SignIn
Kerala Kaumudi Online
Saturday, 24 October 2026 6.03 AM IST

കദളിമംഗലം പടയണി : ഇരുവെള്ളിപ്പറ - തെങ്ങേലി കരക്കാരുടെ ഇടപ്പടയണി ഇന്ന്

kalathil

തിരുവല്ല : കദളിമംഗലം പടയണിയിൽ ഇരുവെള്ളിപ്പറ-തെങ്ങേലി കരക്കാരുടെ ഇടപ്പടയണി ഇന്ന് രാത്രി 9.30ന് വിളക്കുവച്ച് പുലവൃത്തത്തോടെ തുടക്കമാകും. പുലവൃത്തത്തിൽ പ്രത്യേക ഇനമായ കോൽകളി അരങ്ങേറും. ശേഷം തപ്പിൽ ജീവതാളത്തിൽ കൊട്ടിക്കയറും. കാച്ചിയ തപ്പിലാണ് മേളം. തപ്പുമേളം കാപ്പൊലിച്ചശേഷം താവടി നടക്കും. തുടർന്ന് മുപ്പത്തിമുക്കോടി ദേവതകളേയും യക്ഷികിന്നരഗന്ധർവാദി സൈന്യങ്ങളെയും കരക്കാർ ഒത്തുചേർന്ന് ചൂട്ടുകറ്റ കത്തിച്ചുപിടിച്ച് കൂകിവിളിച്ച് വരുത്താനായി ക്ഷേത്രത്തിന് മൂന്ന്പ്രദക്ഷിണം വച്ച് ചൂട്ടുവയ്പ്പ് പൂർത്തിയാക്കും. തുടർന്ന് വിനോദ ഇനമായ പരദേശി അരങ്ങേറും. ശേഷം ഗണപതി കോലത്തോടെ പാളകോലങ്ങളുടെ തുള്ളൽ തുടങ്ങും. വലിയ കോലമായ 101പാളയുടെ രൗദ്രഭാവങ്ങൾ നിറഞ്ഞ ഭൈരവികോലങ്ങൾ കളത്തിൽ തുള്ളിയൊഴിയും. പിന്നീട് മറനീക്കി അരയ്ക്കയക്ഷി കോലംകളത്തിൽ തുള്ളിയുറയും. രണ്ടുപേർ ചേർന്നാണ് തുള്ളുന്നത്. കളത്തിൽ തുണികൊണ്ട് മറപിടിച്ച് പാട്ടിന്റെ ആദ്യപാദം കഴിയുമ്പോൾ മറനീക്കി കോലധാരികൾ തുള്ളിയുറയും. ശേഷം കാലൻകോലങ്ങൾ കളത്തിലെത്തും. നിരവധി കോലങ്ങൾ തുള്ളിമാറേണ്ടതിനാൽ ഒരുസമയം രണ്ട് കാലൻകോലങ്ങൾ വീതം തുള്ളിമാറും. തുടർന്ന് ചെറുകോലങ്ങളായ പക്ഷി,യക്ഷി, മറുത തുടങ്ങിയവും 32, 16പാളകളുടെ ഒന്നിലധികം ഭൈരവികോലങ്ങളും കളത്തിൽ തുള്ളിയൊഴിയും. ഇന്നലെ വെൺപാലക്കരക്കാരുടെ എഴുതിതുള്ളൽ നടന്നു. 24ന് വെൺപാല കരക്കാരുടെ ഇടപ്പടയണി നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL