
പത്തനംതിട്ട : ഭൂമി കണ്ടെത്തിയെങ്കിലും ജില്ലാ കോടതി സമുച്ചയ നിർമ്മാണം ഇനിയും നീളും. ഭരണാനുമതി ആകാത്തതാണ് കാരണം. പി.ഡബ്ല്യു.ഡി ചീഫ് എൻജിനീയറുടെ അനുമതിക്കായുള്ള കാത്തിരിപ്പിലാണ് അധികൃതർ. ഭരണാനുമതി നേടി ടെൻഡർ വിളിച്ചാൽ മാത്രമേ ആദ്യ കടമ്പ കടക്കു. കെട്ടിടത്തിന്റേയും ഇലക്ട്രിക്കൽ , പ്ലംബിംഗ് തുടങ്ങി മറ്റ് എല്ലാജോലികളുടേയും എസ്റ്റിമേറ്റ് തയ്യാറാക്കേണ്ടതുമുണ്ട്. മേലെവെട്ടിപ്രം ഭാഗത്ത് റിംഗ് റോഡിന് അരികിലായി 6 ഏക്കർ സ്ഥലമാണ് കോടതി സമുച്ചയത്തിനായി കണ്ടെത്തിയിരിക്കുന്നത്. വിവിധ കോടതികൾ ഒരേ കെട്ടിടത്തിൽ സ്ഥാപിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
മിനിസിവിൽ സ്റ്റേഷനിൽ നിന്ന് ഉടൻ മാറും
മിനി സിവിൽ സ്റ്റേഷനിലാണ് ജില്ലാകോടതിയുടെ പ്രവർത്തനം. കെട്ടിടത്തിന്റെ ബലക്ഷയം കാരണം കോടതികൾ മറ്റിടങ്ങളിലേക്ക് മാറ്റണമെന്ന കളക്ടറുടെ ഉത്തരവ് വന്നതിനാൽ ക്രിമിനൽ കോടതികൾ പത്തനംതിട്ട ഡി വൈ.എസ്.പി ഓഫീസ് കെട്ടിടത്തിലേക്കും സിവിൽ കോടതികൾ ബി.എസ്.എൻ.എൽ ഓഫീസിലേക്കും മാറ്റി സ്ഥാപിക്കും. രണ്ട് കോടതികളിലും എത്തേണ്ട അഭിഭാഷകർക്ക് രണ്ടിടത്തായുള്ള പ്രവർത്തനം ബുദ്ധിമുട്ടാകും.
2009ൽ : പത്തനംതിട്ട ബാർ അസോസിയേഷന്റെ ആവശ്യം പരിഗണിച്ചാണ് കോടതി സമുച്ചയത്തിന് സർക്കാർ അനുമതി നൽകിയത്.
2021ൽ : വെട്ടിപ്പുറത്ത് 6 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതിന് ആഭ്യന്തര വകുപ്പിൽ നിന്ന് ഭരണാനുമതി ലഭിച്ചു.
2023 മേയിൽ : സ്ഥലം ഏറ്റെടുക്കാനായി ഗസറ്റ് വിജ്ഞാപനം ഇറങ്ങി.
2025 : മേലെവെട്ടിപ്രം ഭാഗത്ത് സ്ഥലം ഏറ്റെടുക്കുന്നതിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയായി.
24 തണ്ടപ്പേരിലുള്ള 6 ഏക്കർ സ്ഥലം 20 കോടി രൂപ ചെലവഴിച്ചാണ് ഏറ്റെടുത്തത്.
കോടതി സമുച്ചയത്തിന് ചെലവിടുന്നത് : 100 കോടി രൂപ
ഭരണാനുമതി ലഭിച്ചാൽ ടെൻഡർ നടപടികൾ ആരംഭിക്കാം. നിലവിലെ സാഹചര്യത്തിൽ കോടതി നിർമ്മാണ പ്രവർത്തനങ്ങൾ മന്ദഗതിയിലാകുന്നത് വലിയ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്.
അഡ്വ.ദിനേശ് നായർ
ബാർ അസോസിയേഷൻ സെക്രട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |