SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.56 AM IST

ആരാകും ജില്ലയുടെ മന്ത്രി ?

minister

പത്തനംതിട്ട : പുതിയ സർക്കാർ വരുമ്പോൾ ജില്ലയ്ക്ക് മന്ത്രിയുണ്ടാകുമോ?. ജനം ചോദിക്കുന്നു. മന്ത്രിയെക്കിട്ടിയാൽ ആരാകും എന്ന ചർച്ചകളും സജീവമായി. ആറൻമുളയിൽ നിന്ന് അബിൻ വർക്കിയും റാന്നിയിൽ നിന്ന് പഴകുളം മധുവും അടൂരിൽ നിന്ന് സി.വി.ശാന്തകുമാറുമാണ് ജില്ലയിലെ കോൺഗ്രസ് എം.എൽ.എമാർ. പാർട്ടി പാരമ്പര്യവും സീനിയോറിറ്റിയും കണക്കിലെടുത്താൽ കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധുവിനെയാകും മന്ത്രിസ്ഥാനത്തേക്ക് ആദ്യം പരിഗണിക്കുക. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ വിശ്വസ്തനുമാണ്. എന്നാൽ, നായർ സമുദായ പ്രാതിനിധ്യം പരിഗണിച്ചാൽ മുമ്പിൽ മുതിർന്ന നേതാക്കൾ ഒട്ടേറെയുണ്ട്. വി.ഡി.സതീശനും രമേശ് ചെന്നിത്തലയും കെ.മുരളീധരനും പി.സി വിഷ്ണുനാഥും സമുദായത്തിൽ നിന്നുള്ള മുതിർന്ന നേതാക്കളാണ്.

2011ൽ കോന്നി എം.എൽ.എ ആയിരുന്ന അടൂർ പ്രകാശായിരുന്നു ജില്ലയിൽ നിന്ന് അവസാനത്തെ കോൺഗ്രസ് മന്ത്രി.

മൂന്നുപേരുകൾ

1. റാന്നിയിൽ വിജയിച്ച കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു,

2. ആറൻമുളയിൽ മന്ത്രി വീണാജോർജിനെ അട്ടിമറിച്ച അബിൻ വർക്കി.

3. പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള അടൂരിന്റെ പ്രതിനിധി സി.വി.ശാന്തകുമാർ.

പ്രതീക്ഷ നേതൃത്വത്തിൽ

പത്ത് വർഷത്തിന് ശേഷം യു.ഡി.എഫ് വീണ്ടും അധികാരത്തിലെത്തുമ്പോൾ ജില്ലയ്ക്ക് മന്ത്രിയുണ്ടാകുമെന്നാണ് പ്രതീക്ഷ. എൽ.ഡി.എഫിന്റെ കൈവശമായിരുന്ന ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ നാലും പിടിച്ചെടുത്താണ് ഇക്കുറി യു.ഡി.എഫ് മിന്നുന്ന വിജയം നേടിയത്. ഇക്കാര്യം മന്ത്രിമാരെ നിശ്ചിക്കുമ്പോൾ നേതൃത്വത്തിന്റെ മനസിലുണ്ടാകുമെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ പ്രതീക്ഷ. തിരുവല്ലയിൽ വിജയിച്ച കേരള കോൺഗ്രസ് ജെ പ്രതിനിധി അഡ്വ. വർഗീസ് മാമ്മന് മന്ത്രിസ്ഥാനമോ പ്രധാന പദവിയോ നൽകണമെന്ന് പാർട്ടി ജില്ലാ നേതൃത്വം ആവശ്യപ്പെടും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL