SignIn
Kerala Kaumudi Online
Saturday, 24 October 2026 2.47 AM IST

ആനക്കാര്യത്തിനിടയിൽ ചില ചേനക്കാര്യങ്ങൾ (കഥയും കാഴ്ചയും )​

d

തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ ഉത്സവത്തിന് ആന വിരണ്ടു. ആന വിരളുന്നതും വിരണ്ട ആന ആളുകളെ കൊല്ലുന്നതും നമുക്ക് അത്ര ആനക്കാര്യമല്ല. എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്തവരാണ് നമ്മൾ. അതുകൊണ്ടുതന്നെ ആനയെത്തുന്നിടത്ത് ഇപ്പോഴും ആളുകൂടും. മുമ്പ് തടിപിടിക്കലും എഴുന്നെള്ളത്തും മാത്രമായിരുന്നു ആനയുടെ ഡ്യൂട്ടി. കാലം മാറിയതോടെ തടിപിടിക്കാൻ യന്ത്രത്തിന്റെ തന്ത്രമുണ്ട്. പക്ഷേ എഴുന്നെള്ളത്തിന് ആന തന്നെ വേണം.

ഇപ്പോൾ തൃശൂർ പൂരം മോഡലിൽ നാടുനീളെ പൂരങ്ങൾ പൊടിപൊടിച്ചു തുടങ്ങിയതോടെ ആനയ്ക്ക് ജോലി കൂടി.അതുകൊണ്ടുതന്നെ കലിയും കൂടി. കൊട്ടും ബഹളവും കേട്ടും തീച്ചൂടേറ്റും മണിക്കൂറുകളോളം നിന്ന നിൽപിൽ നിൽക്കണം. സഹികെടുമ്പോൾ ആന വിരണ്ടോടും. ജനം ജീവനുംകൊണ്ടും ഓടും. ഓട്ടമത്സരത്തിനിടെ കൊലയും കൊല്ലാക്കൊലയും നടക്കും. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ ആന വിരണ്ട കഥയിൽ ഒരു ട്വിസ്റ്രുമുണ്ടായിരുന്നു. എഴുന്നെള്ളത്തിന് നിന്ന ആനകളിലൊന്ന് ബോറടിച്ചപ്പോൾ മുന്നോട്ടാഞ്ഞതാണ്. കൊമ്പ് അടുത്തുനിന്ന ആനയുടെ ദേഹത്ത് കൊണ്ടു. ആന വിരണ്ടു. ബഹളമായി. പക്ഷേ ആദ്യത്തെ ആനയുടെ കൊമ്പ് ഉൗരി താഴെ വീണു. സംഗതി ഫൈബർ കൊമ്പായിരുന്നു. മോഴ ആനയ്ക്ക് കൃത്രിമ കൊമ്പ് പിടിപ്പിച്ച് നാട്ടുകാരെ പറ്റിച്ചതാണ്. കൊമ്പില്ലാത്ത ആണാനയാണ് മോഴ. കൊലകൊമ്പൻമാർക്ക് മോഴയെ പുശ്ചമാണ്. അതുകൊണ്ട് കാട്ടിലും നാട്ടിലും മോഴയ്ക്ക് വിലയില്ല. ആനയുടെ വമ്പ് കൊമ്പിലാണ്. ആനച്ചന്തത്തിൽ തലയെടുപ്പിനും കൊമ്പിനുമാണ് ഡിമാൻഡ്. തലയെടുപ്പുള്ള ആന നാട്ടുകാരുടെ തലയെടുത്താലും ആനപ്രേമികൾ സഹിക്കും. പക്ഷേ കൊമ്പില്ലാത്ത മോഴയെ സഹിക്കില്ല. അതുകൊണ്ട് ചന്തമുള്ള കൊമ്പ് നോക്കിയാണ് ആനക്കൂലി നിശ്ചയിക്കുന്നത്. അതിനാണ് മോഴ ആനയെ കൊമ്പന്റെ വേഷം കെട്ടിച്ച് കൊണ്ടുനടക്കുന്നത്. ഇല്ലാത്തത് ഉണ്ടെന്ന് നടിച്ച് കേമത്തം കാട്ടി നടക്കുന്ന തങ്ങളുടെ സ്വഭാവം മനുഷ്യർ പാവം മോഴ ആനകളെയും പഠിപ്പിക്കുകയാണ്. തിരുവല്ലയിൽ ഫൈബർ കൊമ്പ് ഉൗരി വീണ മോഴ ആന മാനക്കേട് മൂലം തിരികെ കാട്ടിൽ കയറിക്കാണുമോ.

ആനയുടെ വമ്പ് കൊമ്പിലാണ്. ആനച്ചന്തത്തിൽ തലയെടുപ്പിനും കൊമ്പിനുമാണ് ഡിമാൻഡ്. തലയെടുപ്പുള്ള ആന നാട്ടുകാരുടെ തലയെടുത്താലും ആനപ്രേമികൾ സഹിക്കും. പക്ഷേ കൊമ്പില്ലാത്ത മോഴയെ സഹിക്കില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL