പത്തനംതിട്ട : സ്കൂൾ തുറന്ന് 21 ദിവസം പിന്നിട്ടിട്ടും ഉള്ളന്നൂർ ദേവീവിലാസം എൻ.എസ്.എസ് ഗവ.എൽ.പി സ്കൂളിലെ വിദ്യാർത്ഥികളുടെ പഠനം വാടകക്കെട്ടിടത്തിൽ തന്നെ. സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കാത്തതാണ് ഇതിന് കാരണം. ജൂൺ ആദ്യവാരം പണികൾ പൂർത്തിയാക്കി സ്കൂളിൽ ക്ളാസുകൾ ആരംഭിക്കാനാകുമെന്ന് കുളനട ഗ്രാമപഞ്ചായത്ത് അസി.എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചിരുന്നതാണ്. എന്നാൽ ഇതുവരെയും പണികൾ തീർന്നിട്ടില്ല. കുളനട ഗ്രാമപഞ്ചായത്തിലെ 125 വർഷം പഴക്കുമുള്ള സ്‌കൂൾ കെട്ടിടം ഭിത്തികൾ വിണ്ടുകീറി അപകടാവസ്ഥയിലായിരുന്നു. നിലവിൽ ആറ് ലക്ഷം രൂപ ചെലവിട്ട് ക്ലാസ് മുറികളുടെ ചോർന്നൊലിക്കുന്ന മേൽക്കൂര നവീകരിക്കുന്ന പ്രവർത്തികളാണ് നടക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പും മഴയുമാണ് നിർമ്മാണ പ്രവർത്തികൾ വൈകാൻ കാരണമെന്നാണ് കരാറുകാരൻ പറയുന്നത്. സ്കൂളിന് സമീപത്തെ കരയോഗം കെട്ടിടത്തിലാണ് ഇപ്പോൾ കുട്ടികളുടെ പഠനം തുടർന്നുവരുന്നത്.
സുരക്ഷ ഉറപ്പാക്കണം
പൊട്ടിപ്പൊളിഞ്ഞ ഭിത്തികളും ചോർന്നൊലിക്കുന്ന മേൽക്കൂരയുമുള്ള സ്കൂൾ കെട്ടിടത്തിൽ ക്ലാസുകൾ നടത്തുന്നതിന് ഇക്കുറി അനുമതി ലഭിച്ചിരുന്നില്ല. ഒരു വർഷം മുൻപ് പുതിയ കെട്ടിടം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് പ്രധാന അദ്ധ്യാപികയും പി.ടി.എയും സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പും മന്ത്രിക്കും വകുപ്പ് മേധാവികൾക്കും നിവേദനങ്ങൾ നൽകിയിരുന്നു. കഴിഞ്ഞ ഗ്രാമപഞ്ചായത്ത് ഭരണസമിതി സ്കൂളിന്റെ അറ്റകുറ്റപ്പണികൾക്ക് 6 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. മേൽക്കൂരയിലെ തടി ഒഴിവാക്കി ഇരുമ്പ് ട്യൂബുകൾ പാകി ഓട് മേയുന്ന പണികളാണ് നടന്നുവരുന്നത്. വിള്ളൽ വീണഭിത്തികൾ ബലപ്പെടുത്തി, മേൽക്കൂരയ്ക്ക് താങ്ങുതൂണുകൾ നൽകണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ടെൻഡർ വൈകി, പിന്നെ മഴയും
കഴിഞ്ഞ ഗ്രാമപഞ്ചായത്ത് ഭരണസമിതി സ്കൂളിന്റെ അറ്റകുറ്റപ്പണികൾക്ക് 6 ലക്ഷം രൂപ അനുവദിച്ചെങ്കിലും ടെൻഡർ എടുക്കാൻ ആളില്ലാതെ പദ്ധതി മുടങ്ങി. പുതിയ ഭരണസമിതി നിലവിൽ വന്നശേഷം വീണ്ടും ടെൻഡർ നൽകിയെങ്കിലും നിയമസഭ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം തടസമായി. പുതിയ അദ്ധ്യയന വർഷത്തിൽ കെട്ടിടത്തിന് ഫിറ്റ്നസ് ലഭിക്കാതെ വന്നതോടെ കരാറുകാരനെ കണ്ടെത്തി പണി ഏൽപ്പിക്കുകയായിരുന്നു. മഴ ശക്തമായതോടെ പണികൾ പിന്നെയും മുടങ്ങി.
പുനർനിർമ്മിക്കണം
കാലപ്പഴക്കത്താൽ ജീർണ്ണിച്ച കെട്ടിടത്തിന്റെ ഭിത്തികൾക്കു മുകളിലാണ് മേൽക്കൂര നിർമ്മിച്ചിരിക്കുന്നത്. ഭിത്തികൾ ബലപ്പെടുത്തുകയും മേൽക്കൂരയ്ക്ക് അധികമായി താങ്ങുകൾ നൽകുകയും വേണം.
ബിജു പരമേശ്വരൻ
ചെയർമാൻ , സ്‌കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് .
ബലക്ഷയമില്ല
നിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കി. നിലവിൽ ഭിത്തികൾക്ക് ബലക്ഷയമില്ല. ഉടൻതന്നെ സ്‌കൂൾ തുറന്നു നൽകാൻ കഴിയും. പുതിയ കെട്ടിടത്തിനായി ഒരു കോടി രൂപയുടെ ഡി.പി.ആർ തയ്യാറാക്കിയിട്ടുണ്ട്.
അനു,
അസി.എക്സിക്യൂട്ടീവ് എൻജിനിയർ
കുളനട ഗ്രാമപഞ്ചായത്ത്
സ്കൂളിലെ വിദ്യാർത്ഥികൾ : 55
സ്കൂൾ തുടങ്ങിയിട്ട് 125 വർഷം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |