SignIn
Kerala Kaumudi Online
Saturday, 18 July 2026 7.58 PM IST

ഇരവിപേരൂരിൽ  നാട്ടുവിളകൾ നശിപ്പിച്ചു ; കൃഷി ഉപേക്ഷിച്ച് കർഷകർ വിളയാടുന്ന കാട്ടുപന്നികൾ

vallamkulam
വള്ളംകുളം കണ്ണാട് നുഴവട്ടത്ത് മാനുവലിൻ്റെ കപ്പ കൃഷി പന്നി നശിപ്പിച്ച നിലയിൽ

തിരുവല്ല: വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളുടെ ശല്യത്തെക്കുറിച്ച് കർഷകർ പരാതി പറഞ്ഞു മടുത്തു. ഇരവിപേരൂർ പഞ്ചായത്തിലെ കർഷകരാണ് കൂട്ടമായെത്തുന്ന പന്നികളുടെ ശല്യത്തിൽ വഴിമുട്ടിയിരിക്കുന്നത്. കഴിഞ്ഞദിവസം രാത്രിയിലും മരച്ചീനിയും തെങ്ങിൻ തൈകളുമെല്ലാം പന്നികൾ കുത്തിമലർത്തിയിട്ടു. വള്ളംകുളം കണ്ണാട് നുഴവട്ടത്ത് മാനുവൽ, ചെങ്ങമണ്ണിൽ സുരേന്ദ്രൻ എന്നിവരുടെ കൃഷിയാണ് നശിപ്പിച്ചത്. വാഴ, മരച്ചീനി, പച്ചക്കറികൾ, കാച്ചിൽ, ചേന, ചേമ്പ്, തെങ്ങിൻ തൈകൾ തുടങ്ങിയവയെല്ലാം കർഷകർക്ക് നഷ്ടമായിട്ടുണ്ട്. കൂട്ടമായെത്തുന്ന പന്നികൾ മണിക്കൂറുകൾക്കുള്ളിൽ വിളകൾ നശിപ്പിക്കുന്നു. വള്ളംകുളം, കണ്ണാട്, തോട്ടഭാഗം, നെല്ലാട്, തോട്ടപ്പുഴ, ഓതറ, മനയ്ക്കച്ചിറ എന്നിവിടങ്ങളിലെ ഇടത്തരം കർഷകർ ഉൽപ്പാദിപ്പിക്കുന്ന വിളകളാണ് പന്നികൾ നശിപ്പിക്കുന്നത്. രണ്ടുവർഷത്തിലേറെയായി പ്രദേശത്ത് പന്നികളുടെ ശല്യം വർദ്ധിച്ചു വരികയാണെന്ന് കർഷകർ പറയുന്നു. വർഷങ്ങളായി കൃഷിചെയ്ത് ഉപജീവനം നടത്തുന്ന കർഷകർക്ക് ഇത് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്. കൃഷിനാശം കാരണം പലരും ഇപ്പോൾ കൃഷി ചെയ്യുന്നില്ല. ബാക്കിയുള്ള കർഷകരും ഉപേക്ഷിക്കേണ്ട സാഹചര്യമാണ്. വനാതിർത്തികളോട് ചേർന്ന പ്രദേശങ്ങൾ കടന്ന് കിലോമീറ്ററുകൾ അകലെയുള്ള കൃഷിയിടങ്ങളിലും കാട്ടുപന്നികൾ സാന്നിദ്ധ്യം ഉറപ്പിച്ചിരിക്കുകയാണ്. കൃഷി നശിപ്പിക്കുന്നതോടൊപ്പം മനുഷ്യജീവനും ഭീഷണിയാകുന്ന സാഹചര്യമാണ് പല സ്ഥലങ്ങളിലും. അതിരാവിലെ നടക്കാൻ പോകുന്നവർക്കും പാൽ, പത്ര വിതരണക്കാർക്കും പന്നികൾ ഭീഷണിയാണ്.

ഷൂട്ടർമാരും വന്നില്ല
മനുഷ്യർക്ക് ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവച്ച് കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകാമെങ്കിലും ഇതുവരെയും ഇരവിപേരൂരിൽ നടപടിയില്ല. രണ്ട് ഷൂട്ടർമാർക്ക് ലൈസൻസ് നൽകിയെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നുണ്ടെങ്കിലും ഭീഷണിയായ പന്നികളെ കൊല്ലാൻ ആരും എത്തിയിട്ടില്ലെന്ന് കർഷകർ പറഞ്ഞു.

................................................................................................

അഞ്ചുതവണ പന്നികൾ കൃഷി നശിപ്പിച്ചിട്ടുണ്ട്. ഉപജീവനമാർഗം ആയതിനാൽ രോഗം വന്നിട്ടും കൃഷി തുടരുന്നു. കാട്ടുപന്നിശല്യം തീർക്കാൻ അധികൃതർ ശക്തമായ നടപടി സ്വീകരിക്കണം.
മാനുവൽ
(കർഷകൻ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL