SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.10 AM IST

കോന്നി നാരായണപുരം ചന്തയിൽ, മത്സ്യമാർക്കറ്റോ, മാലിന്യകേന്ദ്രമോ?

market-
കോന്നി നാരായണപുരം ചന്തയിലെ ആധുനിക മത്സ്യ മാർക്കറ്റിന്റെ കെട്ടിടം

കോന്നി : നാരായണപുരം ചന്തയിൽ മത്സ്യമാർക്കറ്റിനായി ആധുനിക സൗകര്യങ്ങളോടെ കെട്ടിടം നിർമ്മിച്ചിട്ടുണ്ടെങ്കിലും ഇവിടെ കച്ചവടം നടത്താൻ വ്യാപാരികൾ തയ്യാറാകുന്നില്ല. ഏഴ് വർഷമായി കെട്ടിടം ഉപയോഗശൂന്യമായ നിലയിലാണ്. ഹരിതകർമ്മ സേനാംഗങ്ങൾ ശേഖരിക്കുന്ന മാലിന്യങ്ങൾ സൂക്ഷിക്കാനുള്ള കേന്ദ്രമായി മത്സ്യമാർക്കറ്റ് കെട്ടിടം മാറിയിരിക്കുന്നു. 2018 ൽ ആണ് മത്സ്യമാർക്കറ്റ് വ്യാപാരികൾക്കായി തുറന്നുനൽകിയത്.

ആധുനിക സജ്ജീകരണങ്ങളോടെയുള്ള 49 മത്സ്യസ്റ്റാളുകൾ നിർമ്മിച്ചു. ഓരോ സ്റ്റാളിലും മത്സ്യം വെട്ടി കേടുകൂടാതെ സൂക്ഷിക്കാനും വൈദ്യുതി, കുടിവെള്ളം അടക്കമുള്ള സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. ഗ്രാമപഞ്ചായത്ത് വിട്ടുനൽകിയ ഭൂമിയിൽ കോസ്റ്റൽ ഏരിയ ഡെവലപ്​മെന്റ് കോർപറേഷൻ രണ്ടേകാൽ കോടി ചെലവഴിച്ചാണ് മത്സ്യമാർക്കറ്റ്​ കെട്ടിടം നിർമിച്ചത്. മത്സ്യസ്റ്റാളുകൾ ഒഴിഞ്ഞു കിടക്കുമ്പോൾ കെട്ടിടത്തിന് മുന്നിലെ തുറസായയിടത്താണ് മത്സ്യവ്യാപാരികൾ കച്ചവടം തുടരുന്നത്. നാരായണപുരം ചന്തയിൽ വർഷങ്ങളായി മത്സ്യവ്യാപാരം നടത്തിവന്നവർക്കായാണ് ആധുനിക മത്സ്യമാർക്കറ്റ് തുറന്നത്.

പദ്ധതി ചെലവ് : 2.25 കോടി രൂ

മത്സ്യസ്റ്റാളുകൾ : 49

വ്യാപാരികളുടെ ശീതസമരം

ചന്തയ്ക്ക് സമീപം വഴിയരുകിൽ നിരവധി മത്സ്യ സ്റ്റാളുകളുള്ളതിനാൽ മാർക്കറ്റിലെത്തി മീൻ വാങ്ങുന്നവർ കുറവാണ്. ഇത് മാർക്കറ്റിലെ സ്റ്റാളുകളിൽ വ്യാപാരനഷ്ടത്തിന് കാരണമായി. വഴിയരുകിലെ മീൻകച്ചവടം നിറുത്തിയാൽ മാത്രമേ സ്റ്റാളുകളിൽ കച്ചവടം നടത്തുകയുള്ളൂവെന്നാണ് വ്യാപാരികൾ പറയുന്നത്. നിരവധി തവണ പഞ്ചായത്ത് ഭരണസമിതി ചർച്ച നടത്തിയെങ്കിലും വ്യാപാരികൾ ഒറ്റക്കെട്ടായി തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ്​. സ്റ്റാളുകളിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താത്തതിനാൽ മാലിന്യപ്രശ്നവുമുണ്ട്.

ആധുനിക നിലവാരത്തിൽ പണികഴിപ്പിച്ച മത്സ്യ മാർക്കറ്റ് തുറന്നുപ്രവർത്തനം ആരംഭിക്കാൻ അധികൃതർ നടപടി സ്വീകരിക്കണം.
എം.എ.ബഷീർ (പൊതുപ്രവർത്തകൻ)

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL