
തിരുവല്ല : കൊമ്പുകൾ വളഞ്ഞുവളർന്ന് തുമ്പിക്കൈ അനക്കാൻ കഴിയാതിരുന്ന ശ്രീവല്ലഭ ക്ഷേത്രത്തിലെ കുട്ടിക്കൊമ്പൻ ജയരാജൻ സ്വതന്ത്രനായി. ആനകളുടെ കൊമ്പുകൾ മുറിച്ചു മാറ്റുന്ന വിദഗ്ദ്ധൻ തൃശൂർ ചേർപ്പ് പടിഞ്ഞാറെ പുരയ്‌ക്കൽ ടി.എസ്.സ്മിതേഷും സംഘവും ഇന്നലെ എത്തി കൂട്ടുകൊമ്പുകൾ മുറിച്ചുനീക്കി. ഉച്ചയ്ക്ക് 1.30നാണ് ദേവസ്വം അധികൃതരുടെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ നടപടികൾ ആരംഭിച്ചത്. കൊമ്പുകൾ മുറിച്ച് ആകൃതിവരുത്താൻ മൂന്നര മണിക്കൂറോളം വേണ്ടിവന്നു. സാധാരണയിലധികം നീളത്തിൽ കൊമ്പുകൾ മുമ്പിലേക്ക് വളഞ്ഞ് വളരുന്നതിനാൽ മാസങ്ങളായി തുമ്പിക്കൈ ഉയർത്താനാകാതെ വിഷമിക്കുകയായിരുന്നു കൊമ്പൻ. ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടായിരുന്നു. കൊമ്പുകളിൽ ഉരസി തുമ്പിക്കൈ മുറിഞ്ഞ് വേദന സഹിച്ച് കഴിയുകയായിരുന്നു ആന. കൊമ്പന്റെ ദുരിതം ഭക്തർ അറിഞ്ഞ് കഴിഞ്ഞ ജനുവരിയിൽ വനംവകുപ്പിന് കത്ത് നൽകിയെങ്കിലും പരിഹാരമുണ്ടായില്ല. ജയരാജന്റെ ദുരിതജീവിതം കഴിഞ്ഞയാഴ്ച കേരളകൗമുദിയും റിപ്പോർട്ട് ചെയ്തിരുന്നു. ഇതേത്തുടർന്ന് അധികൃതർ അടിയന്തര നടപടി സ്വീകരിക്കുകയായിരുന്നു. മുറിച്ചെടുത്ത കൊമ്പുകളുടെ ഭാഗം മറയൂരിലുള്ള വനംവകുപ്പിന്റെ സ്‌ട്രോംഗ് റൂമിലേക്ക് മാറ്റും. നീണ്ടുവളഞ്ഞു വരുന്നതിനാൽ നാലാം തവണയാണ് കൊമ്പുകൾ ഭാഗികമായി മുറിച്ചു നീക്കുന്നത്. 2015 സെപ്തംബർ 17 നാണ് ആദ്യം കൊമ്പ് മുറിച്ചത്. 2019ലും 22ലും ഇതേനടപടി തുടർന്നു. റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസർ വി.എസ്.സുഹൈദ്, ഫോറസ്റ്റ് വെറ്റിനറി ഓഫീസർ ഡോ.ജെയ്‌സൺ പി.അച്ചൻകുഞ്ഞ്, ദേവസ്വം ഡെപ്യുട്ടി കമ്മിഷണർ വി.മുരളീധരൻ പിള്ള, അസിസ്റ്റന്റ് കമ്മിഷണർ ഇൻചാർജ് കവിത, എസ്.എഫ്.ഒ കെ.ആർ.ദിലീപ്, ഡി.എഫ്.ആർ.ഒ ടി.എ.റെജിമോൻ, സബ് ഗ്രൂപ്പ് ഓഫീസർ സുഭാഷ്.ബി എന്നിവരുടെ നിരീക്ഷണത്തിലായിരുന്നു കൊമ്പുകൾ മുറിച്ചുമാറ്റൽ നടന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |