സ്വകാര്യവ്യക്തി ഭൂമി വിട്ടുനൽകിയാണ് റോഡിന് വീതി കൂട്ടിയത്. വീതി കൂട്ടിയ ഭാഗം കോൺക്രീറ്റ് ചെയ്ത് സംരക്ഷിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഇപ്പോൾ ഇൗ ഭാഗം കാട് വളർന്ന നിലയിലാണ്. വാഹനങ്ങൾ തിരിയുമ്പോൾ ടാറിംഗ് കഴിഞ്ഞുള്ള കട്ടിംഗ് ഭാഗത്തേക്ക് ഇറങ്ങി അപകടങ്ങളുണ്ടാകുന്നു. ചെറിയ വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നതിൽ ഏറെയും. നിരവധി സ്കൂൾ കുട്ടികളാണ് ദിവസേന കാൽനടയായും സൈക്കിളിലും ഇതുവഴി കടന്നുപോകുന്നത്. ഇവരുടെ സുരക്ഷയും ആശങ്കയിലാണ്. ജനപ്രതിനിധികൾക്കും പൊതുമരാമത്ത് അധികൃതർക്കും നിവരധി പരാതികൾ നൽകിയെങ്കിലും നടപടി ഉണ്ടായില്ല.
നല്ല റോഡ്.., അപകടങ്ങളേറി
റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ഉയർത്തിയതോടെ യാതൊരു നിയന്ത്രണങ്ങളുമില്ലാതെയാണ് വാഹനങ്ങൾ കുതിച്ചുപായുന്നത്. വേഗ നിയന്ത്രണ സംവിധാനങ്ങൾ ഒരുക്കാത്തതിനാൽ കൊടുംവളവുകളും റബറൈസിഡ് റോഡും അപകട ഭീഷണിയാകുന്നുണ്ട്.
പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ ഇടപെടലിനെ തുടർന്നാണ് ഏഴ് കോടി രൂപ ചെലവിൽ റോഡ് ഉന്നത നിലവാരത്തിൽ പുനർനിർമ്മിച്ചത്. പ്രമാടം ഗ്രാമപഞ്ചായത്തിനെ ജില്ലാ ആസ്ഥാനവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. പത്തനംതിട്ടയിൽ നിന്ന് കോന്നി മെഡിക്കൽ കോളേജിലേക്കും ആനക്കൂട്, അടവി തുടങ്ങിയ ടൂറിസം മേഖലകളിലേക്കും പത്തനാപുരം, പുനലൂർ , അടൂർ, കൊടുമൺ ഭാഗങ്ങളിലേക്കും ആളുകൾക്ക് എളുപ്പത്തിലെത്താനുള്ള റോഡുകൂടിയാണിത്.
അപകട രഹിതമാക്കേണ്ടത്
എസ്.എൻ.ഡി.പി ശാഖയ്ക്ക് സമീപത്തെ കൊടുവളവ്
(വീതി കൂട്ടിയെങ്കിലും കോൺക്രീറ്റ് ചെയ്തിട്ടില്ല).
അനാസ്ഥ അവസാനിപ്പിക്കണം
പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥ അവസാനിപ്പിച്ച് കൊടുംവളവിനെ അപകടരഹിതമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണം. നാട്ടുകാർക്കും യാത്രക്കാർക്കും പേടിസ്വപ്നമായിരിക്കുകയാണ് ഇവിടം. സ്കൂൾ വിദ്യാർത്ഥികളുടെയും കാൽനട യത്രക്കാരുടെയും സുരക്ഷ ആശങ്കയിലാണ്.
നാട്ടുകാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |