
പത്തനംതിട്ട : കാട്ടുപന്നി ഭീഷണിയിലായ ജില്ലയിലെ കാർഷിക മേഖലയ്ക്ക് സംരക്ഷണമൊരുക്കാൻ കമ്പിവേലി പദ്ധതി വ്യാപകമാക്കി ജില്ലാപഞ്ചായത്ത്. ജില്ലാ പഞ്ചായത്തിനൊപ്പം ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളും സംയുക്തമായി പദ്ധതിക്കായി പണം നീക്കിവയ്ക്കും.
2022ൽ ആരംഭിച്ച പദ്ധതിയിൽ ആദ്യഘട്ടത്തിൽ 24 പഞ്ചായത്തുകളുടെ പങ്കാളിത്വമുണ്ടായിരുന്നു. കഴിഞ്ഞവർഷം 17 പഞ്ചായത്തുകൾ പദ്ധതിയിൽ അംഗമായി.
ഇൗ വർഷം ഇതുവരെ 13 പഞ്ചായത്തുകൾ പദ്ധതിയിൽ അംഗമാകാൻ അപേക്ഷ നൽകി.
പദ്ധതി ഇങ്ങനെ
കൃഷിഭൂമിക്ക് ചുറ്റും ബലവത്തായ തൂണുകളിലാകും കമ്പിവേലി സ്ഥാപിക്കുക. 60 മില്ലിമീറ്റർ കനമുള്ള പ്രത്യേകതരം കമ്പിയാണ് ഇതിനായി ഉപയോഗിക്കുക. വേലി ഇരുമ്പു തൂണുകളിലോ കോൺക്രീറ്റ് തൂണുകളിലോ ബന്ധിപ്പിക്കാം. ഒന്നര മീറ്റർ ഉയരം ഇതിനുണ്ടാകണം.
ഒരു മീറ്റർ വേലിയുടെ നിർമ്മാണത്തിന് 500 രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
കൃഷിവകുപ്പിലെ എൻജിനീയർ തയാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം കമ്പിവേലി നിർമ്മാണം ഏറ്റെടുക്കാൻ തയാറുള്ള കർഷകർ ഗ്രാമപഞ്ചായത്തിൽ അപേക്ഷ നൽകണം. പദ്ധതി ചെലവിന്റെ പകുതി തുക ത്രിതല പഞ്ചായത്തുകൾ നൽകും. ബാക്കി തുക ഗുണഭോക്താക്കളായ കർഷകർ നൽകണം. ബലമുള്ള
കമ്പിവേലി കർഷകർ വാങ്ങണം. നിർമ്മാണം പരിശോധിച്ചശേഷം സബ്സിഡി തുക കർഷകരുടെ അക്കൗണ്ടിലേക്ക് നൽകും. ഒന്നിലധികം കൃഷിയിടങ്ങളുടെ സംരക്ഷണത്തിനായി കർഷകർക്ക് കൂട്ടായും പദ്ധതി ഏറ്റെടുക്കാം.
ഈ വർഷം അപേക്ഷ നൽകിയ പഞ്ചായത്തുകൾ
കുളനട, ഇലന്തൂർ, ഏഴംകുളം, പന്തളം തെക്കേകര, ചെറുകോൽ, തുമ്പമൺ, കോയിപ്രം, ഇലന്തൂർ, തോട്ടപ്പുഴശ്ശേരി, ചെന്നീർക്കര, മല്ലപ്പുഴശ്ശേരി, നാരങ്ങാനം.
കഴിഞ്ഞ വർഷം ചെലവഴിച്ചത് : 1.68 ലക്ഷം രൂപ
ഇത്തവണ അടങ്കൽ തുക : 75 ലക്ഷം
ഈ വർഷം കൂടുതൽ പഞ്ചായത്തുകളിൽ പദ്ധതി വ്യാപിപ്പിക്കാനാകും.
ജില്ലാ പഞ്ചായത്ത് അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |