SignIn
Kerala Kaumudi Online
Friday, 23 October 2026 2.08 AM IST

തിരുവാഭരണപാതയിൽ ഒഴിയാതെ കൈയേറ്റം

patha

പത്തനംതിട്ട : ഹൈക്കോടതി ഇടപെട്ടിട്ടും തിരുവാഭരണപാതയിലെ കൈയേറ്റം ഒഴുപ്പിക്കാനാകാതെ അധികൃതർ. ചെറിയ കൈയേറ്റങ്ങൾക്ക് പുറമേ അഞ്ച് സെന്റു മുതൽ രണ്ട് ഏക്കർ വരെ കൈയേറിയതായി കണ്ടെത്തിയിട്ടും ഒഴുപ്പിക്കൽ വൈകുകയാണ്. 2022ൽ ആണ് കൈയേറ്റം ഒഴുപ്പിക്കാൻ ജില്ലാകളക്ടർക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയത്. തുടർന്ന് മല്ലപ്പുഴശ്ശേരിയിൽ മാത്രം പാത അളന്ന് നോട്ടീസ് നൽകി.

1986ൽ 120 പേർ ഒപ്പിട്ട നിവേദനം അന്നത്തെ ജില്ലാകളക്ടർക്ക് നൽകിയതോടെയായിരുന്നു തിരുവാഭരണ പാത വീണ്ടെടുക്കാനുള്ള ആദ്യനീക്കം.

2009ൽ അയ്യപ്പദാസ് സ്വാമിയുടെ അദ്ധ്യക്ഷതയിൽ തിരുവാഭരണപാത സംരക്ഷണസമിതി രൂപീകരിച്ച് അന്നത്തെ ജില്ലാ കളക്ടർ ടി.ടി.ആന്റണിക്ക് നിവേദനംനൽകി. തുടർന്ന്

2009 ഡിസംബർ 31ന് മുൻപായി കൈയേറ്റം ഒഴുപ്പിക്കാൻ ഉത്തരവിറങ്ങി. ആദ്യസർവേയിൽ 485 ഉം തുടർന്ന് 57 കൈയേറ്റങ്ങളും കണ്ടെത്തി. ടി.ടി.ആന്റണി സ്ഥലംമാറിയതോടെ ഒഴുപ്പിക്കൽ നിലച്ചു.

2011ൽ പി.വേണുഗോപാൽ ജില്ലാകളക്ടറായി എത്തിയതോടെ ഭൂമി വീണ്ടെടുക്കലിന് ജീവൻവച്ചു. യോഗത്തിൽ അറിവില്ലായ്മകൊണ്ടാണ് പാത കൈയേറിയതെന്നും ഒഴിയാൻ തയ്യാറാണെന്നും പലരും സത്യവാങ്മൂലം നൽകി. ഇതോടെ 90 ശതമാനം കൈയേറ്റവും ഒഴിഞ്ഞതായി ചൂണ്ടികാട്ടി ആർ.ഡി.ഒ സർക്കാരിന് റിപ്പോർട്ട് നൽകി. എന്നാൽ പാത വീണ്ടെടുക്കാനായില്ല.

2017ൽ സംരക്ഷണസമിതി വീണ്ടും പരാതി നൽകിയതോടെ ഒഴുപ്പിക്കൽ പുനരാരംഭിച്ചു. അതേസമയം നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി ആറന്മുളയിൽ 11 പേർ തർക്കമുന്നയിച്ചതോടെ വിഷയം കോടതിയിലെത്തി. അതുവരെയുണ്ടായിരുന്ന നടപടികൾ ക്യാൻസൽ ചെയ്ത് വീണ്ടും പാത അളന്ന് ഒഴുപ്പിക്കാൻ 2022ൽ ജില്ലാകളക്ടർക്ക് നിർദ്ദേശം നൽകി. കോടതിയുടെ ഈ നിർദ്ദേശമാണ് ഇപ്പോഴും നടപ്പിലാകാത്തത്.

തിരുവാഭരണ പാത

രാജഭരണകാലം മുതൽ അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങൾ പന്തളത്തു നിന്ന് ശബരിമലയിലേക്ക് പേടകങ്ങളിലാക്കി തലയിലേന്തി കാൽനടയായാണ് കൊണ്ടുപോകുന്നത്. തിരുവാഭരണ വാഹകസംഘം സഞ്ചരിക്കുന്ന പന്തളംതാര എന്നറിയപ്പെടുന്ന പമ്പരാഗത പാതയാണിത്. 43 കിലോമീറ്റർ ജനവാസമേഖലയും 40 കിലോമീറ്റർ വനമേഖലയുമാണിത്.

നീളം - 83കിലോമീറ്റർ, വീതി - 5മീറ്റർ മുതൽ 45 മീറ്റർ വരെ

കണ്ടെത്തിയ കൈയേറ്റങ്ങൾ - 542

തിരുവാഭരണപാതയിൽ കൈയേറ്റങ്ങൾ തുടരുകയാണ്. ഭൂമി വീണ്ടെടുക്കാൻ ഉദ്യോഗസ്ഥർ മടിക്കുന്നു. വീണ്ടും കോടതിയെ സമീപിക്കും.

പ്രസാദ് കുഴിക്കാല,

ജനറൽ സെക്രട്ടറി

തിരുവാഭരണപാത സംരക്ഷണസമിതി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL