SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.02 AM IST

അടിയൊഴുക്കുകൾ ഗതിനിർണയിക്കും

vote

വാേട്ടർമാർ ഇന്ന് മനസുതുറക്കുമ്പോൾ അടിയൊഴുക്കുകൾ

സ്ഥാനാർത്ഥികളെയും നേതാക്കളെയും ആശങ്കപ്പെടുത്തുന്നു

പത്തനംതിട്ട : ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും പ്രചാരണം കൊഴുപ്പിച്ച മൂന്ന് മുന്നണികളും വിജയ പ്രതീക്ഷയിലാണെങ്കിലും അടിയൊഴുക്കുകൾ ആശങ്കയാകുകയാണ്.

സംസ്ഥാനം ഉറ്റുനോക്കുന്ന മണ്ഡലങ്ങൾ ആറൻമുളയും തിരുവല്ലയുമാകുന്നു. മന്ത്രി വീണാജോർജും യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കിയും ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനും മത്സരിക്കുന്ന ആറൻമുളയിൽ മൂന്ന് മുന്നണികൾക്കും അഭിമാന പോരാട്ടമാണിത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം ആള് മത്സരിക്കുന്ന തിരുവല്ലയിൽ എൻ.ഡി.എ സ്ഥാനാർത്ഥി അനൂപ് ആന്റണി എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് വെല്ലുവിളി ഉയർത്തിയിട്ടുണ്ട്.

ആറൻമുള

എൽ.ഡി.എഫിനായി വീണാജോർജ് മൂന്നാമൂഴം തേടുമ്പോൾ എതിരാളികളുടെ ശക്തമായ വെല്ലുവിളിയാണ്. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പിലും മുന്നണി വോട്ടുകൾക്കു പുറമേ നിന്നുള്ള വോട്ടുകൾ വലിയ തോതിൽ നേടാനായി. ഇത്തവണയും പ്രചാരണത്തിൽ വീഴ്ചയില്ലാതെ മുന്നോട്ടുപോകാനായത് ആത്മവിശ്വാസം നൽകുന്നു.

യു.ഡി.എഫ് സ്ഥാനാർത്ഥി അബിൻ വർക്കിക്ക് മണ്ഡലത്തിൽ അപരിചിതത്വം ഉണ്ടായില്ല. വോട്ടർമാരെ സ്വാധീനിച്ച വ്യക്തിപ്രഭാവം വോട്ടായി മാറുമെന്നാണ് പ്രതീക്ഷ. കോൺഗ്രസിനുള്ളിൽ സ്ഥാനാർത്ഥിയാകാൻ മോഹിച്ചവരുടെ പാലം വലിയാണ് ആശങ്കയുണ്ടാക്കുന്നത്.

എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ ആറൻമുളയ്ക്ക് പറ്റിയ സ്ഥാനാർത്ഥിയെന്നാണ് മുന്നണി വിലയിരുത്തൽ. ആറൻമുളയ്ക്ക് പരിചിതമായ മുഖം. പുതിയ വോട്ടർമാരിലും സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടാകുമെന്നാണ് ബി.ജെ.പി കരുതുന്നത്. സംഘടനാപരമായ കരുത്ത് മുഴുവൻ പുറത്തെടുക്കാനായോ എന്നതാണ് പാർട്ടിയെ ചിന്തിപ്പിക്കുന്നത്.

തിരുവല്ല

മണ്ഡലത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് നല്ലൊരു ത്രികോണ മത്സരം കണ്ടത്. നിലവിലെ എം.എൽ.എ മാത്യു ടി തോമസിനോട് ശരിക്കും പോരാടുന്നത് യു.ഡി.എഫിലെ വർഗീസ് മാമ്മനോ എൻ.ഡി.എയിലെ അനൂപ് ആന്റണിയോ എന്നാണ് വോട്ടർമാരുടെ മനസിലെ ചോദ്യം. വികസനം പറഞ്ഞ് മാത്യു ടി വോട്ട് തേടിയപ്പോൾ അവസാന നാളുകളിൽ ഉയർന്ന പ്രളയവിവാദം തിരിച്ചടിക്കുമോ എന്നതാണ് ആശങ്ക. പ്രചാരണം കൊഴുപ്പിച്ച എൻ.ഡി.എ സ്ഥാനാർത്ഥി അനൂപ് ആന്റണിയ്ക്കുവേണ്ടി പ്രധാനമന്ത്രി നേരേന്ദ്രമോദി എത്തിയത് നേട്ടമുണ്ടാക്കുമെന്നാണ് അവരുടെ പ്രതീക്ഷ. യു.ഡി.എഫിനായി വർഗീസ് മാമ്മൻ പ്രചാരണത്തിൽ ഒപ്പം നിന്നു.

കോന്നി

സിറ്റിംഗ് എം.എൽ.എ ജനീഷ് കുമാറിന് മൂന്നാം മത്സരമാണിത്. യുവ നേതാവിന്റെ വിജയത്തിനായി എൽ.ഡി.എഫ് പഴുതടച്ച പ്രചാരണം നടത്തി. ഭരണ വിരുദ്ധവികാരം പ്രതിഫലിക്കുമോയെന്നത് വെല്ലുവിളിയാകുന്നു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലും എൻ.ഡി.എ സ്ഥാനാർത്ഥി ടി.പി.സുന്ദരേശനുമാണ് പ്രധാന എതിരാളികൾ. പാരവെയ്പ്പുകളില്ലാതെയാണ് കോന്നിയിൽ കോൺഗ്രസിന്റെ പോരാട്ടം. ദേശീയ നേതാക്കൾ ആരും മണ്ഡലത്തിൽ എത്താതിരുന്നത് പോരായ്മയായി. ബി.ജെ.പിക്ക് ശക്തമായ വേരാേട്ടമുള്ള മണ്ഡലത്തിൽ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിക്ക് വോട്ടു കുറയാതിരിക്കാൻ ജാഗ്രതയിലാണ് എൻ.ഡി.എ.

അടൂർ

നിശബ്ദ പ്രചാരണ ദിവസം നടന്ന വ്യക്തിഹത്യാ ആരോപണമാണ് അ‌ടൂരിലെ ക്ളൈമാക്സ്. എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർത്ഥികൾ തമ്മിലുളള ആരോപണത്തിൽ നേതാക്കളും ചേർന്നു. സ്ഥാനാർത്ഥിയുടെ വ്യക്തിപ്രഭാവമാണ് എൽ.ഡി.എഫ് ഉയർത്തിക്കാട്ടുന്നത്. ചിറ്റയം ഗോപകുമാർ നടത്തിയ വികസന പ്രവർത്തനങ്ങളും ചർച്ചയായി. വോട്ടു ചോർച്ച തടയുകയാണ് വെല്ലുവിളി. പഴയ പ്രതാപം വീണ്ടെടുക്കലാണ് യു.ഡി.എഫ് ലക്ഷ്യം. വോട്ട് വർദ്ധിപ്പിച്ച് നിർണായക ശക്തിയാകാൻ മണ്ഡലത്തിൽ സുപരിചതനായ സ്ഥനാർത്ഥിയെയാണ് എൻ.ഡി.എ കളത്തിലിറക്കിയത്.

റാന്നി

ഇടതും വലതും ബലാബലം പിടിക്കുന്ന റാന്നിയിൽ കടുത്ത പോരാട്ടം. യു.ഡി.എഫ് സ്ഥാനാർത്ഥി പഴകുളം മധു മണ്ഡലം ഇളക്കി മറിച്ചു. ഭരണവിരുദ്ധ വികാരം എൽ.ഡി.എഫിനെ അലട്ടുന്നു. ട്വന്റി ട്വന്റി സ്ഥാനാർത്ഥിയാണെങ്കിലും റാന്നിയിൽ ബി.ജെ.പിക്ക് അഭിമാന പോരട്ടമാണ്. ശബരിമല ഉൾപ്പെടുന്ന മണ്ഡലത്തിൽ വോട്ടു കുറയാതിരിക്കാനാണ് ശ്രദ്ധ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL