SignIn
Kerala Kaumudi Online
Tuesday, 16 June 2026 3.11 AM IST

വില വ്യതിയാന വ്യവസ്ഥ കരാറിൽ ഉൾപ്പെടുത്തണം : കേരള ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ

contract

പത്തനംതിട്ട : കരാർ ഉറപ്പിച്ചതിനുശേഷമുള്ള അസാധാരണ വിലവർദ്ധനവിന് നഷ്ടപരിഹാരം നൽകുന്ന വില വ്യതിയാന വ്യവസ്ഥ എല്ലാ പ്രവർത്തികൾക്കും നടപ്പിലാക്കണമെന്ന് കേരള ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി തോമസുകുട്ടി തേവരുമുറിയിൽ, വൈസ് പ്രസിഡന്റ് എൻ.പി.ഗോപാല കൃഷ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. പശ്ചിമേഷ്യൻ യുദ്ധം മൂലം ടാറിന്റെ വില 70 ശതമാനത്തിലേറെ വർദ്ധിപ്പിച്ചു. ഇലക്ട്രിക്കൽ സാധനങ്ങളുടെ വിലയിലും ഗണ്യമായ വർദ്ധനവ് ഉണ്ടായി. ബഹുഭൂരിപക്ഷം ക്വാറികളും അടച്ചു പൂട്ടിയതിനാൽ ക്വാറി ഉത്പന്നങ്ങൾക്ക് ക്ഷാമം നേരിടുകയാണ്. സാധനങ്ങളുടെ വിലയിൽ 5 ശതമാനത്തിലേ റെ വർദ്ധനവ് ഉണ്ടാകുമ്പോൾ കരാർ തുകയിലും വ്യതിയാനം കരാർ വ്യവസ്ഥയിൽ ഉൾപ്പെടുത്തണമെന്നും 18 മാസത്തിൽ കുറഞ്ഞ പ്രവർത്തികൾക്കും ഇത് മുൻകാല പ്രാബല്യത്തോടുകൂടി ബാധകമാക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

2021ലെ ഡൽഹി ഷെഡ്യൂൾ ഓഫ് റേറ്റിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിൽ ഇപ്പോഴും കരാർവ്യവസ്ഥകൾ തയ്യാറാക്കുന്നത്. ഇതിനു പകരം 2026ലെ വിപണി നിരക്കുകളുടെ അടിസ്ഥാനത്തിൽ ടെൻഡറുകൾ വിളിക്കണം. അതിഥി തൊഴിലാളികളുടെ മടങ്ങി വരവിനായ് പ്രത്യേക ട്രെയിൻ സ‌വീസുകൾ ഏർപ്പെടുത്തണം. നിർമ്മാണ തൊഴിലാളി ക്ഷേമനിധിയായി പിടിക്കുന്ന ബിൽ തുകയുടെ ഒരു ശതമാനം തുകയുടെ പകുതി വിഹിതം തൊഴിലാളികളുടെ പരിശീലനത്തിനായി മാറ്റി വയ്ക്കണം. ലേബർ കോൺട്രാക്ട് സഹകരണ സംഘങ്ങൾക്ക് ലേബർ തൊഴിലുകൾ മാത്രമെ നൽകാവു. വൻകിട മെഷിനറികളും അതിഥി തൊഴിലാളികളേയും ഉപയോഗിച്ച് പ്രവർത്തികൾ നടത്തുന്ന ഊരാളുങ്കൽ സംഘത്തെ ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിൽ നിന്നും ഒഴിവാക്കണം. ടെണ്ടറുകളില്ലാതെ ഊരാളുങ്കലിനും മറ്റ് അക്രെഡിറ്റഡ് ഏജൻസികൾക്കും നൽകിയ പ്രവർത്തികളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL