SignIn
Kerala Kaumudi Online
Thursday, 21 May 2026 2.34 AM IST

വളംവിലയിൽ വർദ്ധന; കർഷകർക്ക് കഷ്ടകാലം

farmer

പത്തനംതിട്ട : കർഷകർക്ക് കഷ്ടകാലമൊരുക്കി രാസവളം വിലയിൽ വലിയ വർദ്ധന. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് വളത്തിന്റെ വില വർദ്ധിച്ചത്. ജില്ലയിലെ നെല്ല്, തെങ്ങ്, പൈനാപ്പിൾ കർഷകരെ വിലവർദ്ധന കാര്യമായി ബാധിച്ചു. ഫാക്ടംഫോസ്, യൂറിയ, പൊട്ടാഷ് വളങ്ങളുടെ വിലയാണ് കുതിച്ചുയർന്നത്.

പൊട്ടാഷിന് ചാക്ക് ഒന്നിന് 125രൂപയും ഫാക്ടംഫോസിന് 250രൂപയും എൻ.പി.കെ 16:16:16 ന്റെ വില 200രൂപയുമാണ് വർദ്ധിച്ചത്.

കേന്ദ്ര സർക്കാർ സബ്സിഡിയുള്ള യൂറിയയുടെ വില വർദ്ധിച്ചിട്ടില്ലെങ്കിലും കടുത്ത ക്ഷാമമുണ്ടെന്ന് വളം കച്ചവടക്കാർ പറയുന്നു. യുദ്ധത്തെ തുടർന്ന് രാസവളത്തിന്റെ ഇറക്കുമതി കുറഞ്ഞിട്ടുണ്ട്. ഗൾഫിലെ പ്രതിസന്ധിയും പാചക വാതക, ഇന്ധന വില വർദ്ധനയും വളംവില വർദ്ധിക്കാൻ കാരണമായി. വളം നിർമ്മിക്കുന്ന അസംസ്കൃത വസ്തുക്കളുടെ വിലയും കൂടിയിട്ടുണ്ട്. പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും കമ്പനികൾ തമ്മിൽ മത്സരിക്കുന്നതും വില കൂടാൻ കാരണമായി. നാലുമാസം കൊണ്ട് പൊട്ടാഷിന്റെ വില മൂന്നിരട്ടി വർദ്ധിച്ചിട്ടും വില പിടിച്ചു നിറുത്താൻ നടപടിയില്ല. പൊട്ടാഷ് 50 കിലോ ചാക്കിന്റെ വില 650 രൂപയായിരുന്നത് 1975 രൂപയായി കുതിച്ചു. കേന്ദ്രസർക്കാർ സബ്സിഡി വെട്ടിക്കുറച്ച വളങ്ങൾക്കാണ് വിലയേറിയത്.

കൃഷി ചെലവേറും

പൈനാപ്പിൾ, തെങ്ങ് കൃഷികൾക്ക് വളം പ്രയോഗത്തിന്റെ സമയമായതിനാൽ വില വർദ്ധന കാര്യമായി ബാധിക്കും. ചെലവേറുന്നത് നഷ്ടത്തിന് കാരണമാകും. എന്നാൽ വളം വില വർദ്ധന തൽക്കാലം നെൽ കർഷകരെ ബാധിക്കില്ല. കൊയ്ത്ത് കഴിഞ്ഞ് നെല്ല് വിറ്റ കർഷകർ പണം ലഭിക്കാനുള്ള കാത്തിരിപ്പിലാണ്. ആഗസറ്റ്, സെപ്തംബർ മാസങ്ങിൽ പുതിയ വിതയ്ക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങും. വില ഇനിയും വർദ്ധിക്കാനാണ് സാദ്ധ്യതയെന്ന് വ്യാപാരികൾ പറയുന്നു.

വളംവില ഇങ്ങനെ

(ബ്രാക്കറ്റിൽ പഴയവില)

ഫാക്ട‌ംഫോസ് : 1750 (1500)

പൊട്ടാഷ് : 975 (1800)

എൻ.പി.കെ 16:16:16 : 2250 (2050)

മിശ്രിത വളം : 1010 (850)

വില ഇങ്ങനെ കുതിച്ചാൽ നെൽ കൃഷി തുടങ്ങുന്ന കാര്യത്തിൽ ആശങ്കയുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെടണം.

മനോജ് വളളിക്കോട്, കർഷകൻ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL