
പിടികിട്ടാത്ത കാര്യങ്ങളെക്കുറിച്ച് പരിഹാസത്തോടെ പറയാൻ തൃശൂരുകാർ നടത്തുന്നതാണ് തേങ്ങാ പ്രയോഗം. ഏറിയും കുറഞ്ഞുമുള്ള നാട്ടുമൊഴി വഴക്കം ഇന്നും തൃശൂർക്കാർക്കൊപ്പമുണ്ട്. കൂടെ തേങ്ങയും. തൃശൂരുകാർ മാത്രമല്ല തേങ്ങയെ വിലകുറച്ച് കണ്ടത്. മദ്ധ്യതിരുവിതാംകൂറുകാരായ നമ്മൾ പത്തനംതിട്ടക്കാരും ദേഷ്യം വരുമ്പോൾ തേങ്ങാക്കുല എന്ന് പറഞ്ഞ് തേങ്ങയെ തരംതാഴ്ത്തും. എന്നിട്ടെന്തായി. മനുഷ്യർ പരിഹസിച്ച തേങ്ങയ്ക്ക് ഇന്ന് തീ വിലയാണ്. കിലോയ്ക്ക് 80 രൂപ. കച്ചവടക്കാരൻ പറയുന്ന വിലകേട്ട് ഞെട്ടി " താൻ എന്തൂട്ട് തേങ്ങയാടോ പറയുന്നത് " എന്ന് ചോദിക്കാമെന്നേയുള്ളു. വിലയിൽ ചില്ലിക്കാശ് കുറയില്ല.
പണ്ട് നാട്ടിൽ സുലഭമായിരുന്ന കാർഷികവിളകളെ അന്ന് ജനത്തിന് വിലയില്ലായിരുന്നു. അതുകൊണ്ട് വിലകുറഞ്ഞ കാര്യങ്ങളെക്കുറിച്ച് സൂചിപ്പിക്കാൻ അവർ തേങ്ങമുതൽ മാങ്ങവരെയുള്ളതിനെ കൂട്ടുപിടിച്ചു. കാലം പ്രതികാരം ചെയ്തു. പണ്ട് മനുഷ്യർ വിലകുറച്ച് കണ്ട വിളകൾക്കൊക്കെ ഇന്ന് തീവിലയാണ്. ഒന്നുപറഞ്ഞ് രണ്ടാമത്തേതിന് മാങ്ങാത്തൊലി എന്ന് പറഞ്ഞ് തനിക്ക് പേരുദോഷം വരുത്തിയവരോട് ഇന്ന് മാങ്ങ പ്രതികാരം ചെയ്യുന്നത് പൊള്ളുന്ന വിലകൊണ്ടാണ്. കിളിച്ചുണ്ടൻ മുതൽ മൂവാണ്ടൻ വരെയുള്ള പലതരം മാമ്പഴങ്ങളുടെ മധുരവും മണവും ഒാർമ്മയിൽ സൂക്ഷിക്കുന്നവർക്ക് സംഗതി വേണമെങ്കിൽ വിപണിയിൽ ചെല്ലണം. അവിടെ നമ്മുടെ നാട്ടുരുചി കിട്ടില്ല . മൂപ്പെത്തും മുമ്പ് പഴുപ്പിച്ച തമിഴ് രുചിയാണ്. മണ്ടത്തരം പറയുന്നവനെ കിഴങ്ങൻ എന്നു വിളിച്ചവർക്ക് ഇന്ന് കിഴങ്ങ് മാപ്പുകൊടുക്കില്ല. കപ്പ മുതൽ കാച്ചിൽ വരെയുള്ള കിഴങ്ങു വർഗങ്ങൾക്ക് ഗമകൂടി. നട്ടുനനയ്ക്കാൻ നടു വളയാത്തതുകൊണ്ട് ചോദിക്കുന്ന കാശുകൊടുത്ത് വാങ്ങണം. ഉള്ളിപൊളിക്കുന്നതുപോലെ നിസാരമാണ് കാര്യങ്ങളെന്ന് പറഞ്ഞ് ഉള്ളിയെ നിസാരമായി കണ്ട കാലമൊക്കെ പോയി. ഉള്ളി വിലകേട്ടാൽ കണ്ണുനിറയും. വെളുത്തുള്ളി, സവാള, കൊച്ചുള്ളി എന്നീ സഹോദരങ്ങൾ മത്സരിച്ചാണ് വിലകൂട്ടുന്നത്. വാഴക്കൂമ്പുപോലും പച്ചക്കറിക്കടയിലെ താരമാണ്. ആ നേരത്ത് നാല് വാഴ വെച്ചിരുന്നെങ്കിൽ എന്ന് തോന്നിപ്പോകും കടയിൽ നിന്ന് വിലകൊടുത്ത് വാഴക്കൂമ്പ് വാങ്ങുമ്പോൾ. തോന്നിയിട്ട് കാര്യമില്ല. വിയർപ്പിന്റെ അസുഖമുള്ളവർക്ക് വില കൊടുത്ത് ഇവയൊക്കെ വാങ്ങാനാണ് വിധി. കറിവേപ്പില പോലെ തള്ളിക്കളഞ്ഞ കറിവേപ്പിലയ്ക്കും ഡിമാൻഡാണ്. പണ്ട് കറിവേപ്പില പോലെ കണ്ട കാർഷിക വിളകളുടെ ഇന്നത്തെ വിലകേട്ട് കണ്ണു തള്ളി കച്ചവടക്കാരനോട് ചോദിച്ചു- " വില കുറവുള്ള വല്ലതുമുണ്ടോ ?"
കച്ചവടക്കാരൻ പറഞ്ഞു.- " ഉണ്ടല്ലോ, മനുഷ്യർ. ഏതെടുത്താലും നാലണ."
--------------
പണ്ട് നാട്ടിൽ സുലഭമായിരുന്ന കാർഷികവിളകളെ അന്ന് ജനത്തിന് വിലയില്ലായിരുന്നു. അതുകൊണ്ട് വിലകുറഞ്ഞ കാര്യങ്ങളെക്കുറിച്ച് സൂചിപ്പിക്കാൻ അവർ തേങ്ങമുതൽ മാങ്ങവരെയുള്ളതിനെ കൂട്ടുപിടിച്ചു. കാലം പ്രതികാരം ചെയ്തു. പണ്ട് മനുഷ്യർ വിലകുറച്ച് കണ്ട വിളകൾക്കൊക്കെ ഇന്ന് തീവിലയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |