
പത്തനംതിട്ട : നഗരമധ്യത്തിലൂടെ ഒരു മാലിന്യത്തോട്. അതാണ് മഴപെയ്താൽ മിനിസിവിൽ സ്റ്റേഷൻ അബാൻ ജംഗ്ഷൻ റോഡ്.
മണ്ണും ചെളിയും മാത്രമല്ല ചില വ്യാപാര സ്ഥാപനങ്ങളിലെയും ഹോട്ടലുകളിലെയും മാലിന്യങ്ങളും ഇവിടെ കാണാനാകും. ഓടയിൽ തള്ളുന്ന മാലിന്യങ്ങളാണ് മഴവെള്ളത്തിനൊപ്പം റോഡിലാകെ നിറയുന്നത്. ഓടയിലെ മാലിന്യം സ്ളാബുകൾക്കിടയിലൂടെ റോഡിലേക്ക് ഒഴികിയെത്തുന്നത് കടുത്ത ദുർഗന്ധത്തിന് കാരണമാണ്. വെള്ളത്തിൽ ചവിട്ടുന്നവർക്ക് അസഹ്യമായ ചൊറിച്ചിലും ചുടിച്ചിലും അനുഭവപ്പെടുന്നുണ്ട്. മലിന ജലത്തിൽ ചവിട്ടാതെ ഈ ഭാഗത്തെ കടകളിലേക്ക് നടന്നുകയറാനാകില്ല. വെള്ളത്തിൽ ചവിട്ടാതിരിക്കാൻ വ്യാപാരികൾ റോഡരുകിൽ കല്ലുകളും ചുടുകട്ടകളും നിരത്തിയിട്ടിരിക്കുന്നത് അപകടത്തിനും കാരണമാകുന്നുണ്ട്.
ശുചീകരണം നടന്നില്ല
മഴയെത്തുന്നതിന് മുൻപ് മണ്ണും ചെളിയും മാലിന്യവും നീക്കി ഓട ശുചീകരിക്കുന്ന പ്രവർത്തി ഇക്കുറി നടത്തിയിട്ടില്ല. മിനി സിവിൽ സ്റ്റേഷൻ വളപ്പിൽ നിന്ന് റോഡിലേക്ക് അപകടകരമായി ചാഞ്ഞുനിൽക്കുന്ന മരക്കൊമ്പുകളും വെട്ടിമാറ്റിയിട്ടില്ല. സർക്കാർ ഓഫീസുകൾ, വിവിധ കോടതികൾ, സിനിമാ തിയറ്ററുകൾ, വ്യാപാര സ്ഥാപനങ്ങൾ , ടൗൺ സ്ക്വയർ, ദേവസ്വം ബോർഡ് ഓഫീസ്, ക്ഷേത്രങ്ങൾ തുടങ്ങി നിരവധി സ്ഥാപനങ്ങളാണ് ഈ റോഡിന് ഇരുവശങ്ങളിലുമായുള്ളത്.
1. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ് സ്റ്റാൻഡുകളിലേക്കും മിനിസിവിൽ സ്റ്റേഷൻ അബാൻ ജംഗ്ഷൻ എന്നിവിടങ്ങളിലേക്കുള്ള എളുപ്പവഴി.
2. നൂറുകണക്കിന് ആളുകളും വാഹനങ്ങളും നിത്യേന സഞ്ചരിക്കുന്ന പാത.
3.ഓട ശുചീകരിക്കാൻ അധികൃതർ അലംഭാവം കാട്ടിയതാണ് റോഡ് മാലിന്യ തോടാകാൻ കാരണം.
പൊതുമരാമത്ത് വകുപ്പാണ് ഒാടകൾ വൃത്തിയാക്കേണ്ടത്. ഓടയിലേക്ക് മലിനജലമൊഴുക്കന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രവർത്തികൾ നടത്തരുതെന്ന് നിർദ്ദേശം നൽകി. മാലിന്യമൊഴുക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.
ഫാത്തിമ
വാർഡ് മെമ്പർ
പത്തനംതിട്ട നഗരസഭ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |