
തിരുവല്ല : കടപ്ര പഞ്ചായത്ത് 13-ാം വാർഡ് പന്നായി - തേവേരി റോഡിലെ കപ്യാരുശ്ശേരി കലുങ്ക് അപകടാവസ്ഥയിൽ. തകർച്ചയിലായ കലുങ്കിലൂടെ വലിയ വാഹനങ്ങൾക്ക് അധികൃതർ യാത്രാനിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. കലുങ്കിന്റെ ഇരുവശങ്ങളിലെയും കല്ലുകൾ ഇളകി സംരക്ഷണഭിത്തി ഉൾപ്പെടെ നിലംപൊത്തുന്ന അവസ്ഥയിലാണ്. അറ്റകുറ്റപ്പണികൾ ചെയ്തു പരിഹരിക്കാൻ പൊതുമരാമത്ത് അധികൃതർ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതേതുടർന്നാണ് പുതിയ കലുങ്ക് നിർമ്മിക്കാൻ മാസങ്ങൾക്ക് മുമ്പ് നടപടി തുടങ്ങിയത്. ഇതിനായി 19 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി പൊതുമരാമത്ത് അധികൃതർ സർക്കാരിലേക്ക് നൽകി. ഇതിനിടെ തിരഞ്ഞെടുപ്പുകൾ വന്നതോടെ തുടർനടപടികൾ വൈകി. ഫയൽ പൊതുമരാമത്ത് ചീഫ് എൻജിനീയറുടെ ഓഫീസിലാണ്. ഇതുവരെയും തുക അനുവദിച്ച് ടെൻഡർ ചെയ്യാൻ സാധിച്ചിട്ടില്ല. മഴക്കാലത്തിന് മുമ്പ് കലുങ്ക് നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നിയുക്ത എം.എൽ.എ ഇടപെട്ടു
കപ്യാരുശ്ശേരി കലുങ്കിന്റെ നിർമ്മാണം നീണ്ടുപോകുന്നതിൽ ജനങ്ങളുടെ പ്രതിഷേധം ഉയർന്നു. ഇതേതുടർന്ന് നിയുക്ത എം.എൽ.എ അഡ്വ.വർഗീസ് മാമ്മൻ സ്ഥലം സന്ദർശിച്ചു. അടിയന്തരമായി കലുങ്ക് പുനർനിർമ്മിച്ച് റോഡ് ഗതാഗതം സുഗമമാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് ചീഫ് എൻജിനിയറുമായി അദ്ദേഹം സംസാരിച്ചു. പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറും അസിസ്റ്റന്റ് എൻജിനിയറും ജനപ്രതിനിധികളും സന്നിഹിതരായിരുന്നു.
എസ്റ്റിമേറ്റ് തുക : 19 ലക്ഷം രൂപ
എട്ടുമീറ്റർ നീളത്തിലും മൂന്ന് മീറ്റർ വീതിയിലും കലുങ്ക് പുനർനിർമ്മിക്കാൻ
19ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി നൽകിയിട്ടുണ്ട്.
(പൊതുമരാമത്ത് അധികൃതർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |