
തിരുവല്ല : ഇരുളിന്റെ മറവിൽ എത്തിയ അജ്ഞാതർ എരുമയുടെ വാൽമുറിച്ചു നീക്കി. മുറിച്ചുനീക്കിയ വാലിന്റെ ഭാഗം ഉടമയുടെ വീട്ടുമുറ്റത്തെ കസേരയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. നിരണം രണ്ടാം വാർഡിൽ പുളിയ്ക്കൽ വീട്ടിൽ ക്ഷീരകർഷകനായ പി.കെ.മോഹനൻ വളർത്തുന്ന അഞ്ച് വയസുള്ള അമ്മിണി എന്ന എരുമയ്ക്ക് നേരെ കഴിഞ്ഞദിവസം രാത്രിയാണ് ആക്രമണം നടന്നത്. തിങ്കളാഴ്ച പുലർച്ചെ നാലിന് കുളിപ്പിച്ച് പാൽ കറക്കുന്നതിനായി മോഹനൻ തൊഴുത്തിൽ എത്തിയപ്പോഴാണ് വാൽമുറിഞ്ഞു ദയനീയ ഭാവത്തിൽ നിൽക്കുന്ന എരുമയെ കണ്ടത്. തുടർന്ന് വീട്ടുമുറ്റത്തെ കസേരയിൽ മുറിച്ചു മാറ്റിയ വാലിന്റെ ഭാഗവും കണ്ടു. തുടർന്ന് നിരണം മൃഗാശുപത്രിയിലെ ഡോക്ടറെ ഫോണിൽ ബന്ധപ്പെട്ടു. ഡോക്ടറുടെ നിർദ്ദേശപ്രകാരം വാലിന്റെ ഭാഗം മരുന്നുവെച്ച് കെട്ടി. ഇന്നലെ രാവിലെ മൃഗഡോക്ടർ എത്തി കൂടുതൽ പരിശോധനകൾ നടത്തി മരുന്നുകളും നൽകി. മോഹനൻ പുളിക്കീഴ് പൊലീസിൽ പരാതി നൽകി. വാൽ മുറിക്കപ്പെട്ട എരുമയെ കൂടാതെ കറവയുള്ള ഒരു പശുവും മൂന്ന് പോത്തുകളും മോഹനനുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |