തിരുവല്ല : മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ രണ്ടുപേർ അറസ്‌റ്റിലായി. ഇരവിപേരൂർ ചിറയിൽ ജോജോ ജോൺ ഏബ്രഹാം (36), ഇരവിപേരൂർ കുടമലയിൽ വൈശാഖ് ബാബു (29 ) എന്നിവരാണ് പിടിയിലായത്. ഇരവിപേരൂർ തോട്ടപ്പുഴ കുളക്കാട്ടിൽ താഴെകാലായിൽ വീട്ടിൽ ജോൺ വർഗീസിസ് - ലിസി ദമ്പതികളുടെ മകൻ ജൂവൽ (35) ആണ് മരിച്ചത്. ഇരവിപേരൂരിലെ സ്വകാര്യ സ്‌കൂളിന് സമീപം ഞായറാഴ്‌ച രാവിലെ 11ന് ജോജോയുടെ വീട്ടിലായിരുന്നു സംഭവം. ജൂവലും കൂട്ടുകാരായ ജോജോ ജോണും വൈശാഖും കിണറ്റിൻകരയിൽ സംസാരിച്ചു നിൽക്കുന്നതിനിടെ തർക്കമുണ്ടായി. മദ്യലഹരിയിൽ പിടിച്ചുതള്ളുന്നതിനിടെ ജൂവലും ജോജോയും കിണറ്റിൽ വീഴുകയായിരുന്നെന്ന് തിരുവല്ല പൊലീസ് പറഞ്ഞു. കിണറ്റിൽ വീണ വിവരം വൈശാഖ് ആണ് അഗ്നിരക്ഷാസേനയെ അറിയിച്ചത്. ഇവർ എത്തിയപ്പോഴേക്കും ജോജോ കരയ്ക്ക് കയറിയിരുന്നു. ജൂവലിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കിണറിന്റെ കെട്ടിൽ ഇരിക്കുമ്പോൾ വീണെന്നാണ് ജോജോ ആദ്യം നൽകിയ മൊഴി. എന്നാൽ പൊലീസ് ഇത് വിശ്വസിച്ചില്ല. തുടർന്ന് ജോജോയെ കസ്‌റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് സംഭവം വെളിപ്പെട്ടത്. സംഭവത്തിനുശേഷം സ്ഥലത്തുനിന്ന് മുങ്ങിയ വൈശാഖിനെയും പിന്നീട് പൊലീസ് പിടികൂടി. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |