SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.20 AM IST

അഞ്ചി​ടങ്ങളി​ൽ ആര് നേടും ?

vvpat-election-voting

പത്തനംതിട്ട: വോട്ടെടുപ്പ് കഴിഞ്ഞു, എവിടെയും സംസാരവിഷയം സംസ്ഥാനം ആര് ഭരിക്കും?, ജില്ല ആര് നേടും? എന്നതാണ്. ജില്ലയിലെ അഞ്ച് സീറ്റുകളും കയ്യിലുള്ള എൽ.ഡി.എഫിന് ചില സീറ്റുകൾ നഷ്ടപ്പെടാം എന്ന ആശങ്കയുണ്ട്. ഏതൊക്കെയെന്ന് തുറന്നുപറയാൻ നേതാക്കൾക്ക് മടി. ആറൻമുളയിൽ മത്സരം ഇത്തവണ കടുത്തു, തിരുവല്ലയിൽ എൻ.ഡി.എ പണം എറിഞ്ഞ് പ്രചാരണം നടത്തി എന്നൊക്കെ മുൻകൂർ ജാമ്യം എടുക്കുന്നുണ്ട്. കോന്നിയിലും റാന്നിയിലും അടൂരിലും വിജയിക്കും എന്നു പറയുമ്പോഴും ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചാൽ എല്ലാം ഒഴുകിപ്പോയേക്കുമെന്ന വിചാരവുമുണ്ട്. യു.ഡി.എഫ് ക്യാമ്പ് പൂർണ ആത്മവിശ്വാസത്തിലാണ്. അഞ്ചിൽ ഒന്നുമില്ലാത്ത ജില്ലയിൽ, ഒന്നെങ്കിലും തിരിച്ചുപിടിച്ചാൽ അതുനേട്ടമാകും.

ആറൻമുള

അബിൻ വർക്കിയിലൂടെ ആറൻമുള സീറ്റ് മാത്രം തിരിച്ചുപിടിച്ചാൽ യു.ഡി.എഫ് വമ്പൻ വിജയമായി ആഘോഷിക്കും. അഭിമാന പോരാട്ടം വേറെ എവിട‌െയുമില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രതിപക്ഷ വിമർശനം നേരിട്ട വകുപ്പിന്റെ മന്ത്രി വീണാജോർജാണ് എൽ.ഡി.എഫിനു വേണ്ടി മൂന്നാമതും മത്സരിച്ചത്. തോറ്റാൽ അത് എം.എൽ.എ വിരുദ്ധ വികാരം അലയടിച്ചതുകൊണ്ടാണെന്ന് എൽ.ഡി.എഫിന് ന്യായീകരിക്കാം.

കോന്നി

എൽ.ഡി.എഫ് വിജയം ഉറപ്പിക്കുന്ന മണ്ഡലം. കെ.യു.ജനീഷ് കുമാർ വീണ്ടും വിജയിക്കുമെന്ന് അവകാശപ്പെടാൻ കാരണങ്ങളേറെയുണ്ട്. എൽ.ഡി.എഫ് സംവിധാനം ചടുലമായി പ്രവർത്തിച്ചു. യു.ഡി.എഫിലെ പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിനെ ശക്തനായ എതിരാളിയായി എൽ.ഡി.എഫ് കണ്ടില്ല. ആ നിസാര ഭാവം വിനയായി മാറിയേക്കാം. യു.ഡി.എഫിലെ പ്രധാന പാർട്ടിയായ കോൺഗ്രസ് ഇത്തവണ ഒറ്റക്കെട്ടായിരുന്നു. അടൂർ പ്രകാശിന്റെ അനുകൂലികളും എതിരാളികളും കൊച്ചുപറമ്പിലിനു വേണ്ടി ഉണർന്നു പ്രവർത്തിച്ചിട്ടുണ്ട്.

റാന്നി

കോൺഗ്രസിലെ അനൈക്യമാണ് റാന്നിയിൽ എൽ.ഡി.എഫിന്റെ ശക്തി. മണ്ഡലം പ്രമോദ് നാരായണന്റെ കയ്യിൽ തന്നെ ഇരിക്കുമെന്ന് എൽ.ഡി.എഫ് കരുതുന്നു. യു.ഡി.എഫിനു വേണ്ടി കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു ഇറങ്ങിയപ്പോൾ ആദ്യം ചെയ്തത് പാർട്ടിയിലെ സ്ഥാനാർത്ഥി മോഹികൾ വഴിയുള്ള വോട്ടു ചോർച്ചയ്ക്ക് തട കെട്ടുകയായിരുന്നു. എ.ഐ.സി.സി നിരീക്ഷകരെ മണ്ഡലത്തിൽ ഇറക്കി. സ്ഥാനാർത്ഥിയെ കാലുവാരാൻ സാദ്ധതയുള്ളവരെ നോട്ടമിട്ടു. ഫലം എതിരായാൽ പണി ഉറപ്പെന്ന മുന്നറിയിപ്പുണ്ടായി.

തിരുവല്ല

എൽ.ഡി.എഫ് തോൽവി പ്രതീക്ഷിക്കുന്ന മണ്ഡലം. നിലവിലെ എം.എൽ.എയും സ്ഥാനാർത്ഥിയുമായ മാത്യു ടി.തോമസിനെതിരെ ജനവികാരം ഉണർത്തുന്നതിൽ യു.ഡി.എഫും എൻ.ഡി.എയും മത്സരിച്ചു. എൽ.ഡി.എഫ് തോറ്റാൽ യു.ഡി.എഫ് ജയിക്കും എന്നതല്ല മണ്ഡലത്തിലെ സൂത്രവാക്യം. എൻ.ഡി.എ കയറിവന്നേക്കും എന്നുമുണ്ട്. ആദ്യമേ മണ്ഡലം ഇളക്കി മറിച്ച അനൂപ് ആന്റണി പ്രധാനമന്ത്രിയെ എത്തിച്ച് ക്ളൈമാക്സ് ഗംഭീരമാക്കി. വർഗീസ് മാമ്മൻ ജയിക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.

അടൂർ

വ്യക്തിഹത്യകൾ അരങ്ങ് തകർത്ത പ്രചാരണം. അധിക്ഷേപത്തെയും വോട്ടാക്കി മാറ്റാൻ യു.ഡി.എഫ് സ്ഥാനാർത്ഥി സി.വി.ശാന്തകുമാർ കിണഞ്ഞു ശ്രമിച്ചു. പൊട്ടിക്കരഞ്ഞത് വോട്ടർമാരുടെ മനസിളക്കിയോ എന്ന് ഫലം വരുമ്പോഴറിയാം. ആക്ഷേപങ്ങളെ പക്വതയോടെ നേരിട്ട എൽ.ഡി.എഫിലെ പ്രിജി കണ്ണൻ മണ്ഡലം നിലനിറുത്തുമെന്നാണ് നേതാക്കൾ കരുതുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL