കോഴഞ്ചേരി : കോഴഞ്ചേരിയിലെ ഗതാഗത കുരുക്കിന് ഇനിയും പരിഹാരമില്ല. മാരാമൺ കൺവെൻഷനും ചെറുകോൽപ്പുഴ ഹിന്ദുമതപരിഷത്തിനും ആറന്മുള ഉത്രട്ടാതി ജലമേള നടക്കുന്ന പട്ടണമായിട്ടും ടൗണിൽ നേരിടുന്ന ഗതാഗത കുരുക്കിന് കൃത്യമായ പരിഹാര മാർഗം കണ്ടെത്താൻ അധികാരികൾക്കായില്ല. ആംബുലൻസ് സർവീസ് ഉൾപ്പടെ മണിക്കൂറുകളോളം ഗതാഗത കുരുക്കിൽ അകപ്പെടുക പതിവാണ്. എം.സി റോഡിനേയും പുനലൂർ - മൂവാറ്റുപുഴ റോഡിനേയും ബന്ധിപ്പിക്കുന്ന തിരുവല്ല - കുമ്പഴ റോഡിന്റെ ഭാഗം കൂടിയായ കോഴഞ്ചേരി പാലത്തിലുണ്ടാകുന്ന വാഹനത്തിരക്ക് പലപ്പോഴും ഗതാഗത കുരുക്കിന് കാരണമാകുന്നു എന്ന കണ്ടെത്തെലിന്റെ ഭാഗമായി പുതിയ സമാന്തര പാലം നിർമ്മണം തുടങ്ങി 7 വർഷം കഴിഞ്ഞിട്ടും ഗതാഗതയോഗ്യമായിട്ടില്ല. നിർമ്മാണം പൂർത്തിയാകാത്ത ഈ പാലത്തിന്റെ ഉദ്ഘാടനം നടത്താൻ അന്നത്തെ മന്ത്രി വീണാ ജോർജ് നിശ്ചയിച്ചത് ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. അപ്രോച്ച് റോഡിന്റെ നിർമ്മാണം ഇനിയും പൂർത്തിയായില്ല. പെയിന്റിംഗ് ജോലികളും വൈദ്യുതീകരണ ജോലികളും പൂർത്തിയായിട്ടില്ല. ഈ പാലത്തിന്റെ നിർമ്മാണം ടൗണിൽ തന്നെ നടപ്പാക്കിയതിലൂടെ ഗതാഗത തിരക്ക് കുറയ്ക്കാനോ ടൗണിന്റെ വിസ്തൃതി വർദ്ധിപ്പിച്ച് വികസന സാദ്ധ്യത വർദ്ധിപ്പിക്കാനോ സാധിക്കാതെ പോയെന്ന ആരോപണം ശക്തമാണ്. ബൈപാസ് റോഡിലുള്ള പാലമായി ടൗണിന് പുറത്ത് പാലം പണിയുകയായിരുന്നു കാരണം. നിലവിൽ ടി.കെ റോഡിൽ നെടുമ്പ്രയാർ ജംഗ്ഷന് സമീപം കുണ്ടും കുഴിയുമായി താറുമാറായതും ഗതാഗത കുരുക്കിന് കാരണമാകുന്നുണ്ട്. കോഴഞ്ചേരി ടൗണിലെ ഗതാഗത കുരുക്കിന് അടിയന്തര പരിഹാരം ഉണ്ടാകണമെന്ന് കോഴഞ്ചേരിയിലെ വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യം ശക്തമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |