
പത്തനംതിട്ട : മാസ്റ്റർ പ്ലാനിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കുമ്പഴ സ്‌കീമിന് ഇന്നലെ ചേർന്ന നഗരസഭ കൗൺസിൽ യോഗം അന്തിമരൂപം നൽകി. കുമ്പഴയെ പത്തനംതിട്ടയുടെ പ്രവേശന കവാടമായാണ് മാസ്റ്റർ പ്ലാൻ വിഭാവനം ചെയ്യുന്നത്. കുമ്പഴയെ നഗരത്തിന്റെ വിനോദ വിശ്രമ ഹബാക്കി മാറ്റുകയാണ് ലക്ഷ്യം. നഗരസഭ പരിധിയിലെ അഞ്ച് സ്‌കീമുകളിൽ ഒന്നാണ് കുമ്പഴ വിശദ നഗരസൂത്രണ പദ്ധതി. തദ്ദേശ സ്വയംഭരണ വകുപ്പ് പ്ലാനിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന പഠനങ്ങൾക്ക് ശേഷമാണ് 2024 ജനുവരിയിൽ കുമ്പഴ സ്‌കീം പുതുക്കി പ്രസിദ്ധീകരിച്ചത്. പൊതുജനങ്ങളിൽ നിന്ന് പരാതികളും അഭിപ്രായങ്ങളും സ്വീകരിക്കാൻ കൗൺസിൽ സ്‌പെഷ്യൽ കമ്മിറ്റിയെ തിരഞ്ഞെടുത്തിരുന്നു. കുമ്പഴ ടൗണിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ വിവിധ ആവശ്യങ്ങൾക്കായുള്ള കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് പഴയ സ്‌കീം പ്രകാരം കടുത്ത നിയന്ത്രണങ്ങളുണ്ടായിരുന്നു.
കുമ്പഴ സ്കീമിൽ 467 നിർദ്ദേശങ്ങളും പരാതികളും ലഭിച്ചു.
പ്രത്യേക കമ്മിറ്റി 173 പേരുമായി കൂടിക്കാഴ്ച നടത്തി.
പ്രധാന നിർദ്ദേശങ്ങൾ
1.കുമ്പഴ ഓപ്പൺ സ്റ്റേജ് ടൗൺ സ്‌ക്വയർ മാതൃകയിൽ വികസിപ്പിക്കും.
2.സ്‌കീം ഏരിയായിലെ ഭൂമിയിൽ കൃഷിക്ക് നിയന്ത്രണമില്ല.
3. സ്‌കീം ഏരിയയുടെ വിസ്തൃതിയിൽ മാറ്റമില്ല.
4.സ്ലോട്ടർ ഹൗസും ഗ്രേ വാട്ടർ ശുദ്ധീകരണ പ്ലാന്റും ഉപേക്ഷിച്ചു.
5.മത്സ്യ മാർക്കറ്റിന് സമീപം റോഡിനോട് ചേർന്ന ഭാഗങ്ങൾ മിക്‌സഡ് സോണാക്കി മാറ്റി.
6.സ്‌കീമിലെ നിർദ്ദേശങ്ങൾ ആരാധനാലയങ്ങളെ ബാധിക്കില്ല.
7. വിനോദ ഉപാധികൾക്കായി ആറ്റ് പുറമ്പോക്ക് ഉപയോഗിക്കും.
8. പുതിയ റോഡുകളുടെ നിർദ്ദേശങ്ങൾ ഒഴിവാക്കി.
9. ഇക്കോളജിക്കൽ പാർക്കിനുള്ള നിർദ്ദേശങ്ങൾ നിലനിർത്തി.
10. മിക്‌സഡ് സോണിന്റെ വിസ്തൃതി വർദ്ധിപ്പിച്ചു.
ഭൂമിയുടെ വിനിയോഗത്തിൽ കഴിഞ്ഞ 40 വർഷങ്ങളായി കുമ്പഴ നിവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമാണ് പുതിയ സ്‌കീം .
അഡ്വ.ടി.സക്കീർ ഹുസൈൻ
നഗരസഭാ അദ്ധ്യക്ഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |