
ചെങ്ങന്നൂർ : ക്യാൻസർ ബാധിച്ച് മരിച്ച അമ്മ സരളയുടെയും അച്ഛൻ കൃഷ്ണൻകുട്ടിയുടെയും സ്മരണയിൽ ക്യാൻസർ രോഗികൾക്കായി സൗജന്യ ആശുപത്രി യാത്ര ഒരുക്കുകയാണ് പുലിയൂർ പഞ്ചായത്ത് 12-ാം വാർഡിൽ അഞ്ചുതെങ്ങിൽ എ.കെ.വിവേക്.
2022 ജനുവരിയിൽ ഒരാഴ്ചത്തെ ഇടവേളയിലായിരുന്നു മാതാപിതാക്കളുടെ മരണം. മൂന്ന് വർഷത്തോളം ക്യാൻസറിനോട് പൊരുതിജീവിച്ച പ്രിയപ്പെട്ടവരുടെ മരണശേഷം വിവേക് എടുത്ത തീരുമാനമായിരുന്നു സൗജന്യയാത്ര എന്നത്. എല്ലാ മാസവും അഞ്ചുദിവസം വിവേകിന്റെ ഓട്ടോറിക്ഷ സാമ്പത്തിക ബുദ്ധിമുട്ടുള്ള ക്യാൻസർ രോഗികളുമായി കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളേജുകളിലേക്ക് സൗജന്യയാത്ര നടത്തും.
സൗജന്യയാത്ര ആവശ്യമുള്ളവരെ സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് വിവേക് കണ്ടെത്തുന്നത്. അർഹരാണെന്ന് കണ്ടെത്തിയാൽ ആശുപത്രിയിൽ പോകേണ്ട തീയതിക്ക് മൂന്നുദിവസം മുൻപ് വിളിച്ചു യാത്ര ഉറപ്പുവരുത്തും. തുടർന്ന് പുലർച്ചെ ഓട്ടോയുമായി രോഗിയുടെ വീട്ടിലെത്തും. മിക്കപ്പോഴും രാത്രി വൈകിയാകും തിരികെയെത്തുക. അതുവരെ വിവേകും ആശുപത്രി പരിസരത്ത് കാണും. ആവശ്യമായ സഹായങ്ങളും ചെയ്തു നൽകും. കായംകുളം മുതൽ തിരുവല്ല വരെയുള്ള ഭാഗത്തെ രോഗികൾ വിവേകിന്റെ ഒാട്ടോയിൽ സൗജന്യ യാത്രചെയ്തിട്ടുണ്ട്.
പാണ്ടനാട് മാങ്ങാത്തറിയിൽ ലളിത (70) കഴിഞ്ഞ ഒന്നര വർഷമായി വിവേകിന്റെ ഓട്ടോയിൽ സഞ്ചരിച്ചാണ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് എത്തുന്നത്. രാവിലെ ആറു മണിക്ക് ഓട്ടോയുമായി എത്തുന്ന വിവേക് പലപ്പോഴും രാത്രി ഏഴുമണിയോടെയാണ് മടങ്ങുന്നത്. ഇതിനിടെ ഒരു ഗ്ലാസ് വെള്ളം പോലും വിവേക് തങ്ങളുടെ കൈയിൽ നിന്ന് വാങ്ങി കുടിക്കാറില്ലെന്ന് ലളിത പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |