SignIn
Kerala Kaumudi Online
Thursday, 22 October 2026 11.07 PM IST

ജീവനെടുത്ത് മരണക്കയങ്ങൾ

mungi

പത്തനംതിട്ട : വീണ്ടുമൊരു വേനലവധിക്കാലത്തേക്ക് കടക്കുകയാണ്. സ്കൂൾ അടച്ച സന്തോഷത്തിൽ രണ്ടുമാസക്കാലം കളികളും വിനോദങ്ങളുമായി കുട്ടികൾ സജീവമാകും. തൊടികളും പറമ്പുകളും മൈതാനങ്ങളും മാത്രമല്ല നദികളും കുളങ്ങളും തോടുകളും കനാലുകളും തണ്ണീർത്തടങ്ങളുമെല്ലാം ഉല്ലാസത്തിനുള്ള ഇടങ്ങളായി മാറും. പലപ്പോഴും വേണ്ടത്ര ജാഗ്രത കാട്ടാതെയുള്ള വിനോദം വലിയ അപകടങ്ങൾക്കും കാരണമാകും. നദികളാൽ ചുറ്റപ്പെട്ട ജില്ലയിൽ കൂടുതൽ മുങ്ങിമരണങ്ങളുണ്ടാകുന്നത് ഏപ്രിൽ, മെയ് മാസങ്ങളിലാണ്. ആവേശവും ആഹ്ലാദവുമായി അശ്രദ്ധമായി നദികളിലിറങ്ങുന്ന കുട്ടികൾ കയങ്ങളിലും അള്ളുകളിലും അകപ്പെട്ടാൽ ജീവഹാനി സുനിശ്ചിതമാണ്.
വേനൽ കടുത്ത് ജലനിരപ്പ് കുറഞ്ഞെങ്കിലും കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ നദികളിൽ വീണ് മരണപ്പെട്ടത് 7പേരാണ്. ഇതിൽ 5 പേരും 16 വയസിൽ താഴെയുള്ളവരും. അപരിചിതമായ സ്ഥലങ്ങളിൽ വെള്ളത്തിൽ ഇറങ്ങരുതെന്ന ബോധ്യത്തോടെയാണ് പലരും അപകടങ്ങളിലേയ്ക്ക് കാൽവയ്ക്കുന്നത്.
ജില്ലയിലെ പമ്പ, അച്ചൻകോവിൽ, കല്ലാർ, മണിമല നദികളിലെ പാറക്കൂട്ടങ്ങളും ചുഴികളും അപകടങ്ങൾ വിളിച്ച് വരുത്തുന്നവയാണ്. നിരവധി അപകടങ്ങളാണ് ഇവിടങ്ങളിൽ ഉണ്ടായിട്ടുള്ളത്. അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ സ്വർണ്ണ വ്യാപാരി മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. മുങ്ങിത്താഴുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിൽ അത്യാഹിതത്തിൽ അകപ്പെടുന്നവരുമുണ്ട്.


മുൻകരുതലുകൾ

1. നീന്തൽ അറിയാത്തവർ ജലാശയങ്ങളിൽ ഇറങ്ങരുത്.
2. മദ്യപിച്ചിട്ടും ലഹരി ഉപയോഗിച്ചിട്ടും ജലാശയങ്ങളിൽ ഇറങ്ങരുത്.
3. കരിങ്കൽ ക്വാറികളിൽ കുളിക്കാൻ പാടുള്ളതല്ല.
4. ജലയാനങ്ങളിൽ ഇരുന്നും ലൈഫ് ജാക്കറ്റ് ധരിച്ചും മാത്രം യാത്ര ചെയ്യുക.
5. അപസ്മാരം, ശ്വാസകോശ രോഗം എന്നിവ ഉള്ളവർ ജലാശയങ്ങളിൽ ഇറങ്ങരുത്.
6. വൈദ്യുതി ഉപയോഗിച്ച് മീൻപിടിക്കാൻ ശ്രമിക്കരുത്.
7. പരിചയമില്ലാത്തതും ഒഴുക്കുള്ളതുമായ ജലാശയങ്ങളിൽ ഇറങ്ങരുത്.
8. കൈകാലുകൾ ബന്ധിച്ചോ, മുഖം മറച്ചോ നദികളിലിറങ്ങി സാഹസികത കാട്ടരുത്.

വെള്ളത്തിൽ മുങ്ങി ശ്വാസം നിലച്ച ശേഷം 3 മിനിട്ടോളം ഹൃദയം പ്രവർത്തിക്കും. 7 മിനിട്ടിനു ശേഷമേ മസ്തിഷ്‌ക മരണം സംഭവിക്കൂ. അതിനാൽ ആദ്യ അഞ്ച് മിനിട്ടിനുള്ളിൽ കൃത്രിമ ശ്വാസം നൽകി രക്ഷപ്പെടുത്താം.

ജില്ലയിൽ കഴിഞ്ഞ 60 ദിവസം

മുങ്ങിമരിച്ചവർ : 7

മുങ്ങിമരിച്ച വിദ്യാർത്ഥികൾ : 5
കൂടുതൽ മുങ്ങിമരണം ഏപ്രിൽ, മെയ് മാസങ്ങളിൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL