തിരുവല്ല : മഴ കുറഞ്ഞതോടെ നദികളിലെ ജലനിരപ്പ് താഴ്ന്നതിനെ തുടർന്ന് താലൂക്കിലെ ഏഴ് ദുരിതാശ്വാസ ക്യാമ്പുകൾ അടച്ചു. താലൂക്കിന്റെ കിഴക്കൻ മേഖലകളിലെ ക്യാമ്പുകളാണ് ആളുകൾ വീടുകളിലേക്ക് മടങ്ങിയതിനെ തുടർന്ന് ഇന്നലെ വൈകിട്ടോടെ അവസാനിപ്പിച്ചത്. അതേസമയം 97 ക്യാമ്പുകൾ ഇപ്പോഴും തുടരുകയാണ്. 2483 കുടുംബങ്ങളിലെ 7673 പേർ ഇപ്പോഴും ക്യാമ്പുകളിലുണ്ട്. അതിഥി തൊഴിലാളികളും ഭിന്നശേഷിയുള്ളവരും ഗർഭിണികളുമെല്ലാം ക്യാമ്പുകളിലെ പരിമിതമായ സൗകര്യങ്ങളിൽ കഴിയുന്നു. ഇതിനിടെ റെഡ് അലർട്ട് പ്രഖ്യാപനം കൂടുതൽ ആളുകളെ ആശങ്കയിലാക്കി. ക്യാമ്പുകളിൽ നിന്ന് വീടുകളിലേക്ക് മടങ്ങാമെന്ന പ്രതീക്ഷകൾക്കിടെ വീണ്ടും ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പ് എത്തിയത്. മഴകുറഞ്ഞു വെള്ളം ഇറങ്ങി തുടങ്ങിയെങ്കിലും അപ്പർകുട്ടനാടൻ മേഖലയിലെ പഞ്ചായത്തുകളിൽ വെള്ളപ്പൊക്കത്തിന്റെ കെടുതികൾ തുടരുകയാണ്. ഗ്രാമീണ റോഡുകൾ വെള്ളത്തിനടിയിൽ തുടരുന്നതിനാൽ ഗതാഗതം മുടങ്ങിയിട്ട് ഒരാഴ്ചയാകുന്നു. ഇതുകാരണം രോഗികളെ ആശുപത്രിയിൽ എത്തിക്കാനും കിടപ്പ് രോഗികൾക്ക് സാന്ത്വനം നൽകാനുമൊക്കെ കഴിയുന്നില്ല. മരണപ്പെട്ടവരുടെ സംസ്കാരം നടത്താൻ പോലും ആളുകൾ ബുദ്ധിമുട്ടുകയാണ്.
വെള്ളം ഇറങ്ങി തുടങ്ങിയതോടെ നാടെങ്ങും ശുചീകരണ പ്രവർത്തനങ്ങൾ തകൃതിയായിട്ടുണ്ട്. ഉരുൾപൊട്ടി ഒഴുക്കിയെത്തിയ ചെളിവെള്ളം വീടുകളിൽ അടിഞ്ഞുകൂടിയത് നീക്കുന്നത് ശ്രമകരമായ ജോലിയാണ്. ക്യാമ്പുകളിൽ കഴിയുന്നവർ പകൽനേരങ്ങളിൽ വീടുകളിലെത്തി ശുചീകരണം നടത്തുന്നുണ്ട്. ചില സാമൂഹ്യ സംഘടനകളും ശുചീകരണത്തിന് സന്നദ്ധമായി രംഗത്തെത്തിയിട്ടുണ്ട്. സർക്കാർ ഓഫീസുകളും ആരോഗ്യകേന്ദ്രങ്ങളുമൊക്കെ അവർ ശുചീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |