SignIn
Kerala Kaumudi Online
Monday, 21 September 2026 7.14 PM IST

നാരങ്ങാനത്ത് സി.പി.എം യു.ഡി.എഫിനെ തുണച്ചു, ബി.ജെ.പിക്ക് ഭരണം നഷ്ടമായി

പത്തനംതിട്ട: യു.ഡി.എഫിനെ സി.പി.എം അംഗം പിന്തുണച്ചതിനെ തുടർന്ന് നാരങ്ങാനം പഞ്ചായത്തിൽ ബി.ജെ.പിക്ക് ഭരണം നഷ്ടമായി. ബി.ജെ.പി ഭരണത്തിനെതിരായ അവിശ്വാസ പ്രമേയം വിജയിച്ചതോടെ ഇന്നലെ നടന്ന പ്രസിഡന്റ് തിരഞ്ഞെട‌ുപ്പിൽ കോൺഗ്രസിലെ വി.പി മനോജ് കുമാർ പ്രസിഡന്റായി . സി.പി.എം അംഗം ഷീജാമോളുടെ വോട്ടിന്റെ പിൻബലത്തിലാണ് കോൺഗ്രസിന് ഭരണം ലഭിച്ചത്. പാർട്ടി നയത്തിന് വിരുദ്ധമായി കോൺഗ്രസിന് വോട്ടു ചെയ്ത ഷീജാമോളെ പിന്നീട് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. യു.ഡി.എഫ് ആറ്, എൻ.ഡി.എ ആറ്, എൽ.ഡി.എഫ് രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. എൽ.ഡി.എഫിലെ രണ്ട് അംഗങ്ങളും സി.പി.എമ്മുകാരാണ്. പാർട്ടി വിപ്പ് നൽകിയിരുന്നില്ലെങ്കിലും തിരഞ്ഞെടുപ്പിൽ പങ്കെടുക്കേണ്ടന്നായിരുന്നു വാക്കാലുള്ള നിർദ്ദേശം. മറ്റൊരു അംഗമായ എബ്രഹാം തോമസ് തിരഞ്ഞെടുപ്പിൽ പങ്കെടുക്കാതെ മാറി നിന്നപ്പോൾ ഷീജാമോൾ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യുകയായിരുന്നു. ഇതോടെ യു.ഡി.എഫിന് ഏഴ് വോട്ടുകൾ ലഭിച്ചു. എതിർ സ്ഥാനാർത്ഥിയായ മുൻ പ്രസിഡന്റ് വി.ബി പ്രസാദിന് ആറ് വോട്ടുകൾ ലഭിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനും എൻ.ഡി.എയ്ക്കും തുല്യ സീറ്റുകൾ ലഭിച്ചതിനെ തുടർന്ന് നറുക്കെടുപ്പിലൂടെ ബി.ജെ.പിയിലെ വി.ബി പ്രസാദ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനം കോൺഗ്രസിനും ലഭിച്ചു. ആറ് മാസത്തെ ഭരണത്തിനു ശേഷം പ്രസിഡന്റിനെതിരെ യു.ഡി.എഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയം എൽ.ഡി.എഫ് പിന്തുണയോടെ വിജയിച്ചിരുന്നു. വൈസ് പ്രസിഡന്റിനെതിരെ എൻ.ഡി.എ കൊണ്ടുവന്ന അവിശ്വാസ പ്രമേയം എൽ.ഡി.എഫ്, യു.ഡി.എഫ് അംഗങ്ങൾ വിട്ടുനിന്നതിനാൽ ക്വാറം തികയാത്തതുകൊണ്ട് നട‌ന്നില്ല.

പാർട്ടി നയത്തിന് വിരുദ്ധമായി വോട്ടു ചെയ്തതിനാൽ ഷീജാമോളെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി സി.പി.എം ജില്ലാ സെക്രട്ടറി

രാജു ഏബ്രഹാം പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പിലൂടെ എൽ.ഡി.എഫ് - യു.ഡി.എഫ് കൂട്ടുകെട്ട് തെളിഞ്ഞതായി പഞ്ചായത്ത് മുൻ പ്രസിഡന്റ്

വി.ബി പ്രസാദ് പറഞ്ഞു യു.ഡി.എഫ് അധികാരത്തിൽ വന്നതിനാൽ ജനങ്ങൾക്ക് സുരക്ഷിത ഭരണം ലഭിക്കുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി.പി. മോഹൻരാജ്,പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL