
മല്ലപ്പള്ളി : ചോർന്നൊലിച്ച് നിലം പൊത്താറായ കെട്ടിടത്തിനൊപ്പം അസൗകര്യങ്ങളാൽ വീർപ്പുമുട്ടി താലൂക്ക് ആസ്ഥാനത്തെ മൃഗാശുപത്രി. മിനി സിവിൽ സ്റ്റേഷൻ സമീപത്തായി 33സെന്റ് സ്ഥലത്താണ് പേരിൽ മാത്രം ഒതുങ്ങുന്ന മൃഗാശുപത്രിയുടെ പ്രവർത്തനം. ആറ് പതിറ്റാണ്ടുകൾക്ക് മുമ്പ് പ്രവർത്തനം തുടങ്ങിയ മൃഗാശുപത്രിയുടെ കെട്ടിടത്തിന്റെ മേൽക്കൂര ഏത് സമയത്തും നിലം പൊത്താമെന്ന സ്ഥിതിയിലാണ്. പുതിയ കെട്ടിടത്തിനായി പ്ലാൻ തയാറാക്കിയിട്ട് നാളുകൾ കഴിഞ്ഞു. എന്നാൽ ഇതുവരെയായിട്ടും എസ്റ്റിമേറ്റ് തയാറാക്കാൻ കഴിഞ്ഞിട്ടില്ല. 2023 നവംബർ 24നാണ് താലൂക്ക് റഫറൽ ആശുപത്രിയായി ഉയർത്തിയത്. എന്നാൽ അതിനാവശ്യമായ ജീവനക്കാരെ അന്നും അതിനുശേഷം നിയമിച്ചിട്ടില്ല. ലൈവ് സ്റ്റോക്ക് ഹെൽത്ത് ആൻഡ് ഡിസീസ് കൺട്രോളിന്റെ കീഴിലുള്ള ജില്ലയിലെ രണ്ട് മൊബൈൽ വെറ്റിനറി ക്ലിനിക്കുകളിൽ ഒന്നാണിത് എന്നതും ശ്രദ്ധേയമാണ്. ഇപ്പോൾ മൃഗാശുപത്രിയുടെ പ്രവർത്തനത്തിന് ആവശ്യമായ ഡോക്ടർമാരും ജീവനക്കാരുമുണ്ട്. ഇവർക്ക് ജോലി ചെയ്യുന്നതിനുള്ള സൗകര്യം ഇവിടെയില്ല. മഴക്കാലങ്ങളിൽ ഫയലുകളും, മരുന്നുകളും മറ്റിടങ്ങളിലേക്ക് നീക്കിവയ്ക്കേണ്ട സ്ഥിതിയാണ്.
പരിഹാരം പുതിയ കെട്ടിടം
ഓടുമേഞ്ഞ കെട്ടിടത്തിന്റെ മേൽക്കൂരയിൽ പ്ലാസ്റ്റിക് പടുതാ കെട്ടിയാണ് ചോർച്ചയിൽ നിന്നും രക്ഷപ്പെടുന്നത്. എന്നാൽ പടുതായും കാലപ്പഴക്കം കാരണം കീറിയ നിലയിലാണ്. വെള്ളം ഇറങ്ങിയതിനാൽ ഭിത്തികൾക്കും ബലക്ഷയമുണ്ട്. പലയിടങ്ങളിലും വിള്ളൽ ഉള്ളതിനാൽ കെട്ടിടവും ഇടിഞ്ഞുവീഴുമെന്ന് ഭയവും ജീവനക്കാരിലുണ്ട്. ഭിത്തിയിലെ സിമന്റ് പല സ്ഥലത്തും ഇളകിപ്പോയ നിലയിലാണ്. ഒരു വർഷം മുൻപ് മഴയിൽ മേൽക്കൂരയിലെ ഓട് താഴേക്ക് വീണിരുന്നു. ഈ സമയം ഇവിടെ ജീവനക്കാർ ഇല്ലാത്തതിനാൽ അപകടം ഉണ്ടാകാതെ രക്ഷപ്പെട്ടു. ജനലുകളുടെ പാളികൾ ഒന്നുപോലും ശരിയായ വിധം അടക്കാനാവുന്നതല്ല. ടോയ്ലെറ്റുകളിൽ ഒരെണ്ണം തകർന്നിട്ട് വർഷങ്ങൾ കഴിഞ്ഞു. മറ്റൊരു ടോയ്ലെറ്റ് ഉണ്ടെങ്കിലും അതും തകർച്ചയുടെ വക്കിലാണ്. കന്നുകാലികളെ കുത്തിവയ്പ്പിക്കുന്നതിനുള്ള സ്ഥലവും കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലാണ്. പുതിയ കെട്ടിടം നിർമ്മിച്ചാൽ മാത്രമേ ശാശ്വതപരിഹാരമാവുകയുള്ളു എന്നാണ് ക്ഷീര കർഷകർ പറയുന്നത്.
...................................................
കെട്ടിടത്തിനും ബലക്ഷയം
.................................................
നിർമ്മാണത്തിന് ആവശ്യമായ സ്ഥലം ഉണ്ടെങ്കിലും കെട്ടിട നിർമ്മാണത്തിന് ഫണ്ട് നൽകുവാൻ അധികൃതർ തയാറാകാത്തതാണ് മൃഗാശുപത്രിയുടെ ശോചനീയാവസ്ഥയ്ക്ക് കാരണം.
അരവിന്ദാക്ഷൻ
(ക്ഷീര കർഷകൻ)
.....................................................
പ്രവർത്തനം തുടങ്ങിയത് 1962ൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |