പത്തനംതിട്ട: ലോകം ഫുട്ബാൾ ആവേശത്തിലേക്ക് കൺതുറക്കുമ്പോൾ ചിറ്റാറിലെ ഫുട്ബാൾ വീട് കൗതുകക്കാഴ്ചയാകുന്നു. ചിറ്റാർ-സീതത്തോട് റൂട്ടിൽ റോഡിന്റെ ഇടതു ഭാഗത്താണീ വീട്. ചിറ്റാർ 86 പ്രദേശത്ത് വി.എം. നിസാർ നിർമ്മിച്ച വീടിന്റെ പേര് വെട്ടിയിടത്തുപറമ്പിൽ. എന്നാൽ അറിയപ്പെടുന്നത് ഫുട്ബാൾ വീടെന്നാണ്. ഇരുനില വീടിന്റെ മുകളിൽ ജലസംഭരണിക്ക് ചുറ്റും കോൺക്രീറ്റിൽ സംരക്ഷണ ഭിത്തി നിർമ്മിച്ചത് ഫുട്ബാൾ മാതൃകയിൽ. ഈ ഫുട്ബാൾ എല്ലാവരുടെയും കണ്ണിൽ പതിയും.
കുട്ടിക്കാലം മുതൽ ഫുട്ബാൾ കളിക്കാരനായിരുന്നു നിസാർ. പ്രീഡിഗ്രിക്കു ശേഷം ബിസിനസിന് ദുബായിലേക്ക് പറന്നെങ്കിലും നാട്ടിലെത്തുമ്പോഴെല്ലാം കൂട്ടുകാരുമായി പന്തുകളിക്കാൻ സമയം കണ്ടെത്തും. അടുത്തിടെ വീട് നിർമ്മിച്ചപ്പോൾ തന്റെ ഇഷ്ടയിനമായ ഫുട്ബാളുമായി ബന്ധമുള്ള അടയാളം പതിക്കണമെന്ന് ആഗ്രഹമുണ്ടായി.അങ്ങനെയാണ് മുപ്പതിനായിരം രൂപ മുടക്കി ആറടിയോളം പൊക്കമുള്ള ഫുട്ബാൾ രൂപം ജലസംഭരണിക്ക് കവചമാക്കിയത്. 750 ലിറ്റർ വെള്ളമാണ് സംഭരണിയുടെ ശേഷി.
ബ്രസീലാണ് നിസാറിന്റെ പ്രിയപ്പെട്ട ടീം. പെലെയുടെയും റൊണാൾഡോയുടെയും കാർലോസിന്റെയും പന്തടക്കവും തീപാറുന്ന ഷോട്ടുകളും അദ്ദേഹത്തിന് ആവേശമാണ്. നിലവിലെ ബ്രസീൽ ടീമിൽ ഫോർവേഡുകളായ നെയ്മറും റഫീനയുമാണ് ഇഷ്ടതാരങ്ങൾ. ഇത്തവണ ബ്രസീൽ തിരിച്ചുവരുമെന്നാണ് നസീർ പറയുന്നത്. മുൻ ഇന്ത്യൻ താരം ഐ.എം. വിജയന്റെ ആരാധകനാണ്.
ഫുട്ബാൾ എന്നും എന്റെ രക്തത്തിലുണ്ടാകും. ലോക രാജ്യങ്ങളെ ഒരുമിപ്പിക്കുന്ന സൗഹൃദത്തിന്റെ സന്ദേശമാണ് ഫുട്ബാൾ മത്സരങ്ങൾ നൽകുന്നത്. ഇന്ത്യ ലോക കപ്പിൽ കളിക്കുന്ന കാലം വരും.
- വി.എം. നിസാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |