
പത്തനംതിട്ട : പശ്‌ചിമ ബംഗാൾ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻപോയ ഭായിമാർ തിരിച്ചുവന്നു തുടങ്ങി. അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ പൊലീസ് പരിശോധനയും ശക്തമാക്കി. ഒാപ്പറേഷൻ തൂഫാന്റെ ഭാഗമായും രേഖകളില്ലാത്തവരെ കണ്ടെത്തുന്നതിനും വേണ്ടിയാണ് നടപടി. ഇന്നലെ അവധിയായിരുന്നതിനാൽ മിക്ക തൊഴിലാളികളും താമസ കേന്ദ്രങ്ങളിലുണ്ടായിരുന്നു. ഇവരുടെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ചു. ബംഗ്ളാദേശിൽ നിന്ന് കുടിയേറി അനധികൃതമായി താമസിക്കുന്നവരെ കസ്റ്റഡിയിലെടുക്കും. ജില്ലാ അതിർത്തിയായ പായിപ്പാടും കുന്നന്താനവുമാണ് അന്യ സംസ്ഥാനക്കാർ കൂടുതലായി താമസിക്കുന്നത്.
പത്തനംതിട്ട നഗരം, കോഴഞ്ചേരി തെക്കേമല, അടൂർ ബൈപാസ്, ആനന്ദപ്പള്ളി, എനാത്ത്, കോയിപ്രം മേഖലകളും പ്രധാന താവളങ്ങളാണ്. ചിലർ ബംഗളാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരാണെന്ന സംശയം പൊലീസിനുണ്ട്. മൂന്നു വർഷമായി പൂവത്തൂരിൽ താമസിച്ചിരുന്ന ജുവൽ കിംഗ് ബംഗ്ളാദേശിൽ നിന്ന് എത്തി അനധികൃതമായി താമസിക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ ഇപ്പോൾ പൂനയിലാണെന്ന് വ്യക്തമായി.
കുടുസുമുറികളിൽ തിങ്ങി ഞെരുങ്ങി
താമസ കേന്ദ്രങ്ങളിലെ ചെറിയ മുറികളിൽ തിങ്ങി ഞെരുങ്ങി കഴിയുന്ന അന്യ സംസ്ഥാനക്കാരിൽ ലഹരി ഉപയോഗിക്കുന്നവരും വിൽക്കുന്നവരും ആരൊക്കെയെന്ന് കണ്ടെത്തൽ പൊലീസിന് വെല്ലുവിളിയാണ്. ഒരു മുറിയിൽ ആറ് പേർ വരെ താമസിക്കുന്നുണ്ട്. ഒരാളിൽ നിന്ന് 1500 രൂപ വരെ വാടക വാങ്ങുന്നുണ്ട്.
കുറ്റകൃത്യങ്ങൾ കൂടുന്നു
അന്യസംസ്ഥാനക്കാർ ഉൾപ്പെട്ട കേസുകളിൽ ലൈംഗികാതിക്രമങ്ങൾ, മദ്യപിച്ചുള്ള ലഹരി ഇടപാടുകൾ, പൊതുജനങ്ങളെ ആക്രമിക്കൽ എന്നിവ ഉൾപ്പെടുന്നു. കുറ്റൂരിൽ അന്യ സംസ്ഥാന തൊഴിലാളിയുടെ 14 വയസുള്ള മകളെ പീഡിപ്പിക്കാൻ ശ്രമിച്ച ബംഗാൾ സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പത്തനംതിട്ട പെരുനാട്, പന്തളം പ്രദേശങ്ങളിൽ രജിസ്റ്റർ ചെയ്ത ലഹരിമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളികളെയും വിദേശികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. തൊഴിലാളികൾ പരസ്പരം ഏറ്റുമുട്ടുന്ന സംഭവങ്ങളും ഉണ്ടായി.
അന്യ സംസ്ഥാനക്കാർ കൂടുതൽ
പായിപ്പാടും കുന്നന്താനത്തും
ഒാപ്പറേഷൻ തൂഫാന്റെ ഭാഗമായി വ്യാപക പരിശോധന നടത്തുന്നുണ്ട്. അനധികൃതമായി താമസിക്കുന്നവരെ കസ്റ്റഡിയിലെടുക്കും.
ആർ.ആനന്ദ്, ജില്ലാ പൊലീസ് മേധാവി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |