
കോഴഞ്ചേരി : കൂറുമാറ്റത്തിലൂടെ എൽ.ഡി.എഫ് അധികാരത്തിലേറിയ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ഭരണം അതേനാണയത്തിൽ യു.ഡി.എഫ് തിരിച്ചുപിടിച്ചു. ഇന്നലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജെസി സൂസൻ ജോസഫ് പ്രസിഡന്റായി. സി.പി.എം അയിരൂർ സൗത്ത് ലോക്കൽ കമ്മിറ്റിയംഗവും കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ഇടയ്ക്കാട് ഡിവിഷൻ പ്രതിനിധിയുമാണ് ജെസി സൂസൻ ജോസഫ്. വൈസ് പ്രസിഡന്റായി കേരള കോൺഗ്രസ് ജോസഫ് അംഗവും ഇരവിപേരൂർ ഡിവിഷൻ പ്രതിനിധിയുമായ എൽസ തോമസും തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസത്തെ ജെസി സൂസൻ ജോസഫ് അനുകൂലിച്ചിരുന്നു. ഇവർക്ക് സി.പി.എം വിപ്പ് നൽകാൻ ശ്രമിച്ചെങ്കിലും വീട് പൂട്ടിയിരുന്നതിനാൽ വാതിലിൽ പതിക്കുകയാണ് ചെയ്തത്.
അവിശ്വാസത്തിലൂടെ പുറത്താക്കപ്പെട്ട പ്രസിഡന്റ് കെ.കെ.വത്സലയ്ക്ക് 5 വോട്ടും ജെസി സൂസന് 7 വോട്ടും ലഭിച്ചു. ഉച്ചയ്ക്കു ശേഷം നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇരവിപേരൂർ ഡിവിഷൻ അംഗമായ കേരള കോൺഗ്രസ് പ്രതിനിധി എൽസ തോമസിന് എതിരെ മത്സരിച്ച സി.പി.എമ്മിലെ എൻ.എസ്.രാജീവിനും 5 വോട്ടാണ് ലഭിച്ചത്.
യു.ഡി.എഫ് അംഗമായിരുന്ന ഉണ്ണി പ്ലാച്ചേരി കൂറുമാറിയതോടെയാണ് എൽ.ഡി.എഫിന് ബ്ളോക്ക് ഭരണം ലഭ്യമായത്. ഉണ്ണി പ്ലാച്ചേരിയെ അയോഗ്യനാക്കിയത് എൽ ഡി എഫിന് തിരിച്ചടിയായി. പതിമൂന്നംഗ ഭരണസമിതിയിലെ 12 പേർ യോഗത്തിൽ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |