
പത്തനംതിട്ട : ഇന്ധന, പാചക വാതക വിലവർദ്ധനവിന് പിന്നാലെ വീട്ടമ്മമാരെ അങ്കലാപ്പിലാക്കിക്കൊണ്ട് മീൻ വിലയും കുതിച്ചുയർന്നു.
കേരളത്തിലും തമിഴ് നാട്ടിലും ഒരേപോലെ ട്രോളിംഗ് നിരോധനം തുടരുന്നതിനാലാണ് മത്സ്യത്തിന്റെ വില ഇരട്ടിയിലധികം വർദ്ധിച്ചത്. മലയാളി കൂടുതൽ ഉപയോഗിക്കുന്ന മത്തിയുടെ വില റോക്കറ്റിലേറി. 200 മുതൽ 260രൂപ വരെ ഉണ്ടായിരുന്ന മത്തിയുടെ വില ജില്ലയിൽ ഇന്നലെ 400 മുതൽ 460രൂപ വരെയായി ഉയർന്നു. 300രൂപ ഉണ്ടായിരുന്ന അയലയുടെ വില 400 മുതൽ 460വരെയായി.
ഇന്ധനവില കൂട്ടിയതിനെ തുടർന്ന് പച്ചക്കറിക്കും പലവ്യഞ്ജനത്തിനും നേരത്തെ വില കൂടിയിരുന്നു. വാണിജ്യ പാചക സിലണ്ടറിന്റെ വില ഒറ്റയടിക്ക് 993രൂപ വർദ്ധിപ്പിച്ച് 3120 ആക്കിയതോടെ ഹോട്ടൽ ഭക്ഷണവിലയും വലിയതോതിൽ വർദ്ധിച്ചു. ഭക്ഷണ സാധനങ്ങൾക്ക് സകലതിനും വില കൂടിയപ്പോഴും മത്സ്യത്തിന്റെ വില അമിതമായി കൂടിയിരുന്നില്ല. മത്സ്യത്തിന്റെ ഇരട്ടിയിലധികമുള്ള വിലക്കയറ്റം അടുക്കള ബഡ്ജറ്റിനെ കൂടുതൽ താളം തെറ്റിക്കുന്നതായി. കോഴി, മാട്, ആട്ടിറച്ചി എന്നിവയുടെ വില 35 മുതൽ 250 രൂപ വരെ വർദ്ധിച്ചു.
54 ദിവസം ട്രോളിംഗ്
ട്രോളിംഗ് നിരോധനമായതിനാൽ ഇനി 54 ദിവസത്തേക്ക് ബോട്ടുകൾക്ക് മത്സ്യ ബന്ധനത്തിന് കടലിലിറങ്ങാൻ കഴിയില്ല. കട്ടത്തടികളിലും ചെറുവള്ളങ്ങളിലും മാത്രമാണ് ആളുകൾ മീൻപിടിക്കാൻ പോകുന്നത്. ചെറിയ അളവിൽ മാത്രമായിരിക്കും മീൻ ലഭിക്കുക. തമിഴ്നാട്ടിലും ട്രോളിംഗ് നിരോധനം തുടരുന്നത് മത്സ്യവില കൂടുന്നതിന് കാരണമായി.
16ന് തമിഴ് നാട്ടിലെ ട്രോളിംഗ് നിരോധനം അവസാനിക്കും. അതിനുശേഷം മത്സ്യത്തിന്റെ വില കുറയുമെന്നാണ് കരുതുന്നത്.
ഷാജഹാൻ
മത്സ്യവ്യാപാരി
ജില്ലയിലെ മത്സ്യവില, ബ്രായ്ക്കറ്റിൽ പഴയ വില
മത്തി - 400, 460 - (260)
അയല - 460, 600 (300)
ചൂട - 260, 300 (160)
കിളിമീൻ വലുത് - 460 (200, 260)
കിളിചെറുത് - 260 (160)
ഉലുവ - 200 (160)
കേര - 600 (360)
കൊഞ്ച് വെള്ള - 560 (360)
നാരൻ - 700 (600)
കണ്ണൻ - 400 (260)
തിലോപ്യ - 200 (160)
കാളാഞ്ചി -690
രോഹു - 220
അമൂർ - 700
കക്ക - 280
ചെമ്മീൻ - 470
മാംസവില
കോഴി - 155 (120)
പോത്ത് - 480, 500 (440)
കാള - 460 (400)
ആട് - 1100 (850 - 900)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |